Image

ഡൊണാള്‍ഡ് ട്രമ്പ് പരാജയപ്പെട്ടില്ല (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 02 March, 2019
ഡൊണാള്‍ഡ് ട്രമ്പ് പരാജയപ്പെട്ടില്ല (എബ്രഹാം തോമസ്)
വാഷിംഗ്ടണ്‍ : ഈയാഴ്ച കൂടുതല്‍ പ്രശ്‌നങ്ങളെയും സങ്കീര്‍ണ്ണതകളെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് നേരിടേണ്ടി വന്നു. തന്റെ മുന്‍ 'ഫിക്‌സര്‍' മൈക്കേല്‍ കോഹന്‍ അന്വേഷണ കമ്മീഷന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകള്‍ ട്രമ്പിന്റെ വിശ്വാസ്യത വല്ലാതെ ചോദ്യം ചെയ്തു. എന്നാല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും ട്രമ്പും റഷ്യയുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം ശക്തിപ്പെടുത്തുന്നതായിരുന്നില്ല. ട്രമ്പിന് ആശ്വാസമാകേണ്ട സംഭവ വികാസമാണിത്.

അണുവായുധങ്ങള്‍ ദുര്‍ബലമാക്കാന്‍ നോര്‍ത്ത് കൊറിയയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ച വിജയിച്ചില്ല. നോര്‍ത്ത് കൊറിയന്‍ നേതാവും കിം ജോംഗ് ഉന്നുമായി വിയറ്റ്‌നാമില്‍ മുഖാമുഖ ചര്‍ച്ച നടത്തിയതിന് ലോകം മുഴുവന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ വടക്കന്‍ കൊറിയ മുന്നോട്ടു വച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ല എന്ന നിലപാടില്‍ ട്രമ്പ് ഉറച്ചു നിന്നു. ഇരു രാഷ്ട്രങ്ങളും കരാറില്‍ ഒപ്പു വയ്ക്കാതെ ഉന്നതതല കൂടിക്കാഴ്ച അവസാനിച്ചു. ലോകസുരക്ഷയെ മുഴുവന്‍ വെല്ലുവിളിക്കുന്നതാണ് ഉത്തരകൊറിയയുടെ അണുവായുധ പദ്ധതികള്‍. ഇവ റദ്ദാക്കുന്നതിന് കിമ്മിന്റെ വാഗ്ദാനം നേടുന്നതില്‍ ട്രമ്പ് വിജയിച്ചില്ല. എന്നാല്‍ കിം ആവശ്യപ്പെട്ടത് പോലെ ഒരു കരാറില്‍ ഒപ്പ് വയ്ക്കാതെ മടങ്ങിയ നടപടി മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു.

അമേരിക്കയില്‍ സാധാരണ നടക്കുന്ന ചര്‍ച്ചകള്‍ തന്നോടുള്ള കൂറിന്റെ പ്രതിഫലനമാക്കി മാറ്റാന്‍ ട്രമ്പ് ശ്രമിക്കാറുണ്ട്. റഷ്യന്‍ ഇടപെടല്‍, എക്‌സിക്യൂട്ടീവ് അധികാര പരിധി മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങളിലെ നായിക നാവടയ്ക്കാന്‍ പണം നല്‍കിയത് നിയമ വിരുദ്ധമാണോ എന്നചോദ്യം വരെ ഡിബേറ്റ് ചെയ്യപ്പെടുന്നു. ഈ ഡിബേറ്റുകളില്‍ ഒന്നുകില്‍ നിങ്ങള്‍ ട്രമ്പിനൊപ്പമാണ്, അല്ലെങ്കില്‍ മറുവശത്താണ് എന്നാണഅ ട്രമ്പിന്റെ നിലപാട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രമ്പിനെ പരസ്യമായി കുറ്റപ്പെടുത്തുകയും തിരസ്‌കരിക്കുകയും ചെയ്ത പല റിപ്പബ്ലിക്കന്‍ നേതാക്കളും ഇപ്പോള്‍ ട്രമ്പിനോട് കൂറ് പുലര്‍ത്തുന്നതായി പരസ്യമായി പറയുന്നു.
ജനപ്രതിനിധി സഭ ട്രമ്പിന്റെ അടിയന്തിരാവസ്ഥ പ്രഖ്യാപനം നിരാകരിച്ചു. സെനറ്റും ഇത് ആവര്‍ത്തിച്ചേക്കും. 6 സെനറ്റര്‍മാര്‍ ട്രമ്പിനെ അനുകൂലിച്ചേക്കില്ല. എന്നാല്‍ ജനപ്രതിനിധി സഭയില്‍ ട്രമ്പിന് അതിര്‍ത്തി മതിലിന് പണം നല്‍കില്ല എന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞപ്പോള്‍ അത് ട്രമ്പിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് നോര്‍ത്ത് കാരലൈനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മാര്‍ക്ക് മെഡോസ് പ്രതികരിച്ചു. ഇതേ പ്രതികരണമാണ് സെനറ്റിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നടത്തിയത്.

കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സി(സിപിഎസി)ല്‍ വൈസ് പ്രസിഡന്റ്  മൈക്ക്  പെന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുന്ന വ്യക്തിയുമായ ബേണി സാന്‍ഡേഴ്‌സ് സ്വയം പ്രഖ്യാപിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ സാന്‍ഡേഴ്‌സിനെയാണഅ പിന്തുടരുന്നത്. മെഡി കെയര്‍ ഫോര്‍ ഓള്‍, ന്യൂഗ്രീന്‍ ഡീല്‍ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ സോഷ്യലിസം കൊണ്ടു വരികയാണ് അവരുടെ ലക്ഷ്യം. അമേരിക്ക ഒരു സോഷ്യലിസ്റ്റ് രാജ്യമാകുന്ന നിമിഷം അമേരിക്ക അല്ലാതെയാകും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രൊലൈഫ് പ്രസിഡന്റാണ് ട്രമ്പ്. മതപരമായ സ്വാതന്ത്ര്യത്തിന്റെ വക്താവാണ് ട്രമ്പ്. മതസ്വാതന്ത്ര്യം ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്, പെന്‍സ് പറഞ്ഞു. പെന്‍സിന്റെ ഭാര്യ കാരന്‍പെന്‍സ് സ്വവര്‍ഗാനുരാഗികളായ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിലക്കുന്ന സ്‌ക്കൂളില്‍ അദ്ധ്യാപികയായി വീണ്ടും സേവനം ആരംഭിച്ചത് വിവാദമായിരുന്നു.


ഡൊണാള്‍ഡ് ട്രമ്പ് പരാജയപ്പെട്ടില്ല (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക