Image

ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ കഴിയില്ല, പറയേണ്ടത് സര്‍ക്കാരെന്ന് വ്യോമസേനാ മേധാവി

Published on 04 March, 2019
ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ കഴിയില്ല, പറയേണ്ടത് സര്‍ക്കാരെന്ന് വ്യോമസേനാ മേധാവി

കോയമ്ബത്തൂര്‍: ബാലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണം വിജയമാണെന്ന് വ്യോമസേന മേധാവി ബിഎസ് ദനോവ. ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയാനാകില്ല. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ വ്യോമസേനയ്ക്ക് കഴിയില്ലെന്നും അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാവുമെന്നും വ്യോമസേന മേധാവി പ്രതികരിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്ത് വിടേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടി ലക്ഷ്യം കണ്ടതുകൊണ്ടാണല്ലോ പാകിസ്താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ആക്രമണത്തിന് ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുണ്ടോയെന്ന കാര്യത്തില്‍ രാജ്യാന്തര മാധ്യമങ്ങളടക്കം സംശയം പ്രകടിപ്പിച്ചിരുന്നു.

ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതാദ്യമായാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം ബിജെപി ഔദ്യോഗികമായി പറഞ്ഞത്. എത്ര പേര്‍ മരിച്ചുവെന്നതല്ല തിരിച്ചടിക്കുമെന്ന സന്ദേശം ശത്രുവിന് നല്‍കാനായാതാണ് പ്രധാനമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എസ്‌എസ് ആലുവാലിയയും പ്രതികരിച്ചതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തില്‍ സംശയം ബലപ്പെട്ടിരുന്നു. കൃത്യമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മിഗ് വിമാനങ്ങളുടെ ശേഷിയേക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു ഓപ്പറേഷനില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കാം. എന്നാല്‍‌ ശത്രു ആക്രമിക്കാനായി അതിര്‍ത്തിയില്‍ എത്തി നില്‍ക്കുമ്ബോള്‍ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക