Image

ഡോ.എസ്.എസ്.ലാലിന്റെ ' ടിറ്റോണി': കാലത്തിനു മുമ്പില്‍ നിസ്സാരരാകുന്ന മനുഷ്യരുടെ കഥകള്‍ (രമ .കെ. നായര്‍)

Published on 04 March, 2019
ഡോ.എസ്.എസ്.ലാലിന്റെ  ' ടിറ്റോണി': കാലത്തിനു മുമ്പില്‍ നിസ്സാരരാകുന്ന മനുഷ്യരുടെ കഥകള്‍ (രമ .കെ. നായര്‍)
ജീവിതം ഒരാളെ പല വഴികളിലൂടെ നടത്തിക്കും.
ലക്ഷ്യസ്ഥാനത്തെത്താറാകുമ്പോള്‍ ആയിരിക്കും വേറൊരു വഴിപ്പിരിവിലേക്ക് തിരിയാന്‍ തോന്നുക.
വീണ്ടും വേറൊരു വളവില്‍ മറ്റൊരു പിരിവ് കാത്തിരിപ്പുണ്ടാകും ആ പാതയിലേക്ക് നയിക്കാനായി. ഇങ്ങനെ അധികംപേര്‍ യാത്ര ചെയ്യാത്ത പല പല ഇടവഴികളിലൂടെ നടന്ന ഒരാളാണ് ഡോ.എസ്.എസ്.ലാല്‍.രാഷ്ട്രീയം, എഴുത്ത്, പ്രസംഗം, ഫൊട്ടോഗ്രഫി 'ആങ്കറിംഗ്, തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ തന്റേതായ ഇടം കണ്ടു പിടിച്ച ഒരു ഭിഷഗ്വരനാണ് ഡോ.ലാല്‍.
അദ്ദേഹം പലപ്പോഴായി എഴുതിയകഥകളുടെ സമാഹാരമാണ്
' ടിറ്റോണി'.

ഒറ്റയിരിപ്പില്‍ സുഗമമായി വായിച്ചു പോകാവുന്ന ലളിതമനോഹരമായ കഥകളാണ് ഓരോന്നും, എന്നാല്‍ ചിന്തോദ്ദീപകങ്ങളായ കഥാതന്തുക്കള്‍
ഇതിലെ കഥാപാത്രങ്ങളെ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വരച്ചിടുമെന്നത് തീര്‍ച്ച.

നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിട്ടുള്ള കഥകളും, വേദന പൊടിയുന്ന കഥകളും സമാഹാരത്തിലുണ്ട്.
സ്വപ്ന സംബന്ധിയായ ഇതിവൃത്തങ്ങള്‍ മിക്ക കഥയിലും ഇഴപിരിഞ്ഞു കാണാം.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴങ്ങളെ കുറിച്ചാണ് നാരായവേരുകള്‍ എന്ന ആദ്യ കഥ .പ്രായോഗികതയില്‍ ഊന്നിയ കാഴ്ചപ്പാടുകള്‍ കൈമുതലായ അച്ഛന് ഒരു കാലത്ത് മകന്‍ സ്വപ്നം കാണുന്നത് ഇഷ്ടമല്ലായിരുന്നു. ഉറക്കം കെടുത്തുന്ന സ്വപ്ന ഭംഗങ്ങളോട് അച്ഛന് കടുത്ത എതിര്‍പ്പായിരുന്നു. പിന്നീട്, കാലങ്ങള്‍ക്കിപ്പുറം മകന്റെ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തുന്നഅച്ഛനെ തന്റെ സ്വപ്നങ്ങളുടെ കാവലാളായി മകന്‍ തിരിച്ചറിയുന്ന ചാരു സുന്ദരമായ മുഹൂര്‍ത്തം കണ്‍കോണില്‍ നനവുണര്‍ത്തുന്നുണ്ട്.

ഈ കഥാസമാഹാരത്തിലെ
ഏറ്റവും മികച്ച കഥ ടിറ്റോണി തന്നെയാണ്.കഥയെന്നതിനേക്കാള്‍ ലേഖനമെന്നു തന്നെയാണ് ടിറ്റോണിയെ വിലയിരുത്തേണ്ടത്.ഇതിലെ വരികളില്‍
സമയത്തെക്കുറിച്ച് ബോധ്യമില്ലാത്ത കാലം ,സമയത്തിനൊപ്പം നടന്ന കാലം, സമയത്തെ പിന്നിലാക്കിയ കാലം, എന്നിങ്ങനെ ദാര്‍ശനികതയുടെ കണ്ണിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ഭാവമാണ് എഴുത്തുകാരന്. ആത്മകഥാംശമുള്ള ഈ എഴുത്തില്‍ അനന്തമായ കാലത്തിനു മുമ്പില്‍ നിസ്സാരരാകുന്ന മനുഷ്യരെ കാണാം. സമയത്തിന്റെ നിലയ്ക്കാത്ത ചക്രം, ആ തേരുരുളില്‍ അരഞ്ഞു തീരാത്തതൊന്നുമില്ലല്ലോ.

''മണമുള്ള ഉടുപ്പുകള്‍ ' വ്യത്യസ്ഥമായ ഒരു കഥയാണ് .കഥാകാരന്റെ പ്രതിഭയുടെ മിന്നലാട്ടം ഉടനീളം തെളിഞ്ഞു ദൃശ്യമാവുന്നുണ്ട്. തീവ്രമായ കഥാതന്തുവാണിതിന്റേത്. ദാരിദ്ര്യം ഒരു കുറ്റമായി കാണുന്ന മധ്യവര്‍ഗ്ഗത്തിന്റെ മുന്‍കൂര്‍ ധാരണങ്ങള്‍ അപ്പാടെ സ്‌നേഹം കൊണ്ട് മാറ്റിയെഴുതുന്ന തീരെ ചെറിയ ജീവിതങ്ങളുടെ പ്രതിനിധിയായ ബിദിഷ ഒരു നോവായി വായനക്കാരന്റെ മനസ്സില്‍ ഇടം പിടിയ്ക്കും.

'ഋതുക്കള്‍ ആര്‍ക്കു വേണ്ടി ' എന്ന രചനയും ആഖ്യാനത്തികവില്‍ മികച്ചു നില്‍ക്കുന്നു. ഋതുഭേദങ്ങള്‍ സമ്പന്നര്‍ക്കു മാത്രമാണെന്നും പാവങ്ങള്‍ക്ക് കഷ്ടകാലമെന്ന ഒരു കാലം മാത്രമേയുള്ളൂ എന്നും അവര്‍ക്ക് ചത്തൊടുങ്ങാനായാണ് ഋതുക്കള്‍ മാറുന്നതെന്നും പണ്ഡിതനോട് ഭയലേശമെന്യെ പറയുന്ന ഭിക്ഷക്കാരന്‍ തോത്താറാമിനെ ഏതോ വഴിയോരത്ത് ഏതോ ട്രാഫിക് സിഗ്‌നലില്‍ നിങ്ങളും കണ്ടുമുട്ടിക്കാണും.

ഈ കഥാസമാഹാരത്തിലെ ഏറ്റവും നീണ്ടകഥ
'അരഡോക്ടറും മരണഭീഷണിയും ' എന്നതാണ്.
ഒരു വൈദ്യ വിദ്യാര്‍ത്ഥി ഏറ്റവും ഭയപ്പെടുന്ന ചില സംഭവങ്ങളുടെ യഥാതഥവും എന്നാല്‍ നര്‍മ്മം പൂശിയതുമായ അവതരണമാണ് ഈ കഥയെ
അസ്വാദ്യകരമാക്കുന്നത്. പൊതുജനത്തിന്റെ, രാഷ്ട്രീയക്കാരന്റെ, സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ എല്ലാം നേര്‍ചിത്രങ്ങളാണ് നമ്മുടെ മുമ്പില്‍ നിവരുന്നത്.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ കണ്ട പല രംഗങ്ങളും ഈ ചെറു കഥകളില്‍ പുനരാഖ്യാനം ' ചെയ്യപ്പെടുന്നുണ്ട്.
അപകടത്തില്‍ മരിച്ച യുവതിയുടെ ദൃശ്യവും അനാഥമായിക്കിടക്കുന്ന പാല്‍ക്കുപ്പിയും ഒരായിരം വാക്കുകള്‍ക്കു പകരമായി നില്‍ക്കുന്നു.
വേദനിച്ചു കൊണ്ട് ചിരിപ്പിക്കുന്ന കഥകളാണ് ഡോ.ലാലിന്റേത് എന്ന് അവതാരികയില്‍ ശ്രീ.സി.രാധാകൃഷ്ണന്‍ എഴുതിയത് തികച്ചും ശരിയാണ്.'.ഭാസുരാംഗന്‍ മരിക്കുമോ, എന്ന കഥ തികഞ്ഞ ഉദാഹരണം.എന്നാല്‍ വരിതെറ്റിപ്പോയവര്‍ എന്ന കഥയില്‍ ഈ കണ്ണീര്‍ ചിരി കാണാനേയില്ല.
വായനക്കാരെ ആകര്‍ഷിക്കാനായുള്ള തന്ത്രങ്ങളോ, ചെപ്പടിവിദ്യകളോ എഴുത്തില്‍ ഒരിടത്തും അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരു രംഗമോ, ഒരു വാക്കോ പോലും അമാന്യമായി വായനക്കാരന് തോന്നുകയില്ല. ഡോ. ലാലിന്റെ വായനക്കാര്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.
ഡോ.എസ്.എസ്.ലാലിന്റെ  ' ടിറ്റോണി': കാലത്തിനു മുമ്പില്‍ നിസ്സാരരാകുന്ന മനുഷ്യരുടെ കഥകള്‍ (രമ .കെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക