Image

ഋതുഭേദങ്ങള്‍ (രമ പ്രസന്ന പിഷാരടി)

Published on 04 March, 2019
ഋതുഭേദങ്ങള്‍ (രമ പ്രസന്ന പിഷാരടി)
മുഖത്തിനെന്തിനാണൊരു മുഖം മൂടി
എഴുത്തിനെന്തിനാണൊരു  പുകമറ?
കടുത്ത കാലത്തിലിതേ പോലെ ഫണ
മുയര്‍ത്തി വന്നീടും നിഴലുകള്‍ ചുറ്റും
മിഴികളില്‍ വന്നു മഴ പൊഴിയലിന്‍
കഥകളുണ്ടത് പഴയ ശീലങ്ങള്‍
ഇനി വരുന്നവര്‍ ഇനിയെഴുതുവോര്‍
വരികളില്‍ കടല്‍ത്തിരയുയര്‍ത്തുവോര്‍
വഴികളിലാകെ, ചിദംബരസന്ധ്യാ
പ്രകാശവും, വാദ്യപ്രകമ്പനങ്ങളും.

നിഴലെഴുത്തുകള്‍ തുടരെഴുത്തുകള്‍
മുഴുവനാക്കാത്തൊരപൂര്‍ണ്ണസന്ധികള്‍
കഥകളിലൊരു കനലൊളിയിട്ട്
കരിഞ്ഞ സംഗീതമപസ്വരമായി
പ്പടരവെ, പണ്ടേ പടിയിറക്കിയ
കുടിപ്പക വീണ്ടും കുലം മുടിക്കവെ,
മുഖമൊന്നില്‍ നിന്ന്  മുറിഞ്ഞടര്‍ന്നൊരു
മുഖപടം മുന്നിലഴിഞ്ഞു വീഴുന്നു
സ്വരങ്ങള്‍ തെറ്റിയിട്ടിരുളുമായ് ചേര്‍ന്ന
വരികളങ്ങിങ്ങ് ചിതറിവീഴുന്നു..

പ്രകൃതി കാണുന്ന പ്രപഞ്ചമാകവെ
കവിതയാകുന്ന  സമുദ്രതീരത്തില്‍
വരുന്നതാ സന്ധ്യാവിളക്കുമായ്  മിന്നി
ത്തിളങ്ങിയാടുന്ന ചെറിയ താരങ്ങള്‍
വഴിയിലെങ്ങുമേ വസന്തമല്ലികാ
സുഗന്ധവും, ഭൂവിന്‍ ഭ്രമണപാതയും
അപരാഹ്നസൂര്യന്‍ മറന്നിട്ട  സ്വര്‍ണ്ണ
ത്തരിയില്‍ നിന്നൊരു ചിരിയുണരുന്നു
ഋതുക്കളെന്നുമേ ഭ്രമങ്ങളില്ലാത്തോര്‍
പഴക്കമില്ലാത്തോര്‍  പതിയെ നീങ്ങുവോര്‍.
   

Join WhatsApp News
S RAJAGOPAL 2019-03-05 19:27:03
ആരുടെയൊക്കെയോ സ്തുതിപാഠ കാരായ മുഖംമൂടി  വച്ച എഴുത്തുകാർ എങ്ങുമുള്ള  ഇക്കാലത്ത് തികച്ചും പ്രസക്തമായ വരികൾ . താങ്കളെപ്പോലെ പുകമറയില്ലാതെ എഴുതാൻ എല്ലാവര്ക്കും കഴിയുന്ന കാലം വരട്ടെ .
മീൻ‌പിടിത്തം 2019-03-05 20:49:05
കവിത എന്നത് കടൽ‌ത്തീരത്തെ സായാഹ്നസവാരിയല്ല, ആഴക്കടലിലെ മീൻ‌പിടിത്തമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക