Image

ജോസഫിന്റെ കടുംപിടിത്തം, പിന്നില്‍ കോണ്‍ഗ്രസ് ഉന്നതനെന്ന് മാണി ക്യാമ്ബില്‍ ആക്ഷേപം

Published on 05 March, 2019
ജോസഫിന്റെ കടുംപിടിത്തം, പിന്നില്‍ കോണ്‍ഗ്രസ് ഉന്നതനെന്ന് മാണി ക്യാമ്ബില്‍ ആക്ഷേപം

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ്- മാണി ഗ്രൂപ്പില്‍ ഉടലെടുത്ത കലാപത്തിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു ഉന്നതനെ സംശയിച്ച്‌ മാണി ക്യാമ്ബ്. കോണ്‍ഗ്രസിലെ ഒരു പ്രബല ഗ്രൂപ്പിന്റെ താല്പര്യത്തിനായി ഉന്നത പദവയിലിരിക്കുന്ന പാര്‍ട്ടി ഉന്നതനാണ് പി.ജെ. ജോസഫിനെ കുത്തിയിളക്കി കളത്തിലിറക്കിയിരിക്കുന്നത് എന്നാണ് മാണി ക്യാമ്ബിന്റെ ആക്ഷേപം. കെ.എം. മാണിക്കുതന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉന്നതനോട് ശക്തമായ അമര്‍ഷമുണ്ടെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം.

കോണ്‍ഗ്രസിലെ രാഷ്ട്രീയക്കളിക്ക് മാണി ഗ്രൂപ്പിനെ കരുവാക്കിയെന്നതാണ് കെ.എം. മാണിയെയും മാണി ക്യാമ്ബിനെയും ചൊടിപ്പിച്ചിരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുമ്ബോഴും ഈ ഉന്നതനോടുള്ള നീരസം ഉള്ളിലടക്കിപ്പിടിച്ചാണ് മാണി നീങ്ങുന്നതെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിനകത്തെ ഉന്നതന്റെ കളികള്‍ ആ പാര്‍ട്ടിക്കകത്തും മുന്നണിയിലും സജീവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കൊച്ചിയില്‍ സീറ്റ് വിഭജനത്തിനായി കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ അഭാവം ചര്‍ച്ചയായിരുന്നു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അദ്ദേഹം, അവിടെ ഒഴിവാക്കാനാവാത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വിട്ടു നിന്നെന്നാണ് വിശദീകരണം. എന്നാല്‍, അതിനെയും മുന്നണിക്കകത്തെ പുതിയ ചേരിതിരിവുകളെയും ചിലര്‍ കൂട്ടിവായിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് കിട്ടിയേ മതിയാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാണി ഗ്രൂപ്പ്. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ ആണ് ലക്ഷ്യം. പി.ജെ. ജോസഫിന്റെ പിടിവാശിയാണ് കാരണം. കോണ്‍ഗ്രസ് ആകട്ടെ രണ്ടാമതൊരു സീറ്റ് അനുവദിക്കാനാവില്ലെന്ന നിലപാടിലുമാണ്. ഒരു സീറ്റ് കൂടി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്ര് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. കോട്ടയവും ഇടുക്കിയും വച്ചുമാറാമെന്ന ഫോര്‍മുല ചിലര്‍ ഉയര്‍ത്തുന്നെങ്കിലും മാണി അതിനോട് അനുകൂലമല്ല. അതേസമയം, കെ.എം. മാണി ഇതിനെ അനുകൂലിക്കാത്തതിന് പിന്നിലും കോണ്‍ഗ്രസിനകത്തെ ചിലരുടെ കളികള്‍ അറിഞ്ഞതുകൊണ്ടാണെന്ന് സംസാരമുണ്ട്.

കോട്ടയമാണ് മാണി ഗ്രൂപ്പിന് അനുവദിച്ചുവരുന്ന സീറ്റ്. കോട്ടയമായാലും ഇടുക്കിയായാലും താന്‍ മത്സരിച്ചോളാമെന്ന് ജോസഫ് ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാവില്ലെന്നാണ് മാണിയുടെ നിലപാട്.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ നില്‍ക്കെ, ഇന്ന് വീണ്ടും ആലുവയില്‍ ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക