Image

അനന്തപുരിയുടെ സ്വന്തം ശശി തരൂര്‍; ഇത്തവണ പോരാട്ടം കനക്കും

Published on 05 March, 2019
അനന്തപുരിയുടെ സ്വന്തം ശശി തരൂര്‍; ഇത്തവണ പോരാട്ടം കനക്കും

കേരളത്തെ സംബന്ധിച്ച്‌ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഒരുപോലെ അറിയപ്പെടുന്ന നേതാവാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയിലെ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, മുന്‍കേന്ദ്രമന്ത്രി അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ശശി തരൂരിന്. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്നും രാഷ്ട്രീയത്തിലെ ഭാഗ്യ പരീക്ഷണത്തിന് ശശി തരൂര്‍ ഇറങ്ങുന്നത് 2009ലാണ്.

2009ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ശശി തരൂര്‍ ജനവിധി തേടി. അന്തര്‍ ദേശീയ തലത്തില്‍ തിളങ്ങിയ ശശി തരൂരിന്റെ പ്രതിച്ഛായ അദ്ദേഹത്തിന് മണ്ഡലത്തില്‍ അനായാസ വിജയം സമ്മാനിച്ചു.സിപിഐയുടെ പി രാമചന്ദ്രന്‍ നായര്‍ക്കതിരെ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ കരത്തുറ്റ നേതാവിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. വിവാദങ്ങള്‍ക്കൊപ്പമായിരുന്നു എന്നും ശശി തരൂറിന്റെ യാത്ര. ഐപിഎല്‍ ഇടപാട് മുതല്‍ സുനന്ദാ പുഷ്കറിന്റെ മരണം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശശി തരൂര്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം മറുനാട്ടിലാണ്. കല്‍ക്കട്ടയിലും ബോംബെയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറി. തുടര്‍ന്ന് 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായത് മലയാളികള്‍ക്കും അഭിമാനമാണ്.

2009ലെ കന്നി അംഗത്തില്‍ തന്നെ ലോക്സഭയിലെത്തിയ പ്രഗത്ഭനായ എംപിക്ക് പാര്‍ട്ടി കേന്ദ്ര വിദേശ കാര്യ സഹമന്ത്രിസ്ഥാനം നല്‍കി. എന്നാല്‍ ഐപിഎല്‍ വിവാദങ്ങളെ തുടര്‍ന്ന് 2010ല്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. തുടര്‍ന്ന് വന്ന മന്ത്രിസഭാ പുനസംഘടനയില്‍ തരൂരിന് മന്ത്രി സ്ഥാനം തിരികെ ലഭിച്ചു. മാനവവിഭവശേഷി വകുപ്പ് മന്ത്രിയായി.

2014ല്‍ ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് തിരുവനന്തപുരം പിടിക്കാന്‍ ഇറക്കിയത്. രാജ്യം മുഴുവന്‍ അലയടിച്ച മോദി പ്രഭാവത്തില്‍ വലിയ പ്രതീക്ഷകളോടെ ബിജെപി അക്കുറി ഒ രാജഗോപാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കി. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമും. ഒരു ഘട്ടത്തില്‍ രാജഗോപാല്‍ വിജയച്ചേക്കും എന്ന് പോലും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ, അന്തിമ ഫലം വന്നപ്പോള്‍ ശശി തരൂര്‍ 15,470 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം വട്ടവും തിരുവനന്തപുരത്തിന്റെ എംപിയായി ശശിതരൂര്‍ ലോക്സഭയിലെത്തി.

ഇംഗ്ലീഷ് ഭാഷയിലുള്ള ശശി തരൂരിന്റെ പ്രാവീണ്യം പ്രശസ്തമാണ്. കടിച്ചാല്‍പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച്‌ ആളുകളെ വട്ടം ചുറ്റിക്കാറുണ്ട് അദ്ദേഹം. വിവാദ പരാമര്‍ശങ്ങളും ദേശീയ രാഷ്ട്രീയത്തിലെ തന്റെ നിലപാടുകലെയും തരൂരിനെ എന്നും വാര്‍ത്തകളില്‍ നിറയ്ക്കാറുണ്ട്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് രാഷട്രീയ പാര്‍ട്ടികള്‍ക്ക് കാണിച്ച്‌ കൊടുത്ത നേതാവാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ നരേന്ദ്ര മോദി എത്തുന്നതിന് മുമ്ബ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്ന നേതാവാണ് ശശി തരൂര്‍.

എംപി എന്ന നിലയില്‍ ഇക്കാലയളവില്‍ ശശി തരൂരിന്റെ ജനപ്രീതി ഉയര്‍ന്നിട്ടേയുള്ളു. തിരുവനന്തപുരത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനായി. കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാലും തരൂരിന്റെ പ്രകടനം മികച്ചതാണ് എന്ന് പറയാതെ വയ്യ. 2014-18 കാലയളവില്‍ ലോക്സഭയില്‍ 80 ചര്‍ച്ചകളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ശരാശി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓര്‍ക്കണം. 12 സ്വകാര്യ ബില്ലുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 446 ചോദ്യങ്ങളാണ് ഇക്കാലയളവില്‍ തരൂര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. 86 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ തരൂര്‍ മുന്‍പന്തിയിലാണ്. അനുവദിച്ച എംപി ഫണ്ടായ 22.75 കോടിയില്‍ 16.33 കോടി രൂപയും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.

ഇത്തവണയും കോണ്‍ഗ്രസ് ശശി തരൂരിനെ തന്നെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും ഒരു പോലെ തിളങ്ങുന്ന തരൂരിന് മണ്ഡലത്തില്‍ പ്രത്യേക പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ല. കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം എങ്ങനെയും തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. സുരേഷ് ഗോപി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരുടെ പേരുകളാണ് ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക