Image

ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്

Published on 05 March, 2019
ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്
വിയന്ന: സീറോ മലബാര്‍ സഭാംഗങ്ങളെ ഓസ്ട്രിയയില്‍ ജോലിയ്ക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയില്‍ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചു. ഇതോടെ സീറോ മലബാര്‍ സഭ ഓസ്ട്രിയയില്‍ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ (ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായി മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) നേരിട്ടുള്ള ഭരണത്തിന് കീഴിലായി.

മാര്‍ച്ച് മൂന്നാം തിയതി വിയന്നയിലെ മൈഡ് ലിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഓസ്ട്രിയയിലെ ഓര്‍ഡിനരിയാത്തിന്റെ മെത്രാന്‍ വിയന്ന അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ ആയിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാ അംഗങ്ങളുടെ മേല്‍ കാനോനികമായി അധികാരമുള്ള വ്യക്തി. ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ ഭരണ നിര്‍വ്വഹണം നടത്തും.

നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങള്‍ ഓര്‍ഡിനറിയാത്തിന്റെ മെത്രാനെ സമയാസമയങ്ങളില്‍ അറിയിക്കുയും സന്ദര്‍ശനങ്ങള്‍ നടത്തുകയും, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവരുടെ സഹകരണത്തോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും.

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനായ വി. കുര്‍ബാനയില്‍ വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ, അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ.ചെറിയാന്‍ വാരികാട്ട്, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈന്‍ വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവര്‍ക്കൊപ്പം, ചാന്‍സലര്‍ ആന്‍ഡ്രെയാസ് ലോട്ട്‌സ്, ആര്‍ഗെ ആഗിന്റെ ജനറല്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ ക്‌റാജിക്ക് എന്നിവരും, നിരവധി വൈദികരും വിശ്വാസികളും പങ്കു ചേര്‍ന്നു.

വി. കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ പുതിയ സംവിധാനത്തെകുറിച്ച് വിശദികരിച്ചു. ഓര്‍ഡിനറിയാത്തിന്റെ മെത്രാനായി കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ പിതാവിനെയും, യൂറോപ്പിലെ സീറോ മലബാറുകാര്‍ക്കു അപ്പസ്‌തോലിക് വിസിറ്റേറായി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവിനെയും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചിരിക്കുന്നതെന്നും പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും അനുസരിച്ച് ഓസ്ട്രിയയിലെ എല്ലാ പൗരസ്ത്യ സഭകളെയും വളര്‍ത്തിയെടുക്കാന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ പ്രതിജ്ഞാബദ്ധനാണെന്നു അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രിയയില്‍ കൈവന്ന മാറ്റം ആന്തരീകമാണെന്നും, ഒരു മത സാമൂഹിക സംഘന എന്നതില്‍ നിന്നും ഒരു വ്യക്തിഗത സഭാസമൂഹമായി രൂപപ്പെടാന്‍ സഭയ്ക്ക് കഴിഞ്ഞുവെന്നത് 1966ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച മലയാളി കത്തോലിക്കരുടെ കുടിയേറ്റ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാണെന്ന് മുഖ്യ സന്ദേശം നല്‍കിയ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു. കുടിയേറ്റത്തെക്കുറിച്ചും പൗരസ്ത്യ സഭകളെക്കുറിച്ചും ഉള്ള ദൈവശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മാര്‍ സ്റ്റീഫന്‍ വ്യക്തമാക്കി. വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെക്രട്ടറി അലക്‌സാണ്ടര്‍ ക്‌റാജിക്ക് എന്നിവരും സംസാരിച്ചു.

ഉടനെ സ്വന്തമായി ഒരു പള്ളികെട്ടിടം ഉണ്ടാക്കണം, അതിനായി പിരിവു വേണ്ടിവരും എന്നു തുടങ്ങിയുള്ള അഭ്യൂഹങ്ങള്‍ക്ക് പിറകെ പോകുകയല്ല പകരം വിശ്വാസി സമൂഹത്തെ സ്‌നേഹത്തിലും ഐക്യത്തിലും ഒരുമിച്ചുചേര്‍ക്കുകകയാണ് സഭയുടെ ലക്ഷ്യമെന്ന് അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ. ചെറിയാന്‍ വാരികാട്ട് ചൂണ്ടികാണിച്ചു. എകികരണത്തിന്റെയും ആഗിരണത്തിന്റെയും ഉദാഹരണങ്ങള്‍ എടുത്ത് പറഞ്ഞ ഫാ. ചെറിയാന്‍ കത്തോലിക്കാ സഭ 23 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണെന്നും അതില്‍ ഒരു സഭയും മറ്റൊന്നില്‍ ലയിച്ച് ഇല്ലാതാകാന്‍ പാടില്ലെന്നും കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുന്നെണ്ടെന്നും ഓര്‍മിപ്പിച്ചു.

ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹത്തിന്റെ തുടര്‍സംവിധാനങ്ങളും, പ്രവര്‍ത്തനരീതിയും വിശ്വാസികളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും, ആവശ്യങ്ങള്‍ മനസിലാക്കാനുമായി അപ്പസ്‌തോലിക് വിസിറ്റേഷന്റെ മെത്രാന്‍ വിയന്നയില്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്ന് ഫാ. ചെറിയാന്‍ വാരികാട്ട് അറിയിച്ചു. അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക