Image

ആരാണ് താരം, ഇമ്രാനോ മോദിയോ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 06 March, 2019
ആരാണ് താരം, ഇമ്രാനോ മോദിയോ? (ലേഖനം: സാം നിലമ്പള്ളില്‍)
ഇന്‍ഡ്യാ പാക്കിസ്ഥാന്‍ പകിടകളിയില്‍ ആരാണ് വിജയിച്ചതെന്നാണ് വിഷയം. ഇമ്രാനാണെന്ന് ഞാന്‍ പറയും. വായനക്കാര്‍ക്ക് വിപരീത അഭിപ്രായമുണ്ടെങ്കില്‍ അതിനെയും മാനിക്കുന്നു. വീണ്ടും അധികാരത്തില്‍ കയറാനുള്ള "സുവര്‍ണാവസരമായിട്ടാണ്’ (ബി ജെ പി കേരളഘടകം പ്രസിഡണ്ട് ശ്രീധരന്‍പിള്ളയുടെ ഭാഷയില്‍) നമ്മുടെ നാല്‍പത് ഭടന്മാര്‍ മരിച്ച ഭീകരാക്രമണത്തെ മോദി കണ്ടത്. അതിനുള്ള തിരിച്ചടിയില്‍ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്നും മൂന്നൂറില്‍പരം ഭീകരന്മാരെ വധിച്ചെന്നും അവകാശപ്പെടുന്നു. ആ അവകാശവാദം സത്യമാണെന്ന് വിശ്വസിക്കാനാണ് എല്ലാ ഇന്‍ഡ്യക്കാരെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്. ആരും മരിച്ചിട്ടില്ലെന്നും വനത്തിലെ അഞ്ചാറ് പൈന്‍മരങ്ങള്‍ ഒടിഞ്ഞുവീണതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് പാകിസ്ഥാനും പറയുന്നു. പ്രകൃതിക്ക് നാശംവരുത്തിയതിന്റെപേരില്‍ ഇന്‍ഡ്യക്കെതിരെ യു എന്നില്‍ കേസുകൊടുക്കാന്‍ പോവുകയാണെന്ന് അവിടുത്തെ ഒരു മന്ത്രി പ്രസ്താവിക്കയുണ്ടായി. നല്ല ഫലിതം. പാകിസ്ഥാന്‍ വാപൊളിക്കുന്നത് കള്ളംപറയാനാണെന്ന് ലോകത്തുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്രത്തോളം ഇല്ലെങ്കിലും മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒട്ടുംമോശമല്ല.
 
സത്യമെന്താണെന്നറിയാന്‍ ഞാന്‍ ബിബിസി മുതലായ വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിച്ചു. ന്യുയോര്‍ക്ക് ടൈംസും വായിച്ചുനോക്കി. അവരാരും ഇന്‍ഡ്യന്‍ അവകാശവാദങ്ങള്‍ ശരിയാണെന്ന് പറഞ്ഞിട്ടില്ല. ഇവരുടെയെല്ലാം വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ പക്ഷത്തുനിന്നുകൊണ്ടാണ്.  സത്യമെന്താണെന്നറിയാന്‍ നമുക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. എത്ര അടികൊണ്ടാലും സായിപ്പ് ഒന്നുംപഠിക്കില്ലെന്നത് കഷ്ടംതന്നെ. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കുന്ന താലിബാനെ പരിശീലിപ്പിച്ചുവിടുന്നത് പാക്കിസ്ഥാനാണെന്ന് അറിയാമായിരുന്നിട്ടും ആ രാജ്യത്തെ പിന്തുണക്കുന്ന സായിപ്പിനെപറ്റി സഹതാപമേയുള്ളു.

പിടിയിലായ ഇന്‍ഡ്യന്‍ പൈലറ്റിനെ താമസംകൂടാതെ വിട്ടുതരാന്‍ ഇമ്രാന്‍ ഖാന്‍ കാട്ടിയ നയതന്ത്രജ്ഞതയാണ് അദ്ദേഹത്തെ താരമാക്കിയത്. ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ചീത്തപ്പേരുള്ള പാകിസ്ഥാന്റെ മുഖം മിനുക്കാന്‍ ഇമ്രാന്റെ നടപടി സഹായിച്ചു. ചോരയൊലിപ്പിച്ചുകൊണ്ട് ശത്രുക്കളുടെ ഇടയില്‍കൂടി വരുന്ന അഭിനന്ദന്റെ ചിത്രം ഇന്‍ഡ്യാക്കാരെയെല്ലാം വേദനിപ്പിച്ചു. ആ വേദന മാറ്റാന്‍ ഇമ്രാന്റെ നടപടി സഹായിച്ചു. ഒരുപക്ഷേ, മുഷ്‌റഫോ, നവാസ് ഷെറീഫോ ആയിരുന്നെങ്കില്‍ നമ്മുടെ ഭടനെ ഇത്രവേഗം തിരിച്ചേല്‍പിക്കയില്ലായിരുന്നു. മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റതാരം നവജ്യോത് സിദ്ദുവിന്റെ ഇടപെടലാണ് അഭിനന്ദനെ വിട്ടുതരാന്‍ ഇമ്രാനെ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയല്ല വിജയിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സിദ്ദുവിനെ പാക്കിസ്ഥാനിലേക്ക് അയച്ചാലും വേണ്ടില്ല.

അഭിനന്ദന്‍ പറപ്പിച്ച മിഗ്-21 ആണ് പാകിസ്ഥന്റെ അമേരിക്കന്‍ നിര്‍മ്മിത എ 16 വിമാനത്തെ വീഴ്ത്തിയത്. ഈ വാര്‍ത്തയോട് അമേരിക്കന്‍ മാധ്യമങ്ങളൊന്നുംതന്നെ ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇത് ശരിയാണെങ്കില്‍ അമേരിക്കയുടെ പൊങ്ങച്ചത്തിനേറ്റ വലിയൊരടിയാണ്. അമേരിക്കയുടെ വിമാനത്തെ റഷ്യന്‍നിര്‍മ്മിത വിമാനം വീഴ്ത്തിയെന്നുള്ളത് അന്താരാഷ്ട്ര ആയുധമാര്‍ക്കറ്റില്‍ റഷ്യയുടെ മൂല്ല്യംവര്‍ദ്ധിപ്പിക്കും,  തിരിച്ചടി അമേരിക്കക്കും. പുലിവാലുപിടിക്കാന്‍ ലോകംമൊത്തം ഓടിനടക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

അഭിനന്ദനെ ഉപദ്രവിച്ച പാകിസ്ഥാനികള്‍ക്ക് കിട്ടിയ മറ്റൊരു അടിയാണ് സ്വന്തം പൈലറ്റിനെ ഇന്‍ഡ്യാക്കാരനാണെന്ന് വിചാരിച്ച് തല്ലിക്കൊന്നവര്‍ക്ക് കിട്ടിയത്. അതും നല്ലൊരുഫലിതം.

കാഷ്മീറില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്‍ഡ്യന്‍ ജവാന്മാര്‍ എല്ലാദിവസും മരിച്ചുവീഴുന്നത് സന്തോഷകരമായ വാര്‍ത്തയല്ല. രണ്ട് ഭീകരന്മാരെ കൊല്ലുമ്പോള്‍ നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചെന്നാണ് പത്രവാര്‍ത്തകള്‍. ഭീകരന്മാരേക്കാള്‍ വീര്യംകുറഞ്ഞവരാണോ നമ്മുടെ ജവാന്മാര്‍. ഇതില്‍ എന്തോ പന്തികേട് ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. നമ്മുടെ ജവാന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഭരണാധികാരികള്‍ അടിയന്തിരമായി ആലോചിക്കേണ്ടിയിരിക്കുന്നു. നാല്‍പത് ഭടന്മാരെ ഒറ്റയടിക്ക് നഷ്ടപ്പെട്ടു എന്നുള്ളത് ഒരുരാജ്യത്തിനും അഭികാമ്യമായ കാര്യമല്ല. ശത്രുക്കളുടെ മധ്യത്തില്‍കൂടി കോണ്‍വോയി ആയിട്ട് ആയിരത്തിയഞ്ഞൂറ് ഭടന്മാരെ കടത്തിവിടുമ്പോള്‍ ആക്രമണം ഉണ്ടാകുമെന്ന് ഏതൊരു പൊട്ടനും ചിന്തിക്കാന്‍ സാധിക്കും. എന്തുകൊണ്ട് സേനാനായകന്മാര്‍ മുന്‍കരുതല്‍ എടുത്തില്ല.ഒരു ദുരനുഭവം ഉണ്ടായെങ്കിലെ അടുത്തപ്രാവശ്യം ഔചിത്യത്തോടെ പ്രവര്‍ത്തിക്കത്തുള്ളു എന്നതാണ് ഇന്‍ഡ്യന്‍ മനോഭാവം. ഇവിടെയാണ് ഇസ്രായേലിനെ കണ്ടുപഠിക്കേണ്ടത്. അവര്‍ക്ക് മൂക്കിനപ്പുറത്തേക്ക് നോക്കാനുള്ള കഴിവുണ്ട്.

ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ നുണക്കഥകള്‍മാത്രം പ്രചിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇന്‍ഡ്യന്‍ ആക്രമണത്തില്‍ മൂന്നൂറുപേര് മരിച്ചെന്ന് ഒരുപത്രം, മനോരമ അത് മുന്നൂറ്റി അന്‍പതാക്കി. ഭികരന്‍ മസൂദ് അസ്ഹര്‍ മരിച്ചെന്ന് ഒരുപത്രം. മരിച്ചിട്ടില്ലെന്ന് പിറ്റേന്നത്തെ വാര്‍ത്ത. ഏതാണ് വായനക്കാര്‍ വിശ്വസിക്കേണ്ടത്. ചൈനയുമായി നടന്ന യുദ്ധത്തില്‍ ഇന്‍ഡ്യ തോറ്റോടുമ്പോഴും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു പത്രവാര്‍ത്ത. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി സഖ്യകക്ഷികളുടെ മുന്‍പില്‍ പാലായനം ചെയ്യുമ്പഴും അവരുടെ വാര്‍ത്താവികരണ മന്ത്രി ഗീബല്‍സ് വീമ്പടിച്ചതും ഇതുപോലെതന്നെ. അയാള്‍ റേഡിയോയില്‍കൂടി പറഞ്ഞുകൊണ്ടിരുന്നത് ഒരു ജര്‍മന്‍ ബോട്ട് സഖ്യകക്ഷികളുടെ അഞ്ച് യുദ്ധക്കപ്പലുളെ തര്‍ത്തു എന്നാണ്. യുദ്ധസമയത്തെ വാര്‍ത്തകളെല്ലാം ഇതുപോലെയാണ്. അടികൊണ്ട് വീണവനും പറയുന്നത് എന്റെകയ്യില്‍ പിച്ചാത്തി ഇല്ലാതെപോയത് നിന്റെ ഭാഗ്യം എന്നാണല്ലോ.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക