Image

എന്തുകൊണ്ട് നക്‌സല്‍ പ്രസ്ഥാനങ്ങള്‍? അഥവാ ആരും കാണാത്ത ഭാരതം! (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 07 March, 2019
എന്തുകൊണ്ട് നക്‌സല്‍ പ്രസ്ഥാനങ്ങള്‍? അഥവാ ആരും കാണാത്ത ഭാരതം! (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
(*വിപ്ലവ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ് മറ്റൊരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. വാര്‍ത്ത.)

ആധുനിക ഭാരതത്തിന്റെ പുരോഗതിയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. രാജ്യത്തിനകത്ത് നിന്ന് വരുന്ന ഇത്തരം വാര്‍ത്തകള്‍ നില നില്‍ക്കവേത്തന്നെ, രാജ്യത്തിന് പുറത്തു നിന്നും ഇപ്പോള്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന ദശകങ്ങളില്‍ ചൈനയെപ്പോലും കടത്തി വെട്ടുന്ന വ്യാവസായിക ശക്തിയും, സാന്പത്തിക ശക്തിയുമായി ഇന്‍ഡ്യ രൂപാന്തരപ്പെടും എന്നാണ് പ്രവചനങ്ങള്‍. ഐ ടി മേഖലയിലെ ഇന്ത്യന്‍ പ്രതിഭകളുടെ വന്‍പിച്ച മുന്നേറ്റവും, യാത്രാ വിമാന മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ കന്പനികള്‍ വാങ്ങിക്കൂട്ടിയ വിമാനങ്ങളുടെ പെരുപ്പവുമാണ്, ഒരു സാന്പത്തിക ശക്തിയായി ഇന്ത്യയെ അംഗീകരിക്കുവാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ച മുഖ്യ ഘടകങ്ങള്‍ എന്ന് തോന്നുന്നു.

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യയുടെ ദയനീയ ചിത്രവും, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സജീവ ചിത്രവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. വസ്തുതകളെ പുറമെ നിന്ന് നോക്കിക്കാണുന്ന ഏതൊരാള്‍ക്കും അയാള്‍ ഒരു ഭാരതീയന്‍ ആണെങ്കില്‍ക്കൂടിയും  ഇന്ത്യയുടെ പുരോഗതി ഒരു യാഥാര്‍ഥ്യമായി തോന്നാം. വസ്തുതകളോട് വളരെയടുത്ത ഒരു സമീപനം സ്വീകരിച്ചാല്‍ മാത്രമേ, നാം കാണുന്ന ഇന്ത്യ നമ്മുടെ യഥാര്‍ത്ഥ ഇന്ത്യയുടെ ഒരു പൊയ്മുഖം മാത്രമാണെന്ന് നമുക്ക് പോലും മനസിലാവുകയുള്ളു.

അഴിമതിക്കും, സ്വജന പക്ഷപാതത്തിനും അതീതമായ ഒരു ഭരണകൂടം ഇന്ത്യയില്‍ നില നിന്നിരുന്നതായി ആ രാജ്യത്ത് താമസിച്ചിട്ടുള്ള ഏതൊരാള്‍ക്കും അനുഭവപ്പെട്ടിട്ടില്ല. ചെറിയ മൃഗങ്ങളെ വേട്ടയാടുന്ന വലിയ മൃഗങ്ങളെപ്പോലെ ഭരണക്കാരും അവരുടെ പിണിയാളുകളും കൊഴുത്തു തടിച്ചതിന്റെ മനോഹര ദൃശ്യങ്ങളാണ് മാധ്യമങ്ങളും, ചാനലുകളും എന്നും പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്‌പോള്‍ ഒരു പതിന്നാല് ശതമാനം സന്പന്നര്‍ രാജ്യത്തുണ്ടായിരുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷിക്കുന്നു. ഉത്തരേന്ത്യന്‍ വ്യവസായ പ്രഭുക്കളും, ജമീന്ദാരി ഭൂസ്വാമികളും ഉള്‍പ്പെടുന്ന ഈ പതിന്നാല് ശതമാനത്തിന്റെ കൂടെ ആറേഴു പതിറ്റാണ്ടുകള്‍ നീണ്ട ഭരണ പുരോഗതി കൂട്ടിച്ചേര്‍ത്ത ഏതാനും ശതമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലുണ്ട്. ജനസംഖ്യയുടെ നാലില്‍ ഒന്ന് പോലും വരാത്ത ഈ യഥാര്‍ത്ഥ  സമ്പന്നരുടെ പാര്‍ശ്വ വര്‍ത്തികളായ ഭരണകൂടങ്ങളാണ് എന്നും ഇന്ത്യയില്‍ നില നിന്നിരുന്നതും, ഇന്നും നില നില്‍ക്കുന്നതും. കൊടികളുടെ  നിറം മാറി മാറി വന്നപ്പോള്‍ പോലും ഓരോ ഭരണ കൂടങ്ങളുടെയും കര്‍ട്ടന് പിന്നില്‍ പതുങ്ങി നിന്ന് കൊണ്ട് ചരടുകള്‍ വലിച്ചിരുന്നത്, ഒരിക്കലും കര്ട്ടന് മുന്നില്‍ വരാത്ത ഈ ഫ്യൂഡല്‍ പ്രഭുക്കളായിരുന്നു.

ഭരണ സന്പന്ന എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഇത്തിള്‍ക്കണ്ണികളായി ഗവര്‍മെന്റ് സര്‍വീസിലും, സ്വകാര്യ സര്‍വീസിലുമായി ജോലി ചെയ്ത് ജീവിക്കുകയും, അന്നന്നപ്പം കഴിച്ചുള്ള അല്‍പ്പ സന്പാദ്യത്തിന്റ ആത്മവിശ്വാസം സമ്മാനിക്കുന്ന ഹര്‍ഷ പുളകത്തോടെ തങ്ങളും ടാറ്റയും, ബിര്‍ളയുമാണെന്ന് ദിവാസ്വപ്നം കാണുന്നവരും, അന്നന്നപ്പത്തിന്റെ രണ്ടറ്റവും അദ്ധ്വാനിച്ചാണെങ്കിലും അനായാസം കൂട്ടി മുട്ടിക്കുന്ന ശരാശരിക്കാരും ഉള്‍പ്പെടുന്ന മറ്റൊരു ഇരുപത്തഞ്ച് ശതമാനവും കൂടിച്ചേര്‍ന്നിട്ടുള്ള പരമാവധി അന്പത് ശതമാനത്തിന് മാത്രമേ,  ആഹാരവും,വസ്ത്രവും, പാര്‍പ്പിടവും എന്ന പ്രാഥമികാവശ്യങ്ങള്‍ ഉറപ്പായും ഇന്ത്യന്‍ സമൂഹത്തില്‍ അനുഭവേദ്യമാകുന്നുള്ളു.

അടുത്ത നേരത്തെ ആഹാരത്തിനുള്ള അനശ്ചിതത്വത്തില്‍ അരവയറില്‍ മുണ്ടു മുറുക്കുകയും, അനിവാര്യമായ ജീവിത കാമനകളുടെ അഭിനിവേശത്താല്‍ ആത്മഹത്യ ചയ്യാന്‍ പോലുമാവാതെ, ആരാലും അവഗണിക്കപ്പെട്ട് ജീവിത ധാരയുടെ പുറം പോക്കുകളില്‍ അഭയം തേടുകയും, തങ്ങളുടെ ജീവിത വേദനകളുടെ കണ്ണീരുപ്പില്‍ അപ്പം പരത്തിയെടുക്കുകയും  ചെയ്യുന്ന അന്‍പത്തി രണ്ടു കോടി ജനങ്ങളുടെ നാട് കൂടിയാണ് ഇന്നും ഭാരതം. സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കില്‍ ഇത് മുപ്പത്  ശതമാനം മാത്രമാണ്. അങ്ങിനെ കൂട്ടിയാല്‍ പോലും ഇത് നാല്‍പ്പത് കോടിയോളം വരും. ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്തവരെ ഉള്‍പ്പെടുത്തിയിട്ടാണ് സര്‍ക്കാര്‍ ദാരിദ്ര്യ രേഖ വരച്ചിട്ടുള്ളത്. അടുത്ത നേരത്തെ ആഹാരത്തിനുള്ള സാധ്യത അനിശ്ചിതാവസ്ഥയിലുള്ള അനേക കൊടികളെക്കൂടി ഉള്‍പ്പെടുത്തിയിട്ടാണ് സാമൂഹ്യ ശാസ്ത്രജ്ഞരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഇവരുടെ സംഖ്യ 52 കോടികള്‍ വരുമെന്ന് വിലയിരുത്തുന്നത്.

കുമിഞ്ഞു കൂടുന്ന വന്പിച്ച പൊതു സ്വത്തിന്റെ വീതം വയ്ക്കലില്‍ ഭരണക്കാരുടെ മേശക്കടിയില്‍ വീഴുന്ന മുറിക്കഷണങ്ങള്‍ പോലും ലഭിക്കാന്‍ ഭാഗ്യം സിദ്ധിക്കാതെ, തലമുറകളുടെ ശാപം പേറി പരന്പരാഗത തൊഴില്‍ മേഖലകളില്‍ അടിമപ്പണി ചെയ്‌യുകയും, സാക്ഷരതയുടെ നാട്ടു വെളിച്ചം നിത്യമായി നിഷേധിക്കപ്പെടുകയും ചെയ്‌യുന്ന ഈ ജനകോടികളുടെ ദരിദ്ര ഭാരതമാണ് ആരും കാണാത്ത ഭാരതം. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഈ പ്രസ്താവനക്ക് കുറെയെങ്കിലും അപവാദമായി നില കൊള്ളുന്നത്.

ദാരിദ്ര്യ രേഖയുടെ ചാട്ടവാര്‍ ചുഴറ്റി അതിനടിയില്‍ ഇവരെ തളച്ചിടുന്ന ഭരണകൂടങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ ഇവരില്‍ കുറേയെണ്ണത്തിനെ പ്രസ്തുത രേഖയുടെ മുകളില്‍ എത്തിച്ചുവെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുവാനല്ലാതെ യാതൊരു മാറ്റവും ഇവര്‍ക്കിടയില്‍ എത്തിക്കാനാവുന്നില്ല. മൊത്തം ജന സംഖ്യയില്‍ പകുതിയോളം വരുന്ന ഇവരുടെ ദാരിദ്ര്യത്തിന്റെ ചളിക്കുളങ്ങളില്‍ വാഗ്ദാനങ്ങളുടെ വലയെറിഞ്ഞിട്ടാണ്, സന്പന്നരും, അവരുടെ തോല്‍പ്പാവകളായ രാഷ്ട്രീയക്കാരും ഇവരെ പ്രതി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. തങ്ങളുടെ കസേരകള്‍ ഉറപ്പിക്കുന്നതിനുള്ള വോട്ടു ബാങ്കുകളെയും, (വ്യാവസായിക ) ഉല്‍പ്പന്നങ്ങള്‍ അന്യായ വിലക്ക് വിറ്റഴിക്കുന്നതിനുള്ള മാര്‍ക്കറ്റുകളായും ഇവരെ അവര്‍ പരുവപ്പെടുത്തുന്നു. അതിലൂടെ അവരുടെ അവകാശങ്ങളും, സന്പാദ്യങ്ങളും ക്രൂരമായി കൊള്ളയടിക്കപ്പെടുന്നു.

ഉല്‍പ്പാദന ചിലവിന്റെ എട്ടോ, പത്തോ ഇരട്ടി വിലക്ക് സാധനങ്ങള്‍ ഇവര്‍ മാര്‍ക്കറ്റ് ചെയ്‌യുന്‌പോള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ കടപ്പെട്ട ഭരണ കൂടങ്ങള്‍ക്കു വായ് തുറക്കാനാവാത്ത വിധം ഈ യജമാനന്മാര്‍ അവരുടെയും യജമാനന്മാരായിരിക്കുന്നു! ( പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, അതിലൂടെ നിത്യോപയോഗ സാധനങ്ങളുടെയും വില വാണം പോലെ കുതിച്ചുയരുന്ന ഇന്ത്യന്‍ വര്‍ത്തമാനവസ്ഥയില്‍ അതിനെതിരെ ഒരു ചെറു വിരലനക്കുവാന്‍ പോലുമാവാതെ ഭരണകൂടം കുംഭകര്‍ണനെപ്പോലെ കൂര്‍ക്കം വലിച്ചുറക്കം നടിച്ചു കിടക്കുന്നത് ഇപ്പോള്‍ വലിയ വാര്‍ത്തയായി ചാനലുകള്‍ ആഘോഷിക്കുകയാണല്ലോ?)

വ്യാവസായിക മാഫിയകളുടെ ബാലന്‍സ് ഷീറ്റുകള്‍ കോടികളില്‍ നിന്ന് കോടികളിലേക്കു കുതിക്കുന്‌പോള്‍, നിത്യമായ വിലക്കയറ്റത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത ദരിദ്രവാസി മുണ്ടു മുറുക്കിയുടുത്തു കൊണ്ട് വിധിയെ പഴിച്ചുകൊണ്ടുറങ്ങുന്നു. അവരുടെ കീശയില്‍ അവസാനമായി ബാക്കി വന്നേക്കാവുന്ന ചില്ലിക്കാശുകളില്‍ കണ്ണ് വച്ച് മതങ്ങളും, മനുഷ്യ ദൈവങ്ങളും, അവതാരങ്ങളും, അമ്മമാരും അവരെ പാട്ടിലാക്കുന്നു. ഇങ്ങനെ പാട്ടിലാക്കപ്പെടുന്ന കൂട്ടങ്ങളെ വോട്ടു ബാങ്കുകളാക്കി തൂക്കി വിറ്റ് അവരും നാല് കാശ് സന്പാദിക്കുന്നു!

മാടത്തിന്റെ മുറ്റത്ത് കുലച്ചു നില്‍ക്കുന്ന മലയപ്പുലയന്റെ വാഴയാണ്, ആധുനിക സാങ്കേതിക വിദ്യയിലും, അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇരുന്പുന്ന ബോയിങ്ങുകളിലും വിടരുന്ന ഇന്ത്യയിലെ പുരോഗതി.(ചങ്ങന്പുഴയെ സ്മരിക്കുക ) മാതേവന്റെ സ്വപ്നങ്ങളിലെ ' ഈ ഞാലിപ്പൂവന്റെ പഴമെത്ര സ്വാദുള്ളതായിരിക്കും?' എന്ന പ്രതീക്ഷയുമായി ഇന്ത്യയിലെ ദരിദ്ര ജന കോടികള്‍ നാളെയെ ഉറ്റു നോക്കുകയാണ്. അവരുടെ നാളെകളുടെ കുലയറുക്കാന്‍ യജമാനന്‍ പടിവാതില്‍ക്കല്‍ തന്നെയുണ്ട് എന്ന നഗ്‌ന സത്യം ഒട്ടും മനസിലാക്കാനാവാതെ?.

ജനാധിപത്യ സോഷ്യലിസത്തിന്റെ മേലെഴുത്തുമായി ഏഴ് പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ക്ക് എന്ത് പറ്റി? മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം എങ്ങിനെ ഇവര്‍ സന്പന്നരുടെ ദല്ലാളുമാരായിത്തീര്‍ന്നു? ഇതിനുള്ള ഉത്തരങ്ങള്‍ അന്വേഷിക്കുന്‌പോളാണ്, ഈ സന്പന്നര്‍ തന്നെയായിരുന്നു എന്നും നമ്മുടെ ഭരണാധികാരികള്‍ ആയിരുന്നതെന്നും, അവരോ, അവര്‍ പണവും സ്വാധീനവുമിറക്കി തെരഞ്ഞെടുപ്പില്‍ ജയിപ്പിച് പാര്‍ലമെന്റില്‍ അയച്ചിട്ടുള്ള അവരുടെ ഡമ്മികളോ ആണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നമ്മെ ഭരിച്ചിരുന്നതെന്നും വേദനയോടെ നാം മനസിലാക്കുന്നത്.

അക്ഷരാഭ്യാസം നിത്യമായി നിഷേധിക്കപ്പെടുന്നതിലൂടെ ഈ തിരിച്ചറിവിന് അവസരം ലഭിക്കാത്ത ജനകോടികള്‍ ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ ജീവിച്ചു മരിക്കുന്നു. കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ യജമാന്‍മാര്‍ ചൂണ്ടുന്നവര്‍ക്കായി വോട്ട് ചെയ്യാനും, മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാനും മാത്രമായി ഇവര്‍ ആട്ടിത്തെളിക്കപ്പെടുന്നു!

തങ്ങള്‍ക്ക് ലാഭം ലഭിക്കാത്ത ഒരു ഒന്നിനും ഒരു ഭരണകൂടവും തയ്യാറല്ല എന്ന യാഥാര്ഥ്യം വിദ്യാസന്പന്നര്‍ പോലും വേണ്ട വിധം മനസിലാക്കുന്നില്ല. ഉദാഹരണമായി റബറൈസ്ഡ് റോഡുകളെയെടുക്കാം.സാധാരണ റോഡിന്റെ ഇരട്ടി ചെലവ് വരും റബറൈസിഡ് റോഡുകള്‍ക്ക്. പക്ഷെ, ആറിരട്ടിക്കാലം നില നില്‍ക്കും. അങ്ങിനെ നോക്കുന്‌പോള്‍ ദീര്‍ഗ്ഗകാലാടിസ്ഥാനത്തില്‍ സാധാരണ റോഡിന്റെ മൂന്നിലൊന്നേ ചെലവ് വരുന്നുള്ളു റബ്ബര്‍ റോഡുകള്‍ക്ക്. ഇത് ചെയ്തിരുന്നെങ്കില്‍ നടുവൊടിഞ്ഞ റബ്ബര്‍ കൃഷി ലാഭകരമായിത്തീരുമായിരുന്നു. ടാപ്പിംഗ് ഉള്‍പ്പടെയുള്ള തോട്ടം തൊഴില്‍ മേഖലകളില്‍ ഉയര്‍ന്ന വേതനവും, തൊഴിലുറപ്പും നടപ്പാക്കുമായിരുന്നു. സര്‍വോപരി സഞ്ചാരയോഗ്യമായ ഒന്നാന്തരം റോഡുകള്‍ ഉണ്ടാകുമായിരുന്നു.

എന്തേ നടപ്പിലാകുന്നില്ലാ? ഇന്നും കേരളത്തിലെ റോഡുകളില്‍ നിരന്തരം ബിറ്റുമിന്‍ നിര്‍ത്തുകയാണ്. എന്തിനു? ഈ ചോദ്യത്തിനും, ഇതുപോലുള്ള നൂറു കണക്കിന് ചോദ്യങ്ങള്‍ക്കും ഉത്തരം തേടിച്ചെന്നാല്‍ ഭരണകൂടങ്ങളും, വ്യാവസായിക മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വൃത്തികെട്ട നാറ്റങ്ങളില്‍ ആയിരിക്കും നമ്മള്‍ എത്തിപ്പെടുന്നത്.

ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുക എന്നതാണോ വിവക്ഷ? അവരെ പിഴിഞ്ഞരിച് കീശ വീര്‍പ്പിക്കുക എന്നതാണോ അര്‍ഥം? അല്ലായിരുന്നെങ്കില്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ജനാധിപത്യ സോഷ്യലിസം പറയുന്ന ഭാരതത്തില്‍ ധനവാന്‍ കൂടുതല്‍ ധനവാനാകുകയും, ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാകുകയും ചെയ്യുന്ന ഒരവസ്ഥ നിത്യ സത്യമായി നില നില്‍ക്കുമായിരുന്നുവോ?

വാഗ്ദാനങ്ങളുടെ ചക്കമടലില്‍ ആകര്‍ഷിക്കപ്പെട്ട് അറവുശാലകളിലേക്ക് ആട്ടിത്തെളിക്കപ്പെടുന്ന കശാപ്പു കാളകളെപ്പോലെ അമ്പതു കോടിയിലധികം വരുന്ന ജനങ്ങള്‍ അലയുകയാണ് ഭാരതത്തില്‍. തങ്ങളുടെ നിലയെന്തെന്നും, തങ്ങള്‍ക്ക് അവകാശപ്പെട്ടത് എന്തെന്നും അറിയാനുള്ള അവരുടെ അവകാശങ്ങളെ പോലും നിഷേധിച്ചു കൊണ്ടാണ് അടിപൊളി മീഡിയകളും, തരികിട ചാനലുകളും, വളിപ്പന്‍ സിനിമകളും ഉള്‍ക്കൊള്ളുന്ന കപട സദാചാര സാംസ്ക്കാരിക രംഗം നിരന്തരം അവരെ പിന്നോട്ടടിച്ചു കൊണ്ടിരിക്കുന്നത്. ഒരു ജനതയെ മുന്നോട്ടു നയിക്കാന്‍  ധാര്‍മ്മികമായി കടപ്പെട്ട കലയും, സാഹിത്യവും പോലും വ്യവസ്ഥാപിത യജമാന വര്‍ഗ്ഗ മാഫിയകളുടെ കുണ്ടി താങ്ങികളും, കാലുനക്കികളുമായി അധപതിച്ചു കൊണ്ട് യഥാര്‍ത്ഥ പുരോഗതിക്കു തടസം സൃഷ്ടിക്കുകയാണ്.

ആരും കാണാത്ത ഭാരതത്തിലെ അടിച്ചമര്‍ത്തപ്പെട്ട ദരിദ്ര ജനകോടികളുടെ പ്രതിഷേധത്തിന്റെ അസംഘടിത ഇരന്പല്‍ ഭാരതത്തിലുടനീളം അലയടിക്കുന്നുണ്ട്. ലാത്തിയും, തോക്കും, പിടിച്ച ഭരണകൂടങ്ങളെ അതിജീവിച്ചു കൊണ്ട് ഒരിക്കല്‍ അതൊരു സംഘടിത ശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. അജയ്യമായ ആ ജനകീയ മുന്നേറ്റത്തിന്റെ അനിവാര്യമായ ഈറ്റുനോവിന്റെ ആരംഭമായിരിക്കണം, ഭാരതത്തിലുടനീളം മുളച്ചു പൊന്തുന്ന നക്‌സല്‍ പ്രസ്ഥാനങ്ങള്‍??

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക