Image

അയോദ്ധ്യ കേസ്‌ മദ്ധ്യസ്ഥതയ്‌ക്ക്‌ മൂന്നംഗ സമിതി, സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറും

Published on 08 March, 2019
അയോദ്ധ്യ കേസ്‌ മദ്ധ്യസ്ഥതയ്‌ക്ക്‌ മൂന്നംഗ സമിതി, സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറും

അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ്‌ സാധ്യത തേടി സുപ്രീം കോടതി . ഇതിനായി കോടതി ഇന്ന്‌ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയില്‍ നിന്ന്‌ വിരമിച്ച ജസ്റ്റിസ്‌ എഫ്‌.എം ഖലീഫുള്ളയാണ്‌ സമിതിയുടെ ചെയര്‍മാന്‍.

അദ്ദേഹത്തെ കൂടാതെ ആര്‍ട്‌ ഓഫ്‌ ലിവിംഗ്‌ അധ്യക്ഷന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും. മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ വിടുന്നതിന്‌ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെ കുറിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യരുതെന്നും കോടതി പറഞ്ഞു. എട്ടാഴ്‌ചയാണ്‌ ചര്‍ച്ചയ്‌ക്ക്‌ അനുവദിച്ച സമയപരിധി. നാലാഴ്‌ച കഴിയുമ്പോള്‍ കോടതിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കണം.

അയോധ്യ ഭൂമി തര്‍ക്കത്തിന്റെ 'ശാശ്വതമായ പരിഹാരത്തിനായി' സാധ്യത തേടിയാണ്‌ സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ വിട്ടത്‌.ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗെഗോയ്‌, ജസ്റ്റിസുമാരായ എസ്‌.എ ബോബ്‌ഡെ, അശോക്‌ ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിഷയം മധ്യസ്ഥതയ്‌ക്ക്‌ വിട്ടത്‌.

രാം ജന്മഭൂമി ബാബരി മസ്‌ജിദ്‌ തര്‍ക്കത്തിന്റെ ഗൗരവത്തെ കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങിനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന്‌ ബെഞ്ച്‌ വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക