Image

കനത്ത പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ മത്സരം തിരുവനന്തപുരത്താകും

Published on 08 March, 2019
കനത്ത പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ മത്സരം തിരുവനന്തപുരത്താകും

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച്‌ കുമ്മനം രാജശേഖരന്‍ ബി ജെ പി സ്ഥാനാര്‍ഥിയായതോടെ ലോകസഭ തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്തെ അങ്കത്തട്ടില്‍ ഉള്ളവരുടെ ചിത്രം പൂര്‍ത്തിയായി . യു ഡി എഫ് സ്ഥാനര്തിയായി ശശി തരൂരും എല്‍ ഡി എഫ് സ്ഥാനര്തിയായി മുന്‍ മന്ത്രി സി ദിവാകരനും. ഇതോടെ തിരുവനന്തപുരത്ത് ആര് ജയിക്കുമെന്ന് പ്രവചനാതീതം.

2009ല്‍ 99,998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശശി തരൂരിന് 2014ല്‍ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞെങ്കിലും ഇത്തവണയും നിറഞ്ഞ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്.സ്ഥാനാര്‍ത്ഥിത്വം നേരത്തെ തീരുമാനമായതിനാല്‍ പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി ദിവാകരന്റെ അനുഭവ പരിചയവും ജനസമ്മതിയും മണ്ഡലത്തില്‍ ഗുണം ചെയ്യും എന്നാണ് സി.പി.ഐ കരുതുന്നത്. മുന്‍പ് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം അട്ടിമറി വിജയം നേടിയ ചരിത്രവും സി ദിവാകരനുണ്ട്. പക്ഷെ പെയ്മെന്റ് വിവാദവും പാര്‍ട്ടി നടപടിയും പ്രതിപക്ഷത്തിന് ദിവാകരനെതിരെയുള്ള ആയുധമാണ് . സംസ്ഥാനത്ത് ഏറ്റവും സ്വാധീനവും സാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ രംഗത്തിറക്കുക എന്നാ ലക്ഷ്യത്തിലാണ് കുമ്മനത്തെ തിരിച്ചെത്തിച്ചിരിക്കുന്നത്.

ബി.ജെ.പി ദേശീയ തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നേമത്ത് എ രാജഗോപാലിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്നെങ്കിലും കേരളത്തില്‍ ഒരു ലോക്‌സഭ മണ്ഡലത്തില്‍ വിജയിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച്‌ വലിയ നേട്ടമായിരിക്കും. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരുവനന്തപുരം മണ്ഡലം. ബി.ജെ.പിയുടെ ഭീഷണി ഇരു മുന്നണികളും കുറച്ച്‌ കാണുന്നുമില്ല. 2005 ഉപതിരഞ്ഞെടുപ്പില്‍ 36,690 വോട്ട് നേടിയ ബി.ജെ.പി 2014ല്‍ നേടിയത് 282,336 വോട്ടാണ്. അതിനാല്‍ കാര്യങ്ങള്‍ ആര്‍ക്കുമെളുപ്പമാകില്ല. സ്ഥാനാര്‍ത്ഥികള്‍ തയ്യാറായിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക