Image

കുമ്മനം മടങ്ങി വരുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷിക്കാനുള്ളത്

കല Published on 08 March, 2019
കുമ്മനം മടങ്ങി വരുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷിക്കാനുള്ളത്

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നിയമിക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ മടങ്ങി വരവും ഏറെക്കുറെ അപ്രതീക്ഷിതം തന്നെ. കുമ്മനത്തെ മടക്കി കൊണ്ടു വരവണമെന്ന് ആര്‍.എസ്.എസ് താത്പര്യമുണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതയുണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഇതാ കുമ്മനം രാജേശേഖരന്‍ വീണ്ടും കേരളത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം. 
കുമ്മനം രാജേശഖരന്‍റെ ജീവിതവും പൊതുപ്രവര്‍ത്തനവും ഇതുപോലെ അപ്രതീക്ഷിതമായ നിരവധി സംഭവങ്ങളിലൂടെ കടന്നു പോയ ഒന്നാണ്. ആ അപ്രതീക്ഷിതമായ വഴികളില്‍ ഇനിയെന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്നതാണ് ബിജെപിയുടെ നോട്ടം. സംഭവിച്ചാല്‍ അത് ബിജെപിയുടെ ചരിത്രനേട്ടമാകും. 
എന്താണ് ഇവിടെ ബിജെപിക്ക് പ്രതീക്ഷിക്കാനുള്ളത്. ്അതാണ് പ്രധാന ചോദ്യം. 
 ഒരിക്കലും ബിജെപിയുടെ ഒരു പ്രവര്‍ത്തകനായിരുന്നില്ല കുമ്മനം രാജശേഖരന്‍. അതിലുപരി ഒരു രാഷ്ട്രീയക്കാരനേ ആയിരുന്നില്ല. പതപ്രവര്‍ത്തകനായ ചെറുപ്പകാലത്ത് നിന്നും പതിയെ ഹിന്ദുത്വരാഷ്ട്രീയ കളരിയിലേക്ക് കടന്ന കുമ്മനം ബിജെപിയുടെ രാഷ്ട്രീയ തട്ടകത്തിലേക്കല്ല ആര്‍.എസ്.എസിന്‍റെ തട്ടകത്തിലേക്കാണ് കടന്നത്. 
നിലയ്ക്കല്‍ പ്രക്ഷോഭമാണ് കുമ്മനം രാജേശേഖരനെ ആര്‍.എസ്.എസുകാരുടെ പ്രീയങ്കരനായ രാജേട്ടനാക്കിയത്. അന്ന് മുതല്‍ ഇന്ന് വരെ ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ മുഖമായിരുന്നു കുമ്മനം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് ആര്‍.എസ്.എസിനെ വളര്‍ത്തുക എന്ന റോളായിരുന്നു എന്നും കുമ്മനത്തിന്‍റേത്. ഹിന്ദു ഐക്യവേദിയായിരുന്നു ഏറ്റവും പ്രധാന കളരി. അവിടെ നിന്നുകൊണ്ട് കാസര്‍ഗോഡ് മുതല്‍ പാറശാല വരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അതായത് താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ അടുപ്പക്കാരനായി മാറിയെന്നതാണ് കുമ്മനത്തിന്‍റെ പ്രത്യേകത. ഈ ഗ്രൗണ്ട് ലെവല്‍ റിലേഷന്‍ തന്നെയാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനത്തെ എത്തിച്ചത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ സാധാരണ പ്രവര്‍ത്തകരോട് കേരളത്തിലെമ്പാടും കുമ്മനത്തെപ്പോലെ അടുപ്പമുള്ള മറ്റൊരു പ്രചാരകനില്ല. അത് കേരളത്തിലെ ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കണ്ടപ്പോള്‍ കുമ്മനം ബിജെപി അധ്യക്ഷനായി. 
എന്നാല്‍ അധ്യക്ഷനായതോടെ അതുവരെ കടുത്ത ആര്‍.എസ്.എസ് മുഖമുണ്ടായിരുന്ന എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്ന നിലയ്ക്കല്‍ പ്രക്ഷോഭത്തെ കത്തിയാളിച്ച, തീവ്രസ്വഭാവ പ്രസംഗങ്ങളിലൂടെ ജനമനസുകളില്‍ തീകോരിയിട്ട രാജേട്ടന്‍ എന്ന കുമ്മനം ഒരു ട്രോളായി മാറി. രാഷ്ട്രീയക്കാരനല്ലാത്ത കുമ്മനത്തിന് രാഷ്ട്രീയം വഴങ്ങാതെ വന്നപ്പോള്‍ പറ്റിയ അമളികളോരോന്നും ട്രോളന്‍മാര്‍ക്ക് ചാകരയായി. കുമ്മനം വാ തുറന്നാല്‍ കോമഡിയാകുമെന്ന സ്ഥിതിയായി. നരേന്ദ്രമോദിക്കൊപ്പം ട്രെയിനില്‍ കയറിയപ്പോള്‍ കുമ്മനടി എന്ന പദപ്രയോഗം തന്നെയുണ്ടായി. ഫേസ്ബുക്കില്‍ കുമ്മോജി എന്ന ഇമോജി എത്തി. അങ്ങനെ കുമ്മനം രാജശേഖരന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം പോലെയായി. 
എന്നാല്‍ ഈ ട്രോളുകള്‍ ഒരു വഴിക്ക് നടക്കുമ്പോഴും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ കെ.മുരളീധരനോട് ഒപ്പത്തിനൊപ്പം പിടിച്ചു കുമ്മനം. ഒരു വേള കുമ്മനം ജയിക്കുമെന്ന തോന്നല്‍ വരെ സൃഷ്ടിച്ചു. അത്രമേല്‍ ശക്തമായി ഹിന്ദുത്വവികാരം ഉണര്‍ത്തിയെടുക്കാനും മതപരമായി ആളുകളെ സംഘടിപ്പിക്കാനും കുമ്മനത്തിന് അറിയാം. അതില്‍ അദ്ദേഹത്തോടെ പോലെയൊരു ട്രെയിന്‍ഡ് പേഴ്സണാലിറ്റി കേരളത്തില്‍ ആര്‍.എസ്.എസില്‍ ഇല്ല. എന്നാല്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ പരാജയപ്പെട്ട കുമ്മനത്തെ മാനക്കേടില്ലാതെ തല്‍സ്ഥാനത്ത് നിന്നും മാറ്റുക എന്നതിനുള്ള ഉപായമായിരുന്നു മിസോറാം ഗവര്‍ണര്‍ സ്ഥാനം. 
എന്നാല്‍ ഇപ്പോള്‍ ആ പരാജയപ്പെട്ട രാഷ്ട്രീയക്കാരനെ തിരിച്ചു കൊണ്ടു വരുന്നതിന് പിന്നാലെ ഘടകം ശബരിമലയാണ്. എന്നും എല്ലാകാലത്തും ശബരിമല കുമ്മനത്തിന്‍റെ ഊര്‍ജ്ജമാണ്. നിലയ്ക്കല്‍ സമരമാണ് കുമ്മനത്തെ സൃഷ്ടിച്ചത് തന്നെ. ശബരിമല സമരം വന്നപ്പോള്‍ ആര്‍.എസ്.എസ് ഏറ്റവും മിസ് ചെയ്തത് കുമ്മനത്തെയാണ്. കുമ്മനം ഉണ്ടായിരുന്നുവെങ്കില്‍ ആര്‍.എസ്.എസിന്‍റെ സമരം ഈ രീതിയിലാവുമായിരുന്നില്ല. അയാളതിനെ പതിന്‍മടങ്ങ് വോള്‍ട്ടേജുള്ള ഒന്നാക്കിമാറ്റുമായിരുന്നു. പക്ഷെ കേരളത്തിന്‍റെ ഭാഗ്യമാണ് കുമ്മനം നാടുകടത്തപ്പെട്ടത്. 
എന്നാലിപ്പോള്‍ കുമ്മനം തിരിച്ചു വരുന്നത് ശബരിമലയുടെ ഫലം ഊറ്റിയെടുക്കാനാണ്. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് പഴയ ഹിന്ദു ഐക്യ വേദി നേതാവായി കുമ്മനം എത്തുമ്പോള്‍ ശബരിമലയ്ക്ക് വേണ്ടി ഏത് തീവ്രനിലപാടിലേക്കും പോകാനുള്ള ലൈസന്‍സ് കൂടിയാണ് കുമ്മനത്തിന് ലഭിക്കുന്നത്. ഈ ഇലക്ഷന്‍ സമയത്ത് കുമ്മനത്തോളം ശബരിമലയെ ഒരു സബ്ജക്ടാക്കി മാറ്റാന്‍ പോന്ന മറ്റൊരാളില്ല. 
എന്നാല്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് കുമ്മനം വിജയിക്കില്ല എന്ന കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. എന്തു വിലകൊടുത്തും കുമ്മനം തിരുവനന്തപുരത്ത് സിപിഎമ്മിനാല്‍ പരാജയപ്പെടും. സിപിഎം തങ്ങളുടെ മുഴുവന്‍ വോട്ടുകളും മറിച്ചു കൊടുത്താലും കുമ്മനത്തെ തോല്‍പ്പിച്ചെടുക്കും. എല്‍.ഡി.എഫിന്‍റെ സി.ദിവാകരന്‍ വെറുമൊരു നേര്‍ച്ചക്കോഴിയായി തരംതാഴ്ത്തപ്പെടുമെന്ന് മാത്രം. 
അതുകൊണ്ട് തിരുവനന്തപുരത്ത് നിന്നൊരു എം.പിയെ ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ കുമ്മനം വരുന്നത് ശബരിമലയെ ലക്ഷ്യം വെച്ചാണ്. അവിടെ ഇനി പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം തുടങ്ങുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇതുവരെ രാഹുല്‍ ഈശ്വര്‍ നടത്തിയ കുട്ടിക്കളിയല്ല കേരളം ശബരിമലയില്‍ കാണാന്‍ പോകുന്നത്. നിലയ്ക്കല്‍ സമരത്തില്‍ തുടങ്ങുന്ന ചരിത്രമുള്ള ഹിന്ദുത്വവാദിയുടെ മതാത്മകമായ ഇടപെടലുകളായിരിക്കും. അത് ഇലക്ഷനില്‍ ബിജെപിക്ക് എത്രത്തോളം വോട്ട് ഷെയര്‍ നേടിക്കൊടുക്കുമെന്നതാണ് ഇനി കാണേണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക