Image

ഡ്രമ്മര്‍ ജോണ്‍സിനെ വെടിവച്ച് കൊന്ന കേസില്‍ പാക്കിസ്ഥാനി അമേരിക്കന്‍ പോലിസ് ഓഫിസര്‍ കുറ്റക്കാരന്‍

Published on 08 March, 2019
 ഡ്രമ്മര്‍ ജോണ്‍സിനെ വെടിവച്ച് കൊന്ന കേസില്‍ പാക്കിസ്ഥാനി അമേരിക്കന്‍ പോലിസ് ഓഫിസര്‍ കുറ്റക്കാരന്‍
ഫ്‌ളോറിഡ: ഡ്രമ്മര്‍ കോറി ജോണ്‍സിനെ വെടിവെച്ച് കൊന്ന കേസില്‍ മുന്‍ സൗത്ത് ഫ്ളോറിഡ പോലിസ് ഓഫിസര്‍ കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. 2015 ഒക്ടോബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. പാം ബീച്ച് ഗാര്‍ഡന്‍സ് പോലിസില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാനി അമേരിക്കന്‍ വംശജനായ നൗമാന്‍ രാജയാണ് മുപ്പത്തിയൊന്നുകാരനായ കോറി ജോണ്‍സിന്റെ മരണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 26ന് കോടതി ശിക്ഷ വിധിക്കും
രാത്രി ബ്രേക്ഡൗണായി കിടന്ന കാറിലിരുന്ന് സഹായമഭ്യര്‍ഥിക്കുകയായിരുന്നു ഡ്രമ്മര്‍ ജോണ്‍സ്. സംഗീത പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി തിരിച്ചുവരവെയാണ് ഇദ്ദേഹത്തിന്റെ കാര്‍ ബ്രേക് ഡൗണായത്. സഹായത്തിനുവേണ്ടി പല തവണ ട്രാഫിക് അധികാരികളെ ബന്ധപ്പെട്ടെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്ന് ജോണ്‍സിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ബഞ്ചമിന്‍ ക്രമ്പ് പറയുന്നു.

രാജ ഡ്യൂട്ടിയിലായിരുന്നുവെങ്കിലും മഫ്തിയിലായിരുന്നു. കാറും അണ്‍ മാര്‍ക്ക്ഡ് ആയിരുന്നു.ഉപേക്ഷിക്കപ്പെട്ട വണ്ടി എന്ന നിലയിലാണ് രാജ അസമയത്ത് വഴിയില്‍ കണ്ട വാഹനം പരിശോധിക്കാനെത്തിയത്. തന്നെ കൊള്ളയടിക്കാന്‍ ആരോ വരുന്നു എന്ന ധാരണയാണ് ജോണ്‍സിനുണ്ടായത്. അതോടെ നിയമപരമായി കൈവശം വച്ചിരുന്ന തോക്കു രാജക്കു നേരെ ചൂണ്ടി.

അതോടെ രാജ വെടി വച്ചു. താന്‍ പോലിസ് ഓഫിസറാണെന്ന് രാജ ജോണ്‍സിനോട് വെളിപ്പെടുത്തിയതായി പ്രതിഭാഗം പറയുന്നുണ്ടെങ്കിലും പ്രോസിക്യൂട്ടര്‍ അത് നിഷേധിച്ചു.

താന്‍ കൊള്ളയടിക്കപ്പെടാന്‍ പോകുന്നുവെന്ന് ജോണ്‍സ് തെറ്റിദ്ധരിച്ചുവെന്നും മഫ്തിയിലായിരുന്ന പോലിസ് ഓഫിസറെ ജോണ്‍സ് തിരിച്ചറിഞ്ഞില്ലെന്നും അതുകൊണ്ടാണ് തോക്ക് ചൂണ്ടിയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ലീഗലായാണ് ജോണ്‍സ് തോക്ക് കൈവശം വച്ചിരുന്നത്.

കോറി ജോണ്‍സ് കാറിന് പുറത്തുവന്ന് രാജയ്ക്ക് നേരെ തോക്ക് ചൂണ്ടിയില്ലെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി അഡ്രിനെ എലിസ് ജൂറിയോട് പറഞ്ഞു. രാജയും ജോണ്‍സും തമ്മിലുള്ള സംഭാഷണം ടോവിംഗ് കമ്പനിയിലെ ക്ലാര്‍ക്ക് റേക്കോര്‍ഡ് ചെയ്തിരുന്നു. അയാളുമായി ജോണ്‍സ് സംസാരിക്കുമ്പോഴായിരുന്നുരാജ എത്തിയത്

മൂന്ന് വെടിയുണ്ടകള്‍ ജോണ്‍സിന്റെ ശരീരത്തില്‍ ഏറ്റിരുന്നു. ജോണ്‍സിന്റെ മരണം, പോലിസ് വെടിവെയ്പ് സംബന്ധിച്ച് രാജ്യത്താകെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജോണ്‍സ് കറുത്ത വര്‍ഗക്കാരനും രാജ പാക്കിസ്ഥാനി അമേരിക്കനുമാണ് എന്നതുകൊണ്ട് വംശീയതയും ഈ മരണത്തില്‍ ആരോപിക്കപ്പെട്ടു.

പക്ഷേ ഇതില്‍ വംശീയതയുടെ പ്രശ്നമില്ലെന്നും നീതിയുടെ പ്രശ്നമാണെന്നും സത്യം ജയിക്കുമെന്നും ജോണ്‍സിന്റെ പിതാവ് ക്ലിന്റണ്‍ ജോണ്‍സ് വിധി വന്നശേഷം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക