Image

പാകിസ്താന് സന്ദേശവുമായി സൗദി; പിന്നാലെ മന്ത്രി ഇന്ത്യയിലേക്ക്, വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

Published on 09 March, 2019
പാകിസ്താന് സന്ദേശവുമായി സൗദി; പിന്നാലെ മന്ത്രി ഇന്ത്യയിലേക്ക്, വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

ദില്ലി: ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായിരിക്കെ സൗദി അറേബ്യയുടെ ഇടപെടലുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വീണ്ടും ഇന്ത്യയിലേക്കെത്തും. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മന്ത്രിയുടെ വീണ്ടുമുള്ള വരവ്.

പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് സൗദി മന്ത്രി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തിയ സാഹചര്യം ലഘൂകരിക്കുന്നതില്‍ സൗദി മുഖ്യപങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി മന്ത്രി പാകിസ്താനും പിന്നാലെ ഇന്ത്യയും സന്ദര്‍ശിക്കുന്നത് വാര്‍ത്തയാകുന്നത്....

സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ് ഇന്ത്യയിലെത്തുന്നത്. അദ്ദേഹം തിങ്കളാഴ്ച ദില്ലിയില്‍ എത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയാണ് പ്രധാന ലക്ഷ്യം.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തന്ത്രപ്രധാന സഹകരണ ചര്‍ച്ചകള്‍ക്ക് അന്ന് തുടക്കമിടുകയും ചെയ്തു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് സൗദി വിദേശകാര്യമന്ത്രി വരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.കഴിഞ്ഞദിവസം സൗദി മന്ത്രി ആദില്‍ ജുബൈര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം റിയാദിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച ദില്ലിയിലെത്തും. പാകിസ്താനുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സുഷമ സ്വരാജുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

സൗദിയുടെ സൗഹൃദ് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമാകുകയും അതിര്‍ത്തിയില്‍ യുദ്ധസാഹചര്യം ഒരുങ്ങിയതും സൗദിക്ക് ആശങ്കയുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് കിരീടവകാശി പാകിസ്താനും ഇന്ത്യയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍.ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെടരുതെന്ന് പാകിസ്താനോട് സൗദി ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്റെ മോചനം എളുപ്പമാകാന്‍ കാരണം സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ വേളയില്‍ തന്നെയായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി യുഎഇയില്‍ നടന്നത്. ഇന്ത്യയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ചു. ഇന്ത്യന്‍ പ്രതിനിധി പങ്കെടുത്ത സാഹചര്യത്തില്‍ പാകിസ്താന്‍ ഉച്ചകോടി ബഹിഷ്‌കരിക്കുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക