Image

വടകരയില്‍ ഇലക്ഷന്‍ തീപാറും; പി.ജയരാജനെതിരെ കെ.കെ രമ അങ്കത്തിന് ഒരുങ്ങുമ്പോള്‍

കല Published on 10 March, 2019
വടകരയില്‍ ഇലക്ഷന്‍ തീപാറും; പി.ജയരാജനെതിരെ കെ.കെ രമ അങ്കത്തിന് ഒരുങ്ങുമ്പോള്‍

ഈ ഇലക്ഷനില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ലോക്സഭാ മണ്ഡലമായി മാറിയിരിക്കുന്നു വടകര. പി.ജയരാജന്‍ എന്ന സ്ഥാനാര്‍ഥിത്വമാണ് ആ ശ്രദ്ധ നേടികൊടുത്തത്. ഇപ്പോഴിതാ എപ്പോഴും പി.ജയരാജന്‍റെ ഏറ്റവും വലിയ വിമര്‍ശകയായ കെ.കെ രമ കൂടി എതിരാളിയായി എത്തുമ്പോള്‍ വടകയില്‍ തീപാറും എന്നുറപ്പ്. ഇനി കെ.കെ രമയ്ക്ക് യുഡിഎഫ് പിന്തുണ കൂടി ലഭിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. 
ടി.പി ചന്ദ്രശേഖരന്‍റെ ആര്‍.എം.പിക്ക് സ്വാധീനമുള്ള മണ്ഡലമാണ് വടകര. ചന്ദ്രശേഖരനുണ്ടായിരുന്ന കാലത്തെ ശക്തി ഇപ്പോള്‍ ആര്‍.എംപിക്ക് ഇല്ലെങ്കിലും പൊതു മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ നേര്‍ക്ക് നേര്‍ പോരാളിയാണ് ചന്ദ്രശേഖരന്‍റെ വിധവയായ കെ.കെ രമ. ചന്ദ്രശേഖരന്‍റെ മരണം ഇപ്പോഴും സിപിഎമ്മിനെ വേട്ടയാടുമ്പോള്‍ പി.ജയരാജനെയാണ് എല്ലാകാലത്തും കെ.കെ രമ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. പി.ജയരാജന്‍ അറിയാതെ ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ല എന്ന് രമ ഇപ്പോഴും വിശ്വസിക്കുന്നു. അത് ഉറക്കെ വിളിച്ചു പറയുന്നു. അന്ന് തൊട്ട് ഇന്നുവരെ രമയെ ഇകഴ്ത്തി കാണിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ആ ധീരവനിത ചങ്കുറ്റത്തോടെ നേരിട്ടു. 
ഇപ്പോഴിതാ താന്‍ എന്നും ആരോപണത്തില്‍ നിര്‍ത്തിയിട്ടുള്ള പി.ജയരാജനെ രമയുടെ മുമ്പില്‍ കാലം കൊണ്ടു വന്നു നിര്‍ത്തിയിരിക്കുന്നു. യുഡിഎഫ് രമക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ പി.ജയരാജന്‍റെ വിജയം അത്രമേല്‍ എളുപ്പമാകുകയില്ല. പി.ജയരാജന്‍ വിജയിച്ചില്ലെങ്കില്‍ സിപിഎമ്മിന് അത് വലിയ അഭിമാനക്ഷതമായി മാറുകയും ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക