Image

മേലിലുയിര്‍ത്തെഴുനേല്‍ക്കരുതേ-(കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 11 March, 2019
മേലിലുയിര്‍ത്തെഴുനേല്‍ക്കരുതേ-(കവിത: മാര്‍ഗരറ്റ് ജോസഫ്)
ആദിമുതല്ക്കതിജീവനത്തില്‍-
പാതയൊരുക്കിയ ജീവികളില്‍
മാനവ മാനസം പോര്‍ക്കളമായ്,
പാരിടമെമ്പാടും പോര്‍ക്കളമായ്,
കാറ്റുകള്‍ കാഹളമൂതിയൂതി,
ധര്‍മ്മയുദ്ധം പകതീര്‍ത്ത മണ്ണില്‍,
സംഹാരതാണ്ഡവമാടിയാടി,
പേടിപ്പെടുത്തുവതെന്തിനായി?
സ്‌നേഹാര്‍ദ്രധാരയൊലിച്ചൊലിച്ച്!
ആത്മവെളിച്ച മണഞ്ഞവരേ,
സ്വാര്‍ത്ഥത രൂപമെടുത്തവരായ്,
ശത്രുത മാടിവിളിക്കുവോരേ;
കാലദേശാദിഭേദങ്ങളെന്യെ!
കൊല്ലു കൊലയും ലഹരിയാക്കി,
ജീവിതം ശൂന്യതയ്ക്കാവാസമായ്,
നാശത്തിലേയ്ക്ക് നയിച്ചിടുന്നോ?
നഷ്ടക്കണക്കുകളെണ്ണിയെണ്ണി,
കണ്ണീര്‍ക്കടലുകള്‍ നീന്തിയിടുന്ന,
അമ്മമാര്‍, ഭാര്യമാര്‍, മക്കളൊത്ത്,
ദുഃഖത്തില്‍ ബാക്കിപത്രങ്ങളെത്ര?
നീതിയാം ദേവതകണ്ണുകെട്ടി,
ഉന്മാദമൂര്‍ത്തികളക്രമികള്‍,
ഉഗ്രവിഷസര്‍പ്പതുല്യരായി,
ചോരപുഴകളൊഴുകിടുന്നോ?
മാതൃരാജ്യത്തിന് കാവലാളായ്-
രാപ്പകല്‍ സേവനം ചെയ്യുവോരേ,
ധീരതയുള്‍ക്കരുത്തായി സ്വയം,
വീരചരമം വരിച്ചവരേ,
ജീവരക്തത്തില്‍ കുറിച്ചിടുന്ന-
ത്യാഗചരിത്രം മഹത്തരമായ്,
ഏവരുമീ വഴിത്താരകളില്‍,
പൗരധര്‍മ്മം നിറവേറ്റിടട്ടെ.

മേലിലുയിര്‍ത്തെഴുനേല്‍ക്കരുതേ-(കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക