Image

7 പേര്‍ക്ക് ഷൈനിംഗ് സ്റ്റാര്‍സ് 2019- എം.എ.സി.എഫ് റ്റാമ്പാ വനിതാ അവാര്‍ഡുകള്‍

Published on 11 March, 2019
7  പേര്‍ക്ക്  ഷൈനിംഗ് സ്റ്റാര്‍സ് 2019- എം.എ.സി.എഫ് റ്റാമ്പാ വനിതാ അവാര്‍ഡുകള്‍
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്, റ്റാമ്പാ) വിമന്‍സ് ഫോറം ഷൈനിംഗ് സ്റ്റാര്‍സ് 2019 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കാത്തലിക് പള്ളിയുടെ പ്രധാന ഹാളില്‍ നടക്കുന്ന വിമന്‍സ് ഡേ ആഘോഷങ്ങളില്‍ വച്ചു അവാര്‍ഡ് ദാനം നടക്കുന്നതാണ്.

റ്റാമ്പാ മലയാളികളുടെ ഇടയില്‍ തന്റേതായ സംഭാവനകള്‍ കൊണ്ട് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞ ഏഴു വനിതകള്‍ക്കാണ് ഇപ്രാവശ്യം അവാര്‍ഡ് നല്‍കുന്നത്. 1991-ല്‍ രൂപീകൃതമായ എം.എ.സി.എഫിന്റെ ഏഴാമത് പ്രസിഡന്റും ആദ്യത്തെ വനിതാ പ്രസിഡന്റുമായിരുന്ന മേരി വട്ടമറ്റം തന്റെ നേതൃത്വപാടവം കൊണ്ടാണ് അവാര്‍ഡിന് അര്‍ഹയായത്. 2017- 18 വര്‍ഷങ്ങളില്‍ ഇരുനൂറിനടുത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര കോറിയോഗ്രാഫി ചെയ്ത് വിജയമാക്കിയ ജെസ്സി കുളങ്ങരയാണ് മറ്റൊരു ജേതാവ്. NCLEX പരീക്ഷയുടെ പകച്ചു നില്‍ക്കുന്നവര്‍ക്ക് എം.എ.സി.എഫ് വഴി അസോസിയേഷന്റെ കേരളാ സെന്ററില്‍ സൗജന്യമായി പരിശീലനം നല്‍കി അവരെ ആര്‍.എന്‍ ജോലിയിലേക്ക് കൈപിടിച്ച് കയറ്റി അമ്മിണി ചെറിയാനാണ് മറ്റൊരു പുരസ്കാര ജേതാവ്.

കായികലോകത്ത് തങ്ങളുടേതായ കഴിവുകള്‍ പ്രകടമാക്കാന്‍ കൊതിച്ച മിടുക്കികള്‍ക്കുവേണ്ടി എം.എ.സി.എഫ് ത്രോബോള്‍ ടീം തുടങ്ങി, കോച്ചിംഗ് നല്‍കി മികച്ച വിജയം പടുത്തുയര്‍ത്തിയതിനാണ് ലക്ഷ്മി രാജേശ്വരി അവാര്‍ഡിന് അര്‍ഹയായത്. 2018-ലെ ഓണം മെഗാ മോഹിനിയാട്ടത്തിനു നൃത്തച്ചുവടുകള്‍ നല്‍കിയ നന്ദിത ബിജേഷ്, ബബിത കാലടി തുടങ്ങിയവര്‍ തങ്ങളുടെ നാട്യമികവിനാണ് പുരസ്കാരങ്ങള്‍ നേടിയത്. മലയാളി അല്ലാതിരുന്നിട്ടുകൂടി കഴിവിന്റെ പരമാവധി സഹായങ്ങള്‍ എം.എ.സി.എഫിനു നല്‍കിയ വിദ്യ ചന്ദ്രകാന്ത് ഫ്രണ്ട് ഓഫ് എം.എ.സി.എഫ് പുരസ്കാരം നേടി.

മാര്‍ച്ച് 16-നു ശനിയാഴ്ച 3 മണി മുതല്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിലേക്കും തുടര്‍ന്നു നടക്കുന്ന സാരി ഫാഷന്‍ മത്സരം കാണുവാനും എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീന ലിജു (813 458 9571), അഞ്ജന കൃഷ്ണന്‍ (813 474 8468), സാലി മച്ചാനിക്കല്‍ (813 420 3196).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക