Image

യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ ആരാധാനാ തര്‍ക്കത്തില്‍ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

Published on 13 March, 2019
യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ ആരാധാനാ തര്‍ക്കത്തില്‍ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളിലെ ആരാധാനാ വിഷയത്തില്‍ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന്‌ കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ്‌ ഇന്ന്‌ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്‌.

യാക്കോബായ വിഭാഗക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനുള്ള അനുമതി ഓര്‍ത്തഡോക്‌സ്‌ വൈദികര്‍ക്ക്‌ മാത്രമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. ഈ പ്രശ്‌നം ക്രമസമാധാന വിഷയമായി മാറുകയാണെങ്കില്‍ പൊലീസിന്‌ ഇടപെടാമെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം സെമിത്തേരികളില്‍ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നല്‍കണമെന്നും കോടതി പറഞ്ഞു. ഇതോടെ തര്‍ക്കമുള്ള പള്ളികളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. വരിക്കൂലി, കട്ടച്ചിറ,പിറവം തുടങ്ങിയ പള്ളികളിലെ തര്‍ക്ക കേസുകളാണ്‌ ഇന്ന്‌ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ വന്നത്‌.

സ്ഥിരമായ പൊലീസ്‌ സംരക്ഷണം വേണമെന്ന ഒര്‍ത്തഡോക്‌സ്‌ പക്ഷത്തിന്റെ ആവശ്യം കോടതി നിരാകരിച്ചു.

ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസിന്‌ ഇടപെടാം. 1934-ലെ ഭരണഘടനാപ്രകാരമാണ്‌ പള്ളികള്‍ ഭരിക്കപ്പെടേണ്ടത്‌. കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക