Image

ക്ലാസ്‌മേറ്റ്‌സില്‍ കാവ്യയുടെ വേഷം വന്നതെങ്ങനെ. ലാല്‍ ജോസ് പറയുന്നു

Published on 13 March, 2019
ക്ലാസ്‌മേറ്റ്‌സില്‍ കാവ്യയുടെ വേഷം വന്നതെങ്ങനെ. ലാല്‍ ജോസ് പറയുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്ത്, 2006ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ചിത്രം പറഞ്ഞത്. കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലുമെല്ലാം പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുകൂടലിന് വഴി തെളിയിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ചിത്രം ഇറങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം ഏവരുടേയും മനസ്സിലും നിറഞ്ഞു നില്‍ക്കുകയാണ്.

ക്‌ലാസ്‌മേറ്റ്‌സിനെ കുറിച്ച് പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് ലാല്‍ജോസ്. '' തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. രാധിക അവതരിപ്പിച്ച റസിയ എന്ന വേഷം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അത് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടു. ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ഞാന്‍ ജയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. 

കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല
അതിനിടെ ജയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാന്‍ കാര്യമെന്താണെന്ന് തിരക്കി.  'ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി' കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. 

അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, 'റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം'. അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. 

ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു ലാല്‍ ജോസ് പറയുന്നു. പൃഥ്വിരാജ്. കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര വേഷമിട്ട ഈ ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക