Image

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

Published on 14 March, 2019
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

ദില്ലി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ടോം വടക്കന്റെ കൂറുമാറ്റം.

സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്ന് ടോം വടക്കന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെയും അമിത് ഷായെയും പുകഴ്ത്തിയാണ് ടോം വടക്കന്‍ സംസാരിച്ചത്....

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നന്ദി പറഞ്ഞാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത കാര്യം പ്രഖ്യാപിച്ചത്.പുല്‍വാമ ആക്രമണ ശേഷം കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ തന്നെ ഏറെ വേദപിപ്പിച്ചുവെന്ന് ടോം വടക്കന്‍ പറയുന്നു. സൈന്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് മുന്‍ വക്താവ് കൂടിയായ ടോം വടക്കന്‍ പറഞ്ഞു.കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പാകിസ്താന്‍ കേന്ദ്രമായുള്ള തീവ്രവാദികളോട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഖേദകരമാണ്. തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നും ടോം വടക്കന്‍ പറഞ്ഞു.മോദി ശോഭനമായ ഭാവി ഇന്ത്യയ്ക്ക് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതാവ് ആരാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. തന്നെ വിശ്വാസത്തിലെടുത്ത അമിത് ഷായോട് നന്ദിയുണ്ട്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കുകയാണെന്നും ടോം വടക്കന്‍ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും ടോം വടക്കന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് തന്നെ ആകര്‍ഷിച്ചുവെന്നും ടോം വടക്കന്‍ പറഞ്ഞു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ദില്ലി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വാക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദേശീയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്‍ പങ്കെടുത്തിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു. ഇത്തരം കൂടുതല്‍ വാര്‍ത്തകള്‍ കേള്‍ക്കാമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരു പക്ഷേ ടോം വടക്കന്‍ തിരുവനന്തുപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.നാല് ദിവസം മുമ്പ് വരെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് ടോം വടക്കന്‍. ഇങ്ങനെ ഒരു നേതാവ് ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണിതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക