Image

സ്‌ത്രീയും സമൂഹവും (മീട്ടു റഹ്‌മത്‌ കലാം)

Published on 18 April, 2012
സ്‌ത്രീയും സമൂഹവും (മീട്ടു റഹ്‌മത്‌ കലാം)
ആദമിന്റെ വാരിയെല്ലില്‍ നിന്ന്‌ ആദ്യമായി ഒരു സ്‌ത്രീരൂപം തീര്‍ക്കുമ്പോള്‍ ഇന്ന്‌ കാണുന്ന സ്‌ത്രീയുടെ അവതാരങ്ങളെക്കുറിച്ച്‌ ദൈവം ചിന്തിച്ചിരുന്നോ എന്നതുപോലും സംശയമാണ്‌. ഓരോ സ്‌ത്രീയും വ്യത്യസ്‌തയാണ്‌. നവരസങ്ങള്‍ക്കപ്പുറമുള്ള ഭാവങ്ങള്‍പോലും മിന്നിമറയുന്ന ജന്‍മങ്ങള്‍. ഈ വ്യത്യസ്‌തതകൊണ്ടു തന്നെ അവരോരോരുത്തരില്‍ നിന്നും തുറന്നു വച്ച പുസ്‌തകത്തില്‍ നിന്നെന്നപോലെ വായിച്ചെടുക്കാന്‍ പലതുമുണ്ട്‌. ലോകം അംഗീകരിച്ച പല മഹത്‌വ്യക്തിത്വങ്ങളെക്കാള്‍ കൂടുതല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍, നാളെയെന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ പെടാപ്പാടുപെടുന്ന സ്‌ത്രീകളില്‍ നിന്ന്‌ പഠിക്കാനുണ്ട്‌. എന്തില്‍ നിന്നും തന്റെ ഉള്ളിലേയ്‌ക്കൊരു ഊര്‍ജ്ജം പ്രവഹിപ്പിക്കാനുള്ള മനുഷ്യസഹജമായ പ്രവണതയാണല്ലോ ഭാഷയും സംസ്‌ക്കാരവും ജീവിതം തന്നെയും പടുത്തുയര്‍ത്തുന്ന പ്രധാന ഘടകം.

എങ്ങനെ നോക്കിയാലും ഏതൊരു വ്യക്തിയ്‌ക്കും ആദ്യപ്രേരണ നല്‍കുന്ന സ്‌ത്രീരൂപമാണ്‌ അമ്മ. പിഞ്ചോമനയെ കയ്യില്‍ കിട്ടുമ്പോള്‍ സ്‌നേഹത്തിന്‍റെ ആഴംകൊണ്ട്‌ പ്രസവവേദനപോലും മറന്ന്‌ പുഞ്ചിരിക്കുന്ന അമ്മയുടെ മുഖത്തെക്കാള്‍ വലിയൊരു സ്വാധീനം മനുഷ്യസ്വഭാവരൂപീകരണത്തില്‍ മറ്റൊന്നിനും ഇല്ല. മറ്റൊരിടത്തുനിന്നും കിട്ടാനില്ല. എന്നും സ്‌ത്രീ പുരുഷന്റെ തണലിലാണ്‌ അച്ഛന്റെ, ഭര്‍ത്താവിന്റെ, മകന്റെ എന്നൊക്കെ പറയുമ്പോള്‍ അത്‌ തീര്‍ത്തും ശരിയല്ല. നഷ്ടമായ വാരിയെല്ലിന്റെ പേരില്‍ അപൂര്‍ണ്ണനായ പുരുഷന്‍, സ്‌ത്രീയുടെ പലഘട്ടങ്ങളുമായി ചേര്‍ന്ന്‌ പൂര്‍ണ്ണത കൈവരിക്കാനുള്ള ശ്രമമായി വേണം അതിനെ കാണാന്‍.

പുറമേ ശക്തനെന്ന്‌ തോന്നുന്ന പുരുഷന്‍മാര്‍ പതറി നില്‍ക്കുന്ന പ്രതിസന്ധിഘട്ടങ്ങളെ സ്‌ത്രീ തന്റെ ഉള്‍ക്കരുത്ത്‌ കൊണ്ട്‌ സമര്‍ത്ഥമായി അതിജീവിക്കുന്നതിന്‍റെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. ജീവന്റെ തരിമ്പുമാത്രം ബാക്കിയുള്ള ഭര്‍ത്താവിനെ മടികൂടാതെ പരിചരിച്ചും വൈധവ്യത്തില്‍ ഇന്നലെകളിലെ ഓര്‍മകളെ പുല്‍കിയും തള്ളിനീക്കുന്ന സ്‌ത്രീജീവിതത്തിന്‍റെ സൂക്ഷ്‌മഭാവങ്ങളെപ്പറ്റിയുള്ള അവബോധം, രോഗാവസ്ഥയില്‍ രൂപസൗന്ദര്യം നശിച്ച ഭാര്യമാരെ ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്‍മാരുടെപോലും കണ്ണുതുറപ്പിക്കും. അവളുടെ നെടുവീര്‍പ്പുകള്‍ക്കും മൗനത്തിന്‌ പോലും കഴിവുറ്റ പ്രഭാഷകന്റെ വാക്കുകളെക്കാള്‍ ശക്തിയും മൂര്‍ച്ചയും അര്‍ത്ഥതലങ്ങളുമുണ്ട്‌.

പുരുഷന്‍ കഴിവുതെളിയിച്ച മേഖലയില്‍ ഒരു സ്‌ത്രീ എത്തിപ്പെടുമ്പോള്‍ അത്‌ വാര്‍ത്തയാകുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ സ്‌ത്രീയെ താഴ്‌ത്തിക്കാണലാണ്‌. വനിതാ ഓട്ടോ െ്രെഡവര്‍, വനിതാ കണ്ടക്ടര്‍ എന്നൊക്കെപ്പറഞ്ഞ്‌ ഫോട്ടോസഹിതം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ കഴിയാത്തതെന്തോ അവര്‍ സാധിച്ചുവെന്ന്‌ തോന്നിപ്പോകും. ജോലിയുടെ കാര്യത്തില്‍ ആണിനും പെണ്ണിനും കഴിവുകളില്‍ വേര്‍തിരിവുള്ളതായി ശാസ്‌ത്രീയമായി തെളിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ നിലവിലുള്ള സംവരണങ്ങള്‍ ഇല്ലാതെയും പ്രയത്‌നത്തിലൂടെ ഉദ്ദേശിക്കുന്ന സ്ഥാനത്തെത്തിപ്പെടാനും തിളങ്ങാനും പെണ്ണിന്‌ കരുത്തുണ്ട്‌.

മനുഷ്യജീവിതത്തിലേയ്‌ക്ക്‌ ഒരു വ്യക്തിയുടെ സ്വാധീനം കടന്നുവരുന്നത്‌ ആരുടേയും മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരമല്ല. അത്‌ അയാളുടെ പ്രവൃത്തിയിലെ ഏതോ ഒരു ഘടകത്തിന്റെ തികച്ചും യാദൃശ്ചികമായ എത്തിപ്പെടലാണ്‌, പ്രേരണചെലുത്തലാണ്‌.

സ്‌ത്രീത്വം എന്നത്‌ അറിയാന്‍ ശ്രമിക്കും തോറും അജ്ഞതയുടെ ആഴം കൂടുന്ന ഒരത്ഭുത പ്രതിഭാസമാണ്‌. ആ യാഥാര്‍ത്ഥ്യം അവള്‍ക്ക്‌ ഇരട്ടി ഭംഗി പകരുന്നു. അവളുടെ ഊഹാപോഹങ്ങള്‍ക്ക്‌ പുരുഷന്‍റെ തീര്‍ച്ചപ്പെടുത്തലുകളെക്കാള്‍ കൃത്യതയും ഉറപ്പുമുണ്ട്‌. കഴിവുകള്‍ക്ക്‌ പരിധി നിശ്ചയിക്കാതിരുന്നാല്‍ പരിമിതികളുടെ അസ്വസ്ഥത മനസ്സിനെ തളര്‍ത്തില്ലെന്നും ഏറെ ദൂരം സഞ്ചരിക്കാനുള്ള ഉള്‍പ്രേരണ അതിലൂടെ ഉണ്ടാകുമെന്നും അവള്‍ തിരിച്ചറിയുന്നു.സമര്‍ത്ഥരായ നാവികര്‍ക്ക്‌ ജന്‍മം നല്‍കുക ശാന്തമായ കടലല്ല എന്ന സത്യം പ്രശ്‌നങ്ങളുടെ തീച്ചൂടില്‍ നിന്നും മക്കളെ അതറിയിക്കാതെ വളര്‍ത്തി പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ത്തുന്ന മാതൃത്വം പറയാതെ പറയുന്നു.

ഇരുട്ടിനുമുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ അതിജീവിക്കാന്‍ ഹെലന്‍ കെല്ലര്‍ ആണായിരുന്നെങ്കില്‍ ഒരു പക്ഷേ കഴിയുമായിരുന്നില്ല. മദര്‍ തെരേസയുടെ സേവന മനോഭാവത്തിന്‍റെ കാര്യവും വിഭിന്നമല്ല. സ്വയം സഹതപിക്കാതെ നാളത്തെ വിജയം സ്വപ്‌നം കണ്ട്‌ ജീവിതം തുഴയാനുള്ള പ്രേരണ സാധാരണക്കാരില്‍ സാധാരണക്കാരായ സ്‌ത്രീകളില്‍ നിന്ന്‌ പോലും ലഭിക്കും. സ്‌ത്രീയുടെ വേറിട്ട മുഖങ്ങള്‍ മന്ഥരയിലും സീതാദേവിയിലും പാഞ്ചാലിയിലുമൊക്കെ നമ്മള്‍ കണ്ടതാണ്‌. അവതാരങ്ങള്‍ തുടരുകയാണോയെന്ന്‌ സ്‌ത്രീപീഡനപരമ്പരകളിലെ പ്രതിസ്ഥാനത്തുള്ള സ്‌ത്രീ സാന്നിധ്യത്തെയും ജീവിതം നഷ്ടപ്പെട്ട പെണ്ണുങ്ങളെയും കാണുമ്പോള്‍ തോന്നും. സ്‌ത്രീകള്‍ക്ക്‌ സമത്വമല്ല ആവശ്യം. അവരുടെ സ്ഥാനം എന്താണെന്ന തിരിച്ചറിവുള്ള, അവരെ വേണ്ടവിധത്തില്‍ ആദരിക്കുവാന്‍ മനസ്സുള്ള ഒരു സമൂഹത്തെയാണ്‌.
സ്‌ത്രീയും സമൂഹവും (മീട്ടു റഹ്‌മത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക