Image

പ്രവാസി കൂട്ടായ്മയില്‍ വണ്ടൂരില്‍ സിവില്‍ സര്‍വീസ് അക്കാഡമി

Published on 16 March, 2019
പ്രവാസി കൂട്ടായ്മയില്‍ വണ്ടൂരില്‍ സിവില്‍ സര്‍വീസ് അക്കാഡമി


ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ സിവില്‍ സര്‍വീസ് ആന്‍ഡ് ലോ അക്കാഡമിയുടെ ലോഗോ, ബ്രോഷര്‍ എന്നിവയുടെ പ്രകാശനം ചെയ്തു. പ്രവാസി കൂട്ടായ്മയിലൂടെ ഒരു നാടിനു വെളിച്ചം നല്‍കിയ സഹ്യ ടൂറിസം ആന്‍ഡ് പ്രവാസി കോഓപ്പറേറ്റിവ് സൊസൈറ്റി സാരഥികളുടെ നാലാമത്തെ സംരംഭമാണ് അക്കാഡമി. 

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.ടി. എ മുനീര്‍, മെഡിക്കല്‍  എന്‍ജിനിയറിംഗ് മേഖലയില്‍ മികവ് പുലര്‍ത്തുന്ന മലപ്പുറം ജില്ലയിലെ കുട്ടികള്‍ എന്തുകൊണ്ട് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് മേഖലകളില്‍ എത്തിപെടുന്നില്ല എന്നതിന് ഉത്തരം കാണാനാണ്, ഇത്തരം ഒരു സ്ഥാപനം തുടങ്ങുവാന്‍ കാരണമെന്ന് മുനീര്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളിലെ പ്രമുഖ സ്ഥാപങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അക്കാഡമി പ്രവൃത്തിക്കുകയെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. 

കോളജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാപ്പറ്റ കുഞ്ഞി മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെറു പ്രായത്തില്‍ തന്നെ ഐഎഎസ് അടക്കമുള്ള ഉന്നത ലക്ഷ്യങ്ങള്‍ കിഴടക്കുന്നതിനു പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തിലാണ് 8 , 9 , 10 കഌസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പ്രിപ്പേറ്ററി കോഴ്‌സ് ആരംഭിക്കുന്നതെന്നും കുഞ്ഞി മുഹമ്മദ് പറഞ്ഞു. വേനല്‍ അവധി, ഒഴിവ് ദിനങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന പരിശീലന പരിപാടി ഭാവിയില്‍ ഉന്നത അധികാര സ്ഥാനങ്ങളില്‍ നമ്മുടെ ഇന്നത്തെ കുട്ടികള്‍ എത്തിപെടുവാന്‍ ഉപകാരപ്രദമാകുമെന്നു അദ്ദേഹം പറഞ്ഞു. 

സഹ്യ അംഗങ്ങളായ ചെമ്പന്‍ അബാസ്, യൂനുസ് പെരുകനഞ്ചിറ (ദുബായ്) സൈദലവി നരിക്കുനി, അക്ബര്‍ കരുമാര, ഫൈസല്‍ പാപ്പറ്റ എന്നിവര്‍ സംസാരിച്ചു. സഹ്യ കോഓര്‍ഡിനേറ്റര്‍ സാകിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും അലി മാളിയേക്കല്‍ നന്ദിയും പറഞ്ഞു. 

കഴിഞ്ഞ 6 വര്‍ഷമായി കോഴിക്കോട് സര്‍വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 10 ബിരുദ  ബിരുദാനന്തര കോഴ്‌സുകളിലായി നിരവധി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ജിദ്ദയിലെ പ്രവാസി പ്രമുഖരായ ആലുങ്ങല്‍ മുഹമ്മദ് (പ്രസിഡന്റ് , അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ) അബ്ദുല്ല മുഹമ്മദ് വെള്ളെങ്ങര ( മാനേജിംഗ് ഡയറക്ടര്‍ , ഹിബ ഏഷ്യ ഗ്രൂപ്പ്, വണ്ടൂര്‍ നിംസ് ഹോസ്പിറ്റല്‍) അര്‍ഷാദ് നൗഫല്‍ ( ഡയറക്ടര്‍, ഗുലയില്‍ മെഡിക്കല്‍ ഗ്രൂപ്പ്) തുടങ്ങിയവരുടെ രക്ഷകാര്‍തത്വത്തില്‍ പ്രവൃത്തിക്കുന്ന കോളജില്‍ നിന്നും ഇതിനോടകം 500 ല്‍ അധികം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഏകദേശം 5000 ല്‍ പരം വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന 8 പഞ്ചായത്തുകളില്‍ ഒരു അംഗീകൃത കേളജും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സംരഭവുമായി പ്രവാസികള്‍ മുന്നിട്ടറങ്ങിയത്. പ്രവാസികളുടെ യാത്രാ കാര്യങ്ങള്‍ക്കുള്ള സഹ്യ ലിഷര്‍ , സഹ്യ ബില്‍ഡേഴ്‌സ് എന്നിവയാണ് മറ്റു സംരഭങ്ങള്‍. 

വിവരങ്ങള്‍ക്ക്: 0556602367 , 0551328244 എന്നി .

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക