Image

തിരഞ്ഞെടുപ്പ്‌ ചട്ടം: കെ എസ്‌ ആര്‍ ടി സി ബസുകളിലെ പരസ്യം മാറ്റിത്തുടങ്ങി

Published on 17 March, 2019
തിരഞ്ഞെടുപ്പ്‌ ചട്ടം: കെ എസ്‌ ആര്‍ ടി സി ബസുകളിലെ പരസ്യം മാറ്റിത്തുടങ്ങി


തിരുവനന്തപുരം: തിരഞ്ഞെടുപ്പ്‌ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ കെ എസ്‌ ആര്‍ ടി സി ബസുകളില്‍ പതിച്ചിരുന്ന പരസ്യം നീക്കം ചെയ്‌തുതുടങ്ങി. തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സര്‍ക്കാര്‍ പരസ്യങ്ങളുമായി കെ എസ്‌ ആര്‍ ടി സി ബസുകള്‍ ഒടുന്നത്‌ തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാകുമെന്നതിനാലാണ്‌ പരസ്യം നീക്കം ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ നിര്‍ദേശിച്ചത്‌.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെയാണ്‌ ഒരു കോടി മുടക്കിയ പരസ്യം ആഴ്‌ചകള്‍ക്കുള്ളില്‍ മാറ്റേണ്ടിവന്നത്‌. കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ്‌ ബസുകളില്‍ പരസ്യ പോസ്റ്ററുകള്‍ സ്ഥാപിച്ചു തുടങ്ങിയത്‌. മാര്‍ച്ച്‌ ആദ്യവാരത്തോടെയാണ്‌ പോസ്റ്റര്‍ പതിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. എന്നാല്‍, മാര്‍ച്ച്‌ പത്തിന്‌ തിരഞ്ഞെടുപ്പ്‌ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. പരസ്യം നീക്കം ചെയ്‌തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫിസര്‍ നിര്‍ദേശം നല്‍കിയിരുന്നു. പല ബസുകളിലും ഒരാഴ്‌ച മാത്രമാണ്‌ പരസ്യം നിന്നത്‌. ലോക്കല്‍ ബസുകളില്‍ ഒന്നിന്‌ രണ്ടായിരം രൂപ ഫാസ്റ്റ്‌, സൂപ്പര്‍ഫാസ്റ്റ്‌ ബസുകളില്‍ 2,700 രൂപ എന്ന നിരക്കുകളിലാണ്‌ സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നത്‌.

എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കല്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റ്‌ വരെയുള്ള ബസുകളിലാണ്‌ പരസ്യം പതിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക