Image

പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്ന് കെ.വി തോമസ്

Published on 17 March, 2019
പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്ന് കെ.വി തോമസ്

കൊച്ചി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ നടത്തി ഇടഞ്ഞു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഒടുവില്‍ കേണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങി. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനമാനങ്ങള്‍ കണ്ടല്ലെന്നും പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. എറണാകുളത്ത് ഹൈബി ജയിക്കുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് സീറ്റ് കിട്ടാത്തതിലല്ല, തന്നോടുളള സമീപനത്തിലാണ് വിഷമം തോന്നിയത്. പ്രത്യേക സാഹചര്യത്തിലാണ് പ്രതിഷേധം പരസ്യമാക്കിയത്. ബിജെപി ഒരു വാഗ്ദാനവും വച്ചുനീട്ടിയിട്ടില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. മൂന്നുമണിയോടെ കേരള ഹൗസില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം

എറണാകുളം ലോക്സഭാ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് കെ.വി തോമസ് പാര്‍ട്ടിയുമായി ഉടക്കിയെന്നും ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി അദ്ദേഹത്തെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.വി തോമസ് വിശദീകരണവുമായി രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക