Image

ആറ്റിങ്ങലില്‍ സീറ്റ് വേണ്ടെന്ന് ശോഭ സുരേന്ദ്രന്‍....കോഴിക്കോട്ടും തൃശൂരും സ്ഥാനാര്‍ത്ഥികളായില്ല

Published on 17 March, 2019
ആറ്റിങ്ങലില്‍ സീറ്റ് വേണ്ടെന്ന് ശോഭ സുരേന്ദ്രന്‍....കോഴിക്കോട്ടും തൃശൂരും സ്ഥാനാര്‍ത്ഥികളായില്ല

ദില്ലി: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല. ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയാണ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നടക്കുന്നത്. അതേസമയം മണ്ഡലം മാറ്റാനുള്ള തീരുമാനങ്ങളെ നേതാക്കള്‍ എതിര്‍ത്തിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിച്ചിരിക്കുന്നത്.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. തുഷാറിനെ കഴിഞ്ഞ ദിവസം അമിത് ഷാ ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും തുഷാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയസാധ്യതയും കൂടി പരിഗണിച്ചാണ് ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഏകദേശ രൂപമായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കം തുടരുകയാണ്. താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. അതേസമയം സംസ്ഥാന സമിതിയുടെ പല നിര്‍ദേശങ്ങളോടും വന്‍ എതിര്‍പ്പാണ് ചില നേതാക്കള്‍ ഉയര്‍ത്തിയത്.

പാലക്കാട്ട് മത്സരിക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭാ സുരേന്ദ്രന്‍. എന്നാല്‍ അവസാന നിമിഷം ശോഭയെ ആറ്റിങ്ങലിലേക്ക് മാറ്റണമെന്ന രീതിയില്‍ ദേശീയ സമിതിയില്‍ ചര്‍ച്ച ഉയര്‍ന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ബലിയാടാകുന്ന പോലെയാണ് ഇതെന്ന് ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഇവിടെ മത്സരിക്കില്ലെന്നും, ആറ്റിങ്ങലാണെങ്കില്‍ തനിക്ക് സീറ്റ് വേണ്ടെന്നും തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

സുരേന്ദ്രനും എംടി രമേശും സ്ഥാനാര്‍ത്ഥിത്വത്തിനായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കോഴിക്കോട് ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എംടി രമേശ്. അതേസമയം തൃശൂര്‍, പത്തനംതിട്ട മണ്ഡലത്തിനായിട്ടാണ് സുരേന്ദ്രന്റെ ശ്രമം. ഇതില്‍ ഏതെങ്കിലുമൊന്ന് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. കേന്ദ്ര നേതൃത്വം ഇരുവരുടെയും തീരുമാനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിലവിലെ പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടി വരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. താല്‍പര്യമുള്ള മണ്ഡലങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്. ആലപ്പുഴയില്‍ കെഎസ് രാധാകൃഷ്ണന്‍ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ ധാരണ. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും പിസി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് തീരുമാനമായത്. ബാക്കിയുള്ള സീറ്റുകളിലെല്ലാം തര്‍ക്കം പരിഹരിക്കാന്‍ ദേശീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല

തുഷാര്‍ വെള്ളാപ്പള്ളിയും അമിത് ഷായുമായുള്ള ചര്‍ച്ചയും ഇതിനിടയില്‍ നീണ്ടു പോവുകയാണ്. കൂടിക്കാഴ്ച്ചയ്ക്ക് ഇത് വരെ സമയം ലഭിച്ചിട്ടില്ല. തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹത്തിന് മത്സരിക്കാം. എന്നാല്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കേന്ദ്ര നേതാക്കളായ ഗുരുമൂര്‍ത്തിയും മുരളീധര റാവുവും വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക