Image

കാവല്‍ക്കാരനുള്ളത്‌ സമ്പന്നര്‍ക്കു മാത്രമാണെന്നാണ്‌ രാജ്യത്തെ കര്‍ഷകര്‍ പറയുന്നത്‌: പ്രിയങ്ക

Published on 18 March, 2019
 കാവല്‍ക്കാരനുള്ളത്‌ സമ്പന്നര്‍ക്കു മാത്രമാണെന്നാണ്‌ രാജ്യത്തെ കര്‍ഷകര്‍ പറയുന്നത്‌: പ്രിയങ്ക


പ്രയാഗ്‌രാജ്‌: കാവല്‍ക്കാരനുള്ളത്‌ സമ്പന്നര്‍ക്കാണെന്നാണ്‌ രാജ്യത്തെ കര്‍ഷകര്‍ പറയുന്നതെന്ന്‌ കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടെ `ഞാനും കാവല്‍ക്കാരനാണ്‌' (മേം ഭി ചൗക്കിദാര്‍) എന്ന പ്രചാരണ കാമ്പയിനോട്‌ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

`ഇന്നലെ പശ്ചിമ യു പിയിലെ ചില ഉരുളക്കിഴങ്ങ്‌ കര്‍ഷകരെ കാണാനിടയായി. അതില്‍ ഒരു കര്‍ഷകനാണ്‌ തന്നോട്‌ ഇങ്ങനെ പറഞ്ഞത്‌. കാവല്‍ക്കാരുള്ളത്‌ സമ്പന്നര്‍ക്കാണെന്നും ഞങ്ങള്‍ കര്‍ഷകര്‍ ഞങ്ങളുടെ തന്നെ കാവല്‍ക്കാരാണെന്നുമാണ്‌ അവര്‍ അഭിപ്രായപ്പെട്ടത്‌.'-

പ്രചാരണത്തിന്റെ ഭാഗമായി പ്രയാഗ്‌ രാജില്‍ നിന്ന്‌ വരണാസിയിലേക്ക്‌ ഗംഗാ നദിയിലൂടെയുള്ള ത്രിദിന ബോട്ടു യാത്രക്കിടെ എന്‍ ഡി ടിവിയോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന്‌ ദുംദുമാ ഘട്ടിലെ മറ്റൊരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെ പ്രിയങ്ക പറഞ്ഞു. ഈ രാജ്യവും ഇവിടുത്തെ ജനാധിപത്യവും മാത്രമല്ല, രാഷ്ട്രീയവും നിങ്ങളുടെതാണ്‌. നിങ്ങളുള്ളതു കൊണ്ടാണ്‌ ഞങ്ങള്‍ നിലനില്‍ക്കുന്നത്‌. നിങ്ങള്‍ ജനങ്ങളില്ലെങ്കില്‍ ഒരു പ്രിയങ്ക ഗാന്ധി ഉണ്ടാകില്ല- എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്‌ `മേം ഭി ചൗക്കിദാര്‍' എന്ന പ്രചാരണത്തിന്‌ തുടക്കമിട്ടത്‌.

നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ്‌ അഴിമതിക്കെതിരെ പോരാടുന്ന രാജ്യത്തെ പ്രധാന ശക്തിയെന്ന നിലയിലാണ്‌ ഈ പ്രചാരണം. പിന്നീട്‌ അമിത്‌ ഷാ ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളും നിരവധി കേന്ദ്ര മന്ത്രിമാരും ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക