Image

കെ.വി തോമസ് എ.ഐ.സി.സി പദവി ഏറ്റെടുത്തേക്കും

Published on 19 March, 2019
കെ.വി തോമസ് എ.ഐ.സി.സി പദവി ഏറ്റെടുത്തേക്കും

കൊച്ചി: ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ച എ.ഐ.സി.സി ഉന്നത പദവി എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട പ്രൊഫ. കെ.വി. തോമസ് ഏറ്റെടുത്തേക്കും. അനുനയത്തിന്റെ ഭാഗമായി മൂന്ന് ഓഫറുകളാണ് നേതൃത്വം വച്ചത്. ഇതില്‍ എ.ഐ.സി.സി പദവിയില്‍ അദ്ദേഹം തൃപ്തനാവുകയായിരുന്നു എന്നാണ് വിവരം. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. യു.ഡി.എഫ് കണ്‍വീനര്‍, നിയമസഭ സീറ്റ് എന്നിവയായിരുന്നു മറ്റ് ഓഫറുകള്‍. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ തീരെ താത്പര്യമില്ലാത്തതിനാല്‍ അദ്ദേഹം ഈ രണ്ട് വാഗ്ദാനങ്ങളും നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് എ.ഐ.സി.സി പദവി വാഗ്ദാനം ചെയ്തത്.

എറണാകുളത്ത് ഹൈബി ഈഡന്‍ എം.എല്‍.എയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ നിരാശയും പാര്‍ട്ടി നിലപാടിനോടുള്ള എതിര്‍പ്പും വെളിപ്പെടുത്തി കെ.വി തോമസ് രംഗത്ത് എത്തിയത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഡി.സി.സിയുടെയും ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരുടെയും എതിര്‍പ്പാണ് കെ.വി തോമസിന് തിരിച്ചടിയത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴയപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി തോമസിനെ തങ്ങളുടെ ക്യാമ്ബിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍തന്നെ ഉറച്ചുനില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അനുനയ ചര്‍ച്ചകള്‍ നടത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി അദ്ദേഹത്തെ കണ്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് താന്‍ പ്രതിഷേധിച്ചത്, സീറ്റു ലഭിക്കാത്തതിലല്ല, തന്നോടുള്ള സമീപനത്തിലാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക