Image

മുരളീധരന്റെ വരവോടെ ആശങ്ക മാറിയെന്ന് മുസ്ലിം ലീഗ്; യുഡിഎഫിന് നല്ല സ്ഥാനാര്‍ഥികളെന്ന് തങ്ങള്‍

Published on 19 March, 2019
മുരളീധരന്റെ വരവോടെ ആശങ്ക മാറിയെന്ന് മുസ്ലിം ലീഗ്; യുഡിഎഫിന് നല്ല സ്ഥാനാര്‍ഥികളെന്ന് തങ്ങള്‍

കോഴിക്കോട്: വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന വിവരം പുറത്തുവന്നതോടെ പ്രതികരണവുമായി മുസ്ലിം ലീഗ്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ ആശങ്ക മാറിയെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് ഏറ്റവും നല്ല സ്ഥാനാര്‍ഥികളാണ്. യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസിന് ഇനി പ്രഖ്യാപിക്കാനുള്ളത്. വടകര, ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. വയനാട്ടില്‍ ടി സിദ്ദീഖ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളാണ് പ്രഖ്യാപിക്കാന്‍ പോകുന്നത്.

അല്‍പ്പം വൈകിയെങ്കിലും കോണ്‍ഗ്രസ് വടകരയില്‍ കളത്തിലിറക്കുന്നത് ഏറ്റവും ശക്തനെ. പി ജയരാജനെ പോലുള്ള സിപിഎം നേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കെ മുരളീധരന്‍ എന്നാണ് അണികളുടെ അഭിപ്രായം. ഉചിതനായ സ്ഥാനാര്‍ഥിയെ കിട്ടിയ ആശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

പത്ത് വര്‍ഷത്തോളം കോഴിക്കോടിന്റെ എംപിയായിരുന്ന മുരളീധരന് മലബാറിലെ സാമുദായ സമവാക്യങ്ങളെ സമര്‍ഥമായി ഉപയോഗിക്കാനും അറിയാം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതുമായ മണ്ഡലം വടകരയാകുമെന്ന് തീര്‍ച്ച. വടകരയില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഉണര്‍വേകുന്നതാണ് മുരളിയുടെ വരവ് എന്ന് നിരീക്ഷിക്കപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക