Image

കുവൈത്തില്‍ ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു

Published on 19 March, 2019
കുവൈത്തില്‍ ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്റേയും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റേയും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സിലിന്റേയും സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ സമാപിച്ചു. 

ആരോഗ്യമേള ഉദ്ഘാടനം ചെയ്ത കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് അല്‍ റിദാ, രാജ്യത്തെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും നല്‍കി വരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതെന്ന് പറഞ്ഞു. 

റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ശ്രീനാഥ് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്ന കാര്യത്തില്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണെന്ന് ഡോ. ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവ സാഗര്‍, കുവൈത്ത് മെഡിക്കല്‍ അസാസിയേഷന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് അല്‍തുവൈനി അല്‍ അനേസി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സുരേന്ദ്ര നായക്, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഷിവി ബാസിന്‍ എന്നിവര്‍ സംസാരിച്ചു. 

ഇന്ത്യന്‍ ആരോഗ്യമേഖലയിലെ പുത്തന്‍ സാധ്യതകള്‍ പരിചയപ്പെടുത്തിയ ബെസ്റ്റ് ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങള്‍ കുവൈത്ത് സമൂഹത്തിനും വിദേശികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. 

റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ രണ്ടുദിവസങ്ങളിലായി നടന്ന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചികിത്സാലയങ്ങളും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു. അപ്പോളോ മാക്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി, സൈഫി യൂണിറ്റി കെയര്‍ ആന്‍ഡ് ഹെല്‍ത്ത് സര്‍വിസസ്, ഇഖ്‌റ തുടങ്ങി 20ഓളം ആശുപത്രികള്‍ തങ്ങളുടെ സേവനങ്ങള്‍ പരിചയപ്പെടുത്തി. കോട്ടക്കല്‍ ആര്യവൈദ്യശാല, ആയുര്‍ഗ്രീന്‍ തുടങ്ങിയ ആയുര്‍വേദ ചികിത്സ കേന്ദ്രങ്ങളും മേളയില്‍ പങ്കെടുത്തു. മേളയുടെ ആദ്യദിനംതന്നെ ആയുര്‍വേദ ചികിത്സയുടെ സാധ്യത തേടി നിരവധി പേരാണ് എത്തിയത്. ഇന്ത്യയിലെ ചികിത്സ ചെലവ് സംബന്ധിച്ചും അന്വേഷണങ്ങള്‍ ഉണ്ടായതായി സംഘാടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക