Image

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ബിഷപ്പിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു

Published on 20 March, 2019
കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ബിഷപ്പിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു

എറണാകുളം :  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഫാ. പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമച്ചവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നല്‍കിയ പരാതിയിലാണ് നടപടി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ. പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന് കൈമാറുകയായിരുന്നു. രേഖകളുടെ ആധികാരികത വ്യക്തമല്ലെന്നും ചില വൈദികരാണ് ഇത് തന്നെ ഏല്‍പ്പിച്ചതെന്നും പറഞ്ഞാണ് ഫാ. പോള്‍ തേലക്കാട്ട് ഇത് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. ജേക്കബ് മനത്തോട്ടം രേഖകള്‍ സിനഡിന് കൈമാറുകയും ചെയ്തു.

താന്‍ ബാങ്കിടപാടുകള്‍ നടത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പരാതി കൊടുക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. രേഖകള്‍ സിനഡിന് കൈമാറിയതായി പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചവരാണ് ഫാ. പോള്‍ തേലക്കാടും, ബിഷപ്പ് ജേക്കബ് മനത്തോട്ടവും. ഇതില്‍ ഫാ. പോള്‍ തേലക്കാടിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പിന്നാലെയാണ് ബിഷപ്പിനെതിരെയും കേസെടുത്തത്. 

തങ്ങള്‍ക്ക് ലഭിച്ച രേഖകള്‍ സിനഡിന് കൈമാറുകയാണ് ചെയ്തതെന്നാണ് ഇരുവരും പറയുന്നത്. കേസെടുത്തത് ഖേദകരമെന്ന് ബിഷപ്പ് ജേക്കബ് മനത്തോടം പറയുന്നു.  അതിരൂപത ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വത്തിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക