Image

തിരുവനന്തപുരം ബഹറിന്‍ വിമാന സര്‍വീസ് പുനഃസ്ഥാപിക്കണം

Published on 20 March, 2019
തിരുവനന്തപുരം ബഹറിന്‍ വിമാന സര്‍വീസ് പുനഃസ്ഥാപിക്കണം

മനാമ: ബഹറിനില്‍ നിന്നുള്ള സര്‍വീസുകള്‍ ജെറ്റ് എയര്‍വേസ് നിര്‍ത്തി വച്ചതിനാല്‍ അടിയന്തരമായി എയര്‍ ഇന്ത്യ ബഹറിനില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ കണക്ഷന്‍ സര്‍വീസോ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രാ സമിതി ശശി തരൂര്‍ എംപിക്ക് നിവേദനം നല്‍കി.

നാട്ടിലെ സ്‌കൂള്‍ അവധിക്കുശേഷം ഗള്‍ഫിലേക്കും തിരിച്ചും അവധിക്കാലം ചെലവഴിക്കുവാന്‍ തയാറായി നില്‍ക്കുന്ന പ്രവാസികള്‍ക്ക് മതിയായ യാത്രാസൗകര്യം ഏര്‍പ്പെടുത്തുവാന്‍ ജനപ്രതിനിധികള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നിവേദനത്തില്‍ യാത്ര സമിതി ആവശ്യപ്പെട്ടു. അവധിക്കാല തിരക്ക് പരിഗണിച്ച് ഏപ്രിലില്‍ നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സീറ്റുകള്‍ ഉള്ള വിമാനങ്ങളും മതിയായ കണക്ഷന്‍ സര്‍വീസുകളും ഏര്‍പ്പെടുത്തുവാന്‍ വിമാനകന്പനികള്‍ തയാറാകണമെന്നും നേതാക്കള്‍ക്ക് അയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ യാത്രാ സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കാതെ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തിരക്കേറിയ അവധിക്കാലത്തു നാട്ടിലേക്കും തിരിച്ചും മതിയായ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുവാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും യാത്ര സമിതി അഭ്യര്‍ഥിച്ചു.

നേരത്തെ ബഹറിനില്‍ എത്തിയ ശശി തരൂര്‍ എംപിക്ക് തിരുവനന്തപുരം ബഹ്‌റൈന്‍ സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി. സലിം, അജി ഭാസി, സുനില്‍ തോമസ് റാന്നി , അനീസ് .വി.കെ, ബിജു മലയില്‍ എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരത്തേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം യാത്രാ സമിതി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക