Image

മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ കലാമേള മാര്‍ച്ച് 21, 22, 23 തീയതികളില്‍

Published on 21 March, 2019
മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ കലാമേള മാര്‍ച്ച് 21, 22, 23 തീയതികളില്‍


മസ്‌കറ്റ് : പ്രവാസികളില്‍ മലയാള ഭാഷ വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യവുമായി മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ 'ഉത്സവം' എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്നു.

തെയ്യം, കരിങ്കാളിയാട്ടം, മയിലാട്ടം, ഗോദാവരിയാട്ടം, കണ്ണേറു പാട്ടുകള്‍, തോറ്റം പാട്ടുകള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാമേളയില്‍ അണിനിരക്കുന്നത്. 

പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ പത്മശ്രീ മീനാക്ഷി അമ്മയെ വേദിയില്‍ ആദരിക്കും. ഏഴാം വയസില്‍ പരിശീലനം തുടങ്ങി എഴുപത്തെട്ടാം വയസിലും കളരിയുമായി ജീവിക്കുന്ന അതുല്യ പ്രതിഭയുടെ നേതൃത്വത്തില്‍ എത്തുന്ന സംഘം മസ്‌കറ്റിലെ പ്രവാസികള്‍ക്കായി കളരിപ്പയറ്റ് പ്രദര്‍ശനം നടത്തും.

മസ്‌കറ്റ് പഞ്ചവാദ്യസംഘത്തിന്റെ തായമ്പകയും പ്രശസ്ത നര്‍ത്തകികളായ ശ്രീവിദ്യ വിജയന്‍, വര്‍ഷ വിജയന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ശാസ്ത്രീയ നൃത്തവും പരിപാടിയില്‍ അരങ്ങേറും.

മാര്‍ച്ച് 21ന് നിസ്വയിലെ നിസ്വ ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്ററിലും 22 ന് റൂവിയിലെ അല്‍ ഫലാജ് ഹോട്ടലിലും 23 ന് സോഹാറിലെ ഹംബറിലുള്ള വിമന്‍സ് അസോസിയേഷന്‍ ഹാളിലുമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 

2019 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹനായ വി.ടി.വിനോദിന് പരിപാടിയില്‍ സ്വീകരണം നല്‍കും. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ പി.കെ.പ്രകാശ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

റൂവി ഗോള്‍ഡന്‍ തുലിപ്പില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ സിദ്ധിക്ക് ഹസന്‍, കമ്മിറ്റി അംഗങ്ങളായ കെ. രതീശന്‍, സരസന്‍ മാസ്റ്റര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക