Image

കട്ടച്ചിറ പള്ളിക്ക് മുന്നില്‍ യാക്കോബായ പക്ഷം പ്രാര്‍ഥനസമരം തുടങ്ങി

Published on 21 March, 2019
കട്ടച്ചിറ  പള്ളിക്ക് മുന്നില്‍ യാക്കോബായ പക്ഷം പ്രാര്‍ഥനസമരം തുടങ്ങി
കായംകുളം: കോടതി ഉത്തരവിന്റെ ബലത്തിലെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് പൂട്ടുതകര്‍ത്ത് പള്ളിയില്‍ കയറാന്‍ അവസരം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് കട്ടച്ചിറ സന്റെ് മേരീസ് യാക്കോബായ സുറിയാനി പള്ളിക്ക് മുന്നില്‍ യാക്കോബായ പക്ഷം പ്രാര്‍ഥനസമരം തുടങ്ങി. ഓര്‍ത്തഡോക്‌സ്പക്ഷത്തെ ഏകപക്ഷീയമായി പിന്തുണക്കുന്ന സമീപനമാണ് ജില്ല ഭരണകൂടം സ്വീകരിച്ചതെന്നാണ് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തുന്നത്.

ഈ മാസം 13ലെ വിധി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരണമെന്നാവശ്യപ്പെട്ട് 14നുതന്നെ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് 16ന് കലക്ടറെയും ആര്‍.ഡി.ഒയെയും നേരില്‍ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുന്ന സമീപനമാണ് പിന്നീടുണ്ടായതെന്ന് യാക്കോബായക്കാര്‍ പറയുന്നു.

20ന് രാവിലെ പള്ളി ഭരണസമിതിയുമായി ഡിവൈ.എസ്.പിയും തഹസില്‍ദാറും സംസാരിക്കുന്ന സമയത്തുതന്നെ പൂട്ടുപൊളിച്ച് ഓര്‍ത്തഡോക്‌സുകാര്‍ക്ക് അവസരമൊരുക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. 144 നിലനില്‍ക്കുന്ന പ്രദേശത്ത് അനാവശ്യമായി സംഘടിച്ചവരെ മാറ്റാന്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അവകാശം വകവെച്ച് തരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനിടെ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നതുവരെ പള്ളിയുടെ നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കുകയാണെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെയാണ് ഇങ്ങനെയൊരു നിര്‍ദേശമുണ്ടായത്.

കോടതി തങ്ങള്‍ക്ക് വകവെച്ച് നല്‍കിയ അവകാശം അനുവദിച്ചുതരുന്നത് വരെ സമരം തുടരുമെന്ന് സഭ വൈദിക സെക്രട്ടറി സ്ലീബ മോര്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ അറിയിച്ചു. പള്ളിയില്‍ അതിക്രമിച്ചുകയറി നാശം വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോടതി നിര്‍ദേശിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വൈദികനെ അംഗീകരിക്കാന്‍ തയാറാണ്. അതേസമയം, പള്ളിയുടെ ഭരണനിര്‍വഹണാവകാശം ട്രസ്റ്റി ഷെവലിയാര്‍ അലക്‌സ് എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. (Madhyamam)
കട്ടച്ചിറ  പള്ളിക്ക് മുന്നില്‍ യാക്കോബായ പക്ഷം പ്രാര്‍ഥനസമരം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക