Image

ഐ ഗ്രൂപ്പിനെതിരെ വാളെടുത്ത് മുല്ലപ്പള്ളി.... രഹസ്യ യോഗത്തില്‍ അന്വേഷണം നടത്തും

Published on 22 March, 2019
ഐ ഗ്രൂപ്പിനെതിരെ വാളെടുത്ത് മുല്ലപ്പള്ളി.... രഹസ്യ യോഗത്തില്‍ അന്വേഷണം നടത്തും

കോഴിക്കോട്: വയനാട് സീറ്റിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം കത്തുന്നു. വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കിയതില്‍ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിടിപ്പുകേട് കൊണ്ടാണ് സീറ്റ് നഷ്ടമായതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.

രഹസ്യ യോഗം നടത്തിയതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ മുല്ലപ്പള്ളി തീരുമാനിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. അച്ചടക്കലംഘനത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ നാളെ കോഴിക്കോട്ടെത്തുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരനും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സമയത്ത് നടന്ന യോഗം പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

അതേസമയം നേതൃത്വത്തിന് യോഗത്തില്‍ കടുത്ത അതൃപ്തിയുണ്ട്. മുല്ലപ്പള്ളി തന്നെ അതുകൊണ്ടാണ് നേരിട്ട് അന്വേഷണം നടത്താനാണ് തീരുമാനം. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഗ്രൂപ്പ് യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായിട്ടാണ് സൂചന.

യോഗം നടത്തിയ നേതാക്കളെ ചെന്നിത്തല തല്‍ക്കാലത്തേക്ക് സംരക്ഷിക്കുമെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും സൂചനയുണ്ട്. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തി ഇനിയും തുടരുമെന്നും സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക