Image

തെരഞ്ഞെടുപ്പ് കാലത്ത് 'അനിമല്‍ ഫാം' ന്റെ പ്രസക്തി: രമേഷ് പെരുമ്പിലാവ്‌

രമേഷ് പെരുമ്പിലാവ് Published on 22 March, 2019
തെരഞ്ഞെടുപ്പ് കാലത്ത് 'അനിമല്‍ ഫാം' ന്റെ പ്രസക്തി: രമേഷ് പെരുമ്പിലാവ്‌
രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അവിടത്തെ ജനങ്ങള്‍ വായിച്ചിരിക്കേണ്ട മികച്ച ഒരു പുസ്തകമാണ് 'അനിമല്‍ ഫാം.'

മൃഗാധിപത്യം നിലനിന്ന ഒരു മൃഗാലയത്തിന്റെ കഥ. എത്ര പ്രാകൃതമായാണ് ഭരണകൂടങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതിനെ മാത്രം പ്രതിഷ്ഠിക്കുന്നതെന്നും, ചരിത്രമെങ്ങനെ തങ്ങളുടേതാക്കുംവിധം രേഖപ്പെടുത്തുന്നതെന്നും .കൃത്യമായി അവതരിപ്പിക്കുന്ന ഈ കൃതി, ചൈന കഴിഞ്ഞ വര്‍ഷം അവരുടെ രാജ്യത്ത് നിരോധിച്ചിരുന്നു.

1945 ഓഗസ്റ്റ് 17-ന്
ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച ഈ നോവലില്‍ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പായി സ്റ്റാലിന്‍ യുഗത്തിലേയും അതിലേക്കു നയിച്ചതുമായ സംഭവങ്ങള്‍ പ്രതിഫലിക്കുന്നു.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും
ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി അംഗവുമായ ഓര്‍വെല്‍ ജോസഫ് സ്റ്റാലിന്റെ വിമര്‍ശകനായിരുന്നു. ആനിമല്‍ ഫാം' (Animal Farm) എന്ന നോവല്‍ സോവിയറ്റ് സ്റ്റാലിനിസത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്ന ആക്ഷേപഹാസ്യ കൃതിയാണ്.

അനിമല്‍ ഫാം: എ ഫെയറി സ്റ്റോറി എന്നതായിരുന്നു നോവലിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ യു.എസിലെ പ്രസാധകര്‍ എ ഫെയറി സ്റ്റോറി എന്നത് ഉപേക്ഷിച്ചു.

ഓര്‍വെലിന്റെ ജീവിതകാലത്ത് നടന്ന പരിഭാഷകളില്‍ തെലുഗുവില്‍ മാത്രമായിരുന്നു നോവലിന്റെ യഥാര്‍ത്ഥ പേര് ഉപയോഗിച്ചത്. 'എ സറ്റയര്‍ ആന്റ് എ കണ്ടമ്പററി സറ്റയര്‍' എന്ന പേരിലും ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യരില്‍ മാത്രമല്ല രാഷ്ട്രീയമുള്ളതെന്ന് വാ പൊളിച്ചിരുന്ന് വായിച്ച പുസ്തകം. അത്ഭുതപ്പെടുത്തിയ ആഖ്യാനമാണ് എനിമല്‍ ഫാമിന്റേത്. മൃഗങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പേടിയോടെയാണ് ഓരോ അദ്ധ്യായവും വായിച്ചുനീങ്ങിയത്.
മനുഷ്യന്റെ അടിമത്തത്തില്‍നിന്നും ക്രൂരതകളില്‍നിന്നും മോചനം നേടാന്‍ ഒരു ഫാമിലെ മൃഗങ്ങള്‍ സംഘടിക്കുന്നതാണ്
കഥയുടെ തടുക്കമെങ്കിലും പിന്നീട് മൃഗങ്ങള്‍ തമ്മിലുള്ള യുദ്ധമായത് പരിണമിക്കുന്നുവെന്നതാണ് നോവലിന്റെ വിഷയം.

മദ്യപാനിയായ ജോണ്‍സിന്റെ മാനര്‍ ഫാമിലെ വയോധികനായ മേജര്‍ എന്ന പന്നി തന്റെ ഒരു സ്വപ്നം പങ്കുവയ്കാന്‍ മറ്റു മൃഗങ്ങളെ ഒരു മീറ്റിംഗിനു വിളിക്കുന്നു. തങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന,പരാദങ്ങളായ, മനുഷ്യവര്‍ഗ്ഗത്തിനെതിരെ ഇംഗ്ലണ്ടിലെ മൃഗങ്ങള്‍ നയിക്കുന്ന ഒരു വിപ്ലവമായിരുന്നു മേജറുടെ സ്വപ്നം.

ഇന്നോ,നാളെയോ, ചിലപ്പോല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറമോ നടക്കാനിരിക്കുന്ന ആ അനിവാര്യ വിപ്ലവത്തിനു തയ്യാറെടുക്കാനാഹ്വാനം ചെയ്ത്, 'Beasts of England' എന്ന വിപ്ലവഗാനം മേജര്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നു.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം മേജര്‍ മരിക്കുന്നു. രണ്ടു ചെറിയ പന്നികള്‍, സ്‌നോബോളും നെപ്പോളിയനും മേജറുടെ സ്വപ്നത്തിനായി തന്ത്രങ്ങള്‍ മെനയുന്നു. ഒടുവില്‍ മൃഗങ്ങളെല്ലാം ചേര്‍ന്ന് ജോണ്‍സിനെ തുരത്തുകയും മാനര്‍ ഫാമിനെ അനിമല്‍ ഫാം എന്നു പുനര്‍നാമകരണം നടത്തുകയും ചെയ്യുന്നു.

Animalism-ത്തിന്റെ നെടുംതൂണുകളായ 'ഏഴുകല്പനകള്‍' ഫാമിന്റെ ചുവരില്‍ എഴുതപ്പെട്ടു.
1.രണ്ടു കാലില്‍ നടക്കുന്നതെല്ലാം ശത്രുക്കളാണ്.
2.നാലു കാലില്‍ നടക്കുന്നവയും ചിറകുകള്‍ ഉള്ളവയും മിത്രങ്ങളാണ്.
3.ഒരു മൃഗവും വസ്ത്രം ധരിക്കാന്‍ പാടില്ല.
4.ഒരു മൃഗവും കിടക്കയില്‍ ഉറങ്ങാന്‍ പാടില്ല.
5.ഒരു മൃഗവും മദ്യം കഴിക്കാന്‍ പാടില്ല.
6.ഒരു മൃഗവും മറ്റൊരു മൃഗത്തെ കൊല്ലാന്‍ പാടില്ല.
7.എല്ലാ മൃഗങ്ങളും തുല്യരാണ്.
:
മൃഗങ്ങളെല്ലാം ഫാമിന്റെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്തു. പോയ വര്‍ഷങ്ങളെക്കാള്‍ നല്ല വിളവ് അവര്‍ക്കു ലഭിച്ചു. ബോക്‌സര്‍ എന്ന ശക്തനായ കുതിരയായിരുന്നു ഏറ്റവുമധികം അധ്വാനിച്ചത്. 'ഞാന്‍ ഇനിയും അധ്വാനിക്കും' എന്ന് അവന്‍ എപ്പോഴും സ്വയം പറഞ്ഞു.

സ്‌നോബോള്‍ മറ്റു മൃഗങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരിക്കല്‍ ഫാം തിരിച്ചു പിടിക്കാന്‍ കൂട്ടാളികളുമായെത്തിയ ജോണ്‍സിനെ സ്‌നോബോളിന്റെ നേതൃത്വത്തില്‍ മൃഗങ്ങള്‍ തോല്‍പ്പിക്കുന്നു. ഈ സംഭവം 'Battle of the Cowshed' എന്നറിയപ്പെട്ടു.

ഫാമില്‍ വൈദ്യുതിയുണ്ടാക്കാന്‍ സ്‌നോബോള്‍ ഒരു കാറ്റാടി യന്ത്രം വിഭാവനം ചെയ്യുന്നു. നെപ്പോളിയന്‍ ഇതിനെ എതിര്‍ക്കുന്നു. നെപ്പോളിയനും സ്‌നോബോളും തമ്മിലുള്ള അധികാരത്തര്‍ക്കത്തിനൊടുവില്‍ നെപ്പോളിയന്റെ വളര്‍ത്തുപട്ടികള്‍ സ്‌നോബോളിനെ ആക്രമിക്കുന്നു. സ്‌നോബോള്‍ ഓടി രക്ഷപെടുന്നു.

സ്‌നോബോളിന്റെ അസാന്നിധ്യത്തില്‍ നെപ്പോളിയന്‍ അനിമല്‍ ഫാമിന്റെ അനിഷേധ്യ നേതാവാകുന്നു. ഒരുമിച്ചിരുന്നു തീരുമാനമെടുക്കുന്നതിനു പകരം ഒരു കൂട്ടം പന്നികള്‍ തീരുമാനമെടുക്കുകയും മറ്റു മൃഗങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് അനിമല്‍ ഫാം മാറുന്നു.

സ്‌നോബോളിനെ തുരത്തിയ ശേഷം നെപ്പോളിയന്‍ കാറ്റാടിയന്ത്രം നിര്‍മ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നു. തന്റെ വക്താവായ സ്‌ക്വീലര്‍ എന്ന കുട്ടിപ്പന്നിയിലൂടെ നെപ്പോളിയന്‍ താന്‍ ചെയ്യുന്നതൊക്കെ മൃഗങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കുന്നു. മൃഗങ്ങള്‍,പ്രത്യേകിച്ചു ബോക്‌സര്‍ കാറ്റാടിയന്ത്രത്തിനായി അഹോരാത്രം പണിയെടുക്കുന്നു.

ഒരു ദിവസം കൊടുങ്കാറ്റില്‍ കാറ്റാടിയന്ത്രം തകരുന്നു. അതു സ്‌നോബോള്‍ ചെയ്തതാണെന്നും അയാള്‍ മനുഷ്യരുടെ ചാരനായിരുന്നുവെന്നും ബാറ്റില്‍ ഓഫ് കൗഷെഡില്‍ അയാള്‍ മനുഷ്യര്‍ക്കായാണ് പ്രവര്‍ത്തിച്ചതെന്നും സ്‌ക്വീലര്‍ പറയുന്നു. സംശയത്തിലാവുന്ന മൃഗങ്ങളെ സ്‌ക്വീലര്‍ അവരുടെ ഓര്‍മ്മപ്പിശകു പറഞ്ഞു മനസ്സിലാക്കുന്നു, സ്‌നോബോളിനെതിരെ തെളിവുകള്‍ നിരത്തുന്നു.തന്റെ 'ഞാന്‍ ഇനിയും അധ്വാനിക്കും' എന്ന ആപ്തവാക്യത്തോടൊപ്പം 'നെപ്പോളിയന്‍ എപ്പോഴും ശരിയാണ്' എന്നുകൂടി വിശ്വസിക്കാന്‍ ബോക്‌സര്‍ ശ്രമിക്കുന്നു.

നെപ്പോളിയന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യാനാരംഭിക്കുന്നതോടെ മറ്റു മൃഗങ്ങള്‍ കഷ്ടത്തിലാവുന്നു. പന്നികള്‍ ബുദ്ധി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുന്നവരാണെന്നു വാദിച്ച് അവര്‍ പല പ്രത്യേക അവകാശങ്ങളും നേടുന്നു.

ഏഴു കല്പനകളും തിരുത്തിയെഴുതപ്പെടുന്നു.'ഒരു മൃഗം മറ്റൊരു മൃഗത്തെ കൊല്ലരുത്' എന്ന കല്പന 'ഒരു മൃഗം മറ്റൊരു മൃഗത്തെ 'കാരണമില്ലാതെ' കൊല്ലരുത്' എന്നും 'മൃഗങ്ങളാരും കിടക്കയില്‍ കിടന്നുറങ്ങരുത്' എന്നതിനെ 'മൃഗങ്ങളാരും കിടക്കയില്‍ 'ബെഡ്ഷീറ്റില്‍' കിടന്നുറങ്ങരുത് എന്നും 'മൃഗങ്ങള്‍ മദ്യപിക്കരുത്' എന്നതിനെ 'മൃഗങ്ങള്‍ 'അമിതമായി' മദ്യപിക്കരുത്' എന്നും മാറ്റിയെഴുതുന്നു.

കല്പനകള്‍ തിരുത്തപ്പെട്ടതല്ലെന്നും മൃഗങ്ങളുടെ ഓര്‍മ്മപ്പിശകു കൊണ്ട് അവര്‍ ശരിയായ രൂപം മറന്നുപോയതാണെന്നുമായിരുന്നു സ്‌ക്വീലറുടെ വ്യാഖ്യാനം. വിപ്ലവത്തിനു മുന്‍പ് സ്വപ്നം കണ്ടിരുന്ന സമത്വ സുന്ദരമായ ലോകം കൈവന്നുവെന്നും അതുകൊണ്ടു തന്നെ വിപ്ലവഗാനത്തിനു പ്രസക്തിയില്ലെന്നും പറഞ്ഞ് 'Beasts of England' നിരോധിക്കുന്നു. പകരം നെപ്പോളിയനെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം നിലവില്‍ വരുന്നു.

കാറ്റാടിയന്ത്രത്തിനായി അപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന മൃഗങ്ങള്‍ പട്ടിണി കൊണ്ടും തണുപ്പുകൊണ്ടും വലഞ്ഞു. എങ്കിലും അവര്‍ സ്വന്തം ഫാമിലാണെന്നും, സ്വതന്ത്രരാണെന്നും ജോണ്‍സിന്റെ കീഴിലെ അടിമത്തത്തെക്കാള്‍ ഒരുപാടു ഭേദമാണ് അവരുടെ വര്‍ത്തമാനകാല ജീവിതമെന്നും വീണ്ടും വീണ്ടും സ്‌ക്വീലര്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.

തൊട്ടടുത്ത ഫാമിന്റെ ഉടമസ്ഥന്‍ ഫ്രെഡറിക്കുമായി നെപ്പോളിയന്‍ വ്യാപാരബന്ധം ആരംഭിക്കുന്നു. മനുഷ്യരുമായുള്ള ബന്ധത്തിന് മൃഗങ്ങള്‍ എതിരായിരുന്നു അവര്‍ക്കാര്‍ക്കും മനുഷ്യരുമായി നേരിട്ട് ഇടപെടേണ്ടി വരില്ലെന്നു പറഞ്ഞ് നെപ്പോളിയന്‍ അവരെ സമാശ്വസിപ്പിക്കുന്നു.

പറഞ്ഞ ദിവസത്തിനു മുന്‍പേ പണി പൂര്‍ത്തിയായ കാറ്റാടിയന്ത്രം വെടിമരുന്ന് ഉപയോഗിച്ച് ഫ്രെഡറിക് തകര്‍ക്കുന്നു. തുടര്‍ന്നുണ്ടായ 'Battle of Nepolean' എന്ന യുദ്ധത്തില്‍ ബോക്‌സറടക്കമുള്ള മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നു. പരിക്കു വകവയ്ക്കാതെ ബോക്‌സര്‍ കഠിനാധ്വാനം തുടരുന്നു. ഒടുവില്‍ പണിസ്ഥലത്ത് തളര്‍ന്നുവീഴുന്നു.

ബോക്‌സര്‍ക്ക് പട്ടണത്തില്‍ നല്ല ചികിത്സ നെപ്പോളിയന്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ബോക്‌സറെ കൊണ്ടു പോകാന്‍ വന്ന വാഹനത്തില്‍ 'Alfred Simmonds, Horse Slaughterer and Glue Boiler' എന്നെഴുതിയിരിക്കുന്നത് ബോക്‌സറുടെ സുഹൃത്ത് ബെഞ്ചമിന്‍ കഴുത വിളിച്ചുപറയുന്നു.

ബോക്‌സര്‍ക്ക് സാധ്യമായതില്‍വച്ചേറ്റവും നല്ല ചികിത്സ ബോക്‌സര്‍ക്കു ലഭിച്ചുവെന്നും 'സഖാക്കളെ മുന്നോട്ട്' എന്നു തന്റെ കാതില്‍ മന്ത്രിച്ച് ബോക്‌സര്‍ വീരചരമം പ്രാപിച്ചുവെന്നും സ്‌ക്വീലര്‍ പറയുന്നു. ആശുപത്രി അധികാരികള്‍ കശാപ്പുകാരില്‍ നിന്നു വാങ്ങിയ വാഹനം ബാനര്‍ മാറ്റാതെ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും വിശദീകരിക്കപ്പെടുന്നു.

വര്‍ഷങ്ങള്‍ കടന്നുപോകുന്നു. പന്നികള്‍ രണ്ടു കാലില്‍ നടക്കാനും ചാട്ടവാര്‍ ഉപയോഗിക്കാനും വസ്ത്രം ധരിക്കാനും ആരംഭിക്കുന്നു. ഏഴു കല്പനകള്‍ 'എല്ലാ മൃഗങ്ങളും തുല്യരാണ്,എന്നാല്‍ അവരില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യരാണ്' ('All animals are equal, but some animals are more equal than others.' ) എന്ന ഒറ്റ വാചകത്തിലേക്ക് ചുരുങ്ങുന്നു.

മനുഷ്യര്‍ക്കും പന്നികള്‍ക്കുമായി നടത്തിയ ഒരു വിരുന്നില്‍ വച്ച് തൊഴിലാളികള്‍ക്കെതിരെയുള്ള സമരത്തില്‍ മനുഷ്യരോടൊപ്പം നില്‍ക്കാമെന്ന് നെപ്പോളിയന്‍ അവര്‍ക്കു വാക്കു കൊടുക്കുന്നു. വിപ്ലവം പഴങ്കഥയാവുന്നു. അനിമല്‍ ഫാമിന്റെ പേര് മാനര്‍ ഫാം എന്നു മാറ്റുന്നു.

നെപ്പോളിയന്റെ ഈ സംഭാഷണം ഒളിച്ചു നിന്നു കേള്‍ക്കുന്ന മൃഗങ്ങള്‍ക്ക് പന്നികളുടെ മുഖഛായ മാറുന്നതായി അനുഭവപ്പെടുന്നു. പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി തിരിച്ചറിയാന്‍ വയ്യാത്ത വിധം സാദൃശ്യമുള്ളതായി അവര്‍ മനസ്സിലാക്കുന്നു

മനുഷ്യരുടെ വര്‍ത്തമാന കാല ജീവിതത്തിനും രാഷ്ട്രീയക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കും ചരിത്രത്തെ വളച്ചൊടിക്കുന്നതിനും ഏറ്റവും വലിയ ഉദാഹരണമാണ് 73 വര്‍ഷം മുമ്പ് എഴുതിയ ഈ നോവല്‍.

ഇക്കാലത്തെ നമ്മുടെ ജീവിതത്തെ ആനിമല്‍ ഫാമിന്റെ ഭിത്തിയില്‍ ഒടുവില്‍ ബാക്കിയായ ഏഴാം കല്‍പ്പന (സിദ്ധാന്തത്തെ) അനുസ്മരിപ്പിക്കുന്നുണ്ട്. 'മൃഗ'ങ്ങള്‍ എന്നിടത്ത് 'മനുഷ്യര്‍' എന്നു തിരുത്തി വായിക്കണം. ഇവിടെ, 'എല്ലാ മനുഷ്യരും തുല്യരാണ്. പക്ഷേ, ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യരാണ്'.

ജോര്‍ജ്ജ് ഓര്‍വെല്‍ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായ എറിക്ക് ആര്‍തര്‍ ബ്ലെയര്‍ ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്നു. എല്ലാത്തരത്തിലുമുള്ള അധികാരസ്ഥാനങ്ങളോടുമുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്ര. ഇരുപതാം നൂറ്റാണ്ടിലെ
ഇംഗ്ലീഷ് ഭാഷാലേഖകന്മാരില്‍ പ്രമുഖനായിരുന്ന ഓര്‍വെലിന്റെ രചനകളില്‍ സമൂഹസ്ഥിതിയുടെ കാച്ചിക്കുറുക്കിയ അനേകം ചിത്രീകരണങ്ങളുണ്ട്. ഏകാധിപത്യത്തെ വിമര്‍ശിച്ചെഴുതിയ
1984, ആനിമല്‍ ഫാം എന്നീ നോവലുകളുടെ പേരിലാണ് ഓര്‍വെല്‍ കൂടുതലും അറിയപ്പെടുന്നത്. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് 'അനിമല്‍ ഫാം' ന്റെ പ്രസക്തി: രമേഷ് പെരുമ്പിലാവ്‌
തെരഞ്ഞെടുപ്പ് കാലത്ത് 'അനിമല്‍ ഫാം' ന്റെ പ്രസക്തി: രമേഷ് പെരുമ്പിലാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക