Image

സ്ത്രീകള്‍ക്ക് രാത്രികള്‍ നഷ്ടമാകുന്നുവോ? (ദീപ പ്രവീണ്‍)

Published on 22 March, 2019
സ്ത്രീകള്‍ക്ക് രാത്രികള്‍ നഷ്ടമാകുന്നുവോ? (ദീപ പ്രവീണ്‍)
രാത്രിയിലും സുരക്ഷിതരായി ഇറങ്ങി നടക്കാന്‍ അവരാഗ്രഹിക്കുന്നുവോ?
ഉവ്വ്! എന്ന ഉത്തരം ആദ്യം പറഞ്ഞു കേട്ടത് എന്റെ അമ്മയടക്കമുള്ള ഒരുകൂട്ടം സ്ത്രീകളില്‍ നിന്നു തന്നെയായിരുന്നു. 80കളുടെ അവസാനത്തില്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിന്നും മധുര, പളനി, കൊടൈക്കനാലിനു ടൂര്‍ പോകുന്നത് പതിവായിരുന്നു. മധുരയിലേയ്ക്കുള്ള ഞങ്ങളുടെ യാത്രയും അത്തരത്തിലൊന്നായിരുന്നു. പുതുമയുള്ള കാഴ്ചകളായിരുന്നു ചുറ്റും. എന്നാല്‍ കൂട്ടത്തിലുള്ള അമ്മമാര്‍ അടക്കമുള്ള സ്ത്രീകള്‍ ആശ്ചര്യം പൂണ്ടത് വൈഗൈ നദിയോ, സംഗപെരുമ പേറുന്ന നഗരമോ, കോട്ട കൊത്തളങ്ങള്‍ നിറയുന്ന അമ്പലമോ കണ്ടിട്ടായിരുന്നില്ല. പകരം രാവേറെ ചെന്നിട്ടും ഉറങ്ങാത്ത, അമ്പലത്തിനു ചുറ്റുമുള്ള തെരുവുകളില്‍ ആത്മവിശ്വാസത്തോടെ ചുറ്റി നടക്കുന്ന തദ്ദേശീയരായ സ്ത്രീകളെ കണ്ടായിരുന്നു!

രാത്രി പത്തു മണി കഴിഞ്ഞും കൈയില്‍ കുടവുമായി വെള്ളത്തിനു പോകുന്നവര്‍, രാത്രിയേറെ നീണ്ടിട്ടും തുറന്നിരിക്കുന്ന കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍, സൈക്കിളില്‍ കൊച്ചു കുഞ്ഞുങ്ങളുമായി പോകുന്നവര്‍... അതേ, രാത്രികളില്‍ സ്വതന്ത്രസഞ്ചാരം നിഷേധിക്കപ്പെടാത്തവര്‍ !

ഇരുട്ടി തുടങ്ങുമ്പോള്‍ ഒന്നു തൊട്ടടുത്തുള്ള അമ്പലത്തില്‍ പോകാന്‍ പോലും ആണ്‍തുണ നിര്‍ബന്ധമായിരുന്ന ഞങ്ങളുടെ അമ്മമാര്‍ക്ക് രാത്രിയില്‍ ഉറക്കെ സംസാരിച്ചു കൊണ്ട് തെരുവുകളെ കീഴടക്കുന്ന സ്ത്രീകള്‍ ഒരു അത്ഭുതമായിരുന്നു. 'സന്ധ്യ കഴിഞ്ഞു എന്നെങ്കിലും നമുക്കിവരെ പോലെയൊന്നു ഇറങ്ങി നടക്കാനാവുമോ?'

കൂടെയുള്ള മുതിര്‍ന്ന സ്ത്രീകള്‍ അവരെ നോക്കി സങ്കടം പറഞ്ഞു.
'കുട്ടികളുടെ കാലത്തൊക്കെ പറ്റുമായിരിക്കും, നമ്മുടെ നാടും മാറുമായിരിക്കും'
ആരോ ആശ്വാസം കൊണ്ടു. എന്നാല്‍ രണ്ടു മൂന്ന്
പതിറ്റാണ്ടിനിപ്പുറവും..സ്ത്രീകള്‍ കൂടുതല്‍ കര്‍മ്മ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടും രാത്രികള്‍ ഇന്നും നമുക്കന്യമല്ലേ?
മറിച്ചൊന്നു പറയാന്‍ സ്വന്തം അനുഭവങ്ങള്‍ പോലും കൂട്ടില്ല.

വക്കീലായി കോടതിയില്‍ പോയി തുടങ്ങിയത് ഏറെ ആഗ്രഹത്തോടും അഭിമാനത്തോടുമാണ്. എന്നാല്‍ ഏതൊരു ജൂനിയര്‍ വക്കീലിന്റെയും കരിയറിന്റെ തുടക്കമെന്നത് പോലെ സ്ഥിരവരുമാനം അന്ന് ഒരു മരീചിക മാത്രമായിരുന്നു. ആ കാലത്ത് ജൂനിയര്‍ വക്കീലന്മാരുടെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗം കോടതി സിവില്‍ കേസുകളില്‍ തര്‍ക്ക സ്ഥലം കണ്ടു സ്ഥിതിവിവരങ്ങള്‍ തിട്ടപ്പെടുത്താന്‍ നിയോഗിക്കുന്ന കമ്മീഷനാകുമ്പോള്‍ കിട്ടുന്ന കമ്മീഷന്‍ ബത്തകളിലുമായിരുന്നു. അന്ന് കോടതിയത് നല്‍കിയിരുന്നത് ആ സമയത്തു കോടതിയില്‍ ഹാജരായിരുന്ന ജൂനിയര്‍ വക്കീലന്മാര്‍ക്ക് ആര്‍ക്കെങ്കിലുമാവും. അതിനായി വൈകുന്നേരം കോടതി പിരിയും വരെ കാത്തിരിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കമ്മീഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടുമ്പോള്‍ സമയം സന്ധ്യയാകും.

സംഭവത്തിന്റെ ഗൗരവം അനുസരിച്ചു മതില് പൊളിക്കുന്നിടത്തോ, റോഡ് വെട്ടുന്നിടത്തോ എത്തി സ്ഥലം കണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കി മടങ്ങുമ്പോള്‍ നേരം ഇരുട്ടും. തിരിച്ചു നാട്ടില്‍ രാത്രി വണ്ടി ഇറങ്ങുമ്പോള്‍ അടക്കിയ സ്വരം കേള്‍ക്കാം... കോടതിയൊക്കെ 5 മണിക്കേ
അടക്കത്തില്ലായോ... ഈ നേരം കേട്ട നേരത്ത് എന്ത് കോടതി? അതേ ഒരു യുവ അഭിഭാഷകയ്ക്കു രാത്രി 8 മണി അന്ന് നേരം കേട്ട നേരമായിരുന്നു. സുഹൃത്തിന്റെ അനിയന്‍ ഒരു കേസില്‍പ്പെട്ട് പോലീസ് സ്റ്റേഷനില്‍ ആയപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ രാത്രി 9.30 ചെന്നപ്പോഴും
കേട്ടതു സമാനമായ ചോദ്യം. 'വക്കീലേ ഈ പാതിരായ്ക്ക് വക്കീല് വരണാരുന്നോ..ഓഫീസില്‍ ഉള്ള വേറെ ആരെയങ്കിലും പറഞ്ഞു വിട്ടാല്‍ പോരാരുന്നോ?'.

ചോദ്യത്തില്‍ ഒളിച്ചിരുന്നത് സ്ത്രീയോടുള്ള കരുതലിനെക്കാളേറെ രാത്രിയില്‍ ഇറങ്ങി നടന്ന 'പെണ്ണിനോടുള്ള' കുറ്റപ്പെടുത്തലായിരുന്നു. പിന്നെയും ജോലി സംബന്ധമായോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഇരുട്ടു വീണിട്ട് സഞ്ചരിക്കേണ്ടി വരുമ്പോഴൊക്കെ ചുറ്റിനും ഉയരുന്ന അടക്കം പറച്ചിലുകള്‍ കേട്ടിട്ടുണ്ട്...കേട്ടതിനെ അവഗണിച്ചു തന്നെ മുന്നോട്ടു പോയിട്ടുണ്ട്. ഉള്ളില്‍ കരഞ്ഞിട്ടുണ്ട് പലപ്പോഴും... ഞാന്‍ പോലും അറിയാതെ എന്നില്‍ രാത്രി യാത്രകളോടുള്ള പേടി (socio geographical fear for night) വളരുകയായിരുന്നു.

രാത്രി യാത്ര എന്നത് സ്ത്രീക്ക് അപകടകരമായ ഒന്നാണ് എന്ന് പല തരം 'പറച്ചിലുകളിലൂടെ' 'സാരോപദേശങ്ങളിലൂടെ' 'സംഭവങ്ങളുടെ വിവരണങ്ങളിലൂടെ' ഞാന്‍ തന്നേ ഊഹിച്ചു കൂട്ടുന്ന ഒരു പാട് ഫിയര്‍ ഫാക്ടറുളിലൂടെ ഞാന്‍ എനിക്ക് രാത്രി യാത്രകള്‍ നിഷേധിക്കാന്‍ തുടങ്ങി. അതൊരു പാട് അവസരങ്ങളുടെ നിഷേധം കൂടിയായിരുന്നു.

ആയിടയ്ക്ക് പത്രത്തിലെ ഒരു പരസ്യം കാണിച്ചു തന്നത് റൂം മേറ്റ് നിഷയാണ്, 'ദേ നിനക്ക് ഫോട്ടോഗ്രഫി ഇഷ്ടല്ലേ.. പ്രസ് ക്ലബ്ബില്‍ ഫോട്ടോ ജേര്‍ണലിസം ഈവനിങ്ങ് കോഴ്‌സ് തുടങ്ങുന്നുണ്ട്. നീ ചേരുന്നോ?' 'രാത്രിയാവില്ലേ ക്ലാസ്സ് തീരാന്‍ ഞാനില്ല'. പിന്നെ നിഷയില്‍ നിന്നു കേട്ടത് നല്ല കണ്ണു പൊട്ടുന്ന ചീത്തയാണ്.

'പേടിയെ അതിജീവിക്കാന്‍ പേടിയെ അഭിമുഖീകരിക്കുക. പിന്നെ വൈകി വരുന്ന പെണ്ണിനെ കുറിച്ചു അടക്കം പറയുന്ന നാട്ടുകാരെയും ഹൗസ് ഓണറിനെയും നോക്കി മനോഹരമായി ചിരിക്കുക. അത്രേയുള്ളൂ ചെയ്യാന്‍. പിന്നെ സൂര്യകാലടി മനയിലെ പനകളില്‍ കുടിയിരിക്കുന്ന യക്ഷിയേയും ചാത്തനെയും ഒതുക്കാന്‍ കൈയില്‍ ഒരു
ചരടങ്ങ് ജപിച്ചു കെട്ടുക.'
ഒരു ചിരിയില്‍ നിഷ പറഞ്ഞു നിറുത്തിയിടത്ത് നിന്നു എന്റെ ജീവിതത്തില്‍ രാത്രികള്‍ കൂടി എന്റെ സ്വന്തമാവുകയായിരുന്നു.

എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ആക്റ്റീവ് ഡെയിലി ലൈഫിന് ഒരു ദിവസം നീട്ടി കൊടുക്കുന്ന ഒന്നോ രണ്ടോ അധിക മണിക്കൂറുകള്‍ പോലും ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ കൊണ്ട് വന്നു. 70 വയസ്സു വരെ ജീവിക്കുന്ന ഒരു പുരുഷനു ഏതാണ്ട് 30 വര്‍ഷം (മണിക്കൂര്‍ കണക്കില്‍) active social life ഉള്ളപ്പോള്‍ അതേ കാലയളവ് ജീവിക്കുന്ന സ്ത്രീയുടെ സാമൂഹിക ജീവിതം അതിന്റെ പകുതിയെ വരുന്നുള്ളൂ എന്നാണു കണക്കുകള്‍ പറഞ്ഞിരുന്നത്. (ഈ കണക്കില്‍ ഇപ്പോള്‍ മാറ്റം വരുന്നു, സ്ത്രീകള്‍ കൂടുതല്‍ സമയം വീടിന്റെ നാലു ചുവരുകള്‍ക്കു പുറമേ ചിലവഴിയ്ക്കുന്നു എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു)

രാത്രിയാത്രകളോടുള്ള പേടി (fear), താത്പര്യമില്ലായ്മ (aversion)
സ്ത്രീകളില്‍ കൂടുതലായി കാണുന്നു.രാത്രി വൈകി ഒരു പരിചയമില്ലാത്ത ഓട്ടോയില്‍ കയറേണ്ടി വരുമ്പോള്‍, നഗരത്തില്‍ നിന്നു പുറപ്പെടുന്ന രാത്രി വണ്ടി നാട്ടിലെത്തുന്ന സമയമാകുമ്പോള്‍ ആളുകള്‍ ഒഴിഞ്ഞു വിജനമാകുമ്പോള്‍, വീട്ടിലേയ്ക്കുള്ള വഴിയില്‍ പാതി ഓടിയും നടന്നും കിതച്ചു എത്തി തിരിഞ്ഞു നോക്കി അതുവരെ പിന്നില്‍ ഒരേ താളത്തില്‍ പിന്തുടര്‍ന്നത് ഒരു നായയിരുന്നു എന്ന് തിരിച്ചറിഞ്ഞു ചിരിക്കണോ കരയണോ എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍
തിരിച്ചറിയുന്നു ഒരു പേടിയുടെ ആവരണം എന്റെ മേലുണ്ട്.

വൈകി സഞ്ചരിക്കുന്ന പെണ്ണ് അവളുടെ ഉള്ളില്‍ മുന്നോട്ടു പോകാനുള്ള അവളുടെ ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ മേല്‍ വീഴുന്ന ഈ പേടിയുടെ ആവരണം ഈ സമൂഹം അവള്‍ക്ക് കൊടുത്തതാണ്.
എന്തുകൊണ്ടാണ് സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത്? ഈ ഭയത്തിന്റെ തോത് ദേശവും സാമൂഹിക സാഹചര്യവും മാറുന്നതിനു അനുസരിച്ചു മാറുന്നുവോ?

പഠനങ്ങള്‍ പറയുന്നത് സ്ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരകൃതങ്ങളുടെ തോതും (crime rate) അത് ഉടലെടുക്കുന്ന സ്ഥലവും കണക്കിലെടുത്താല്‍ രാത്രിയോ പൊതു ഇടമോ (public space) നിലവിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൂട്ടുന്നില്ല. തോതുവെച്ചു നോക്കിയാല്‍ സത്രീ കൂടുതലായി
ആക്രമിക്കപ്പെടുന്നത് ചിരപരിചിതമായ ഇടങ്ങളില്‍ വെച്ചും പരിചിതരായ ആളുകളില്‍ നിന്നുമാണ്. എന്നിട്ടും നമ്മുടെ സമൂഹം സ്ത്രീകള്‍ക്കു രാത്രിയില്‍ പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിന്റെ കാരണമെന്താണ്?

ഈ ഭയത്തിന്റെ കാരണം അന്വേഷിക്കുന്ന സോഷ്യല്‍ ജിയോഗ്രഫി ആന്‍ഡ് മാപ്പിംഗ് ഓഫ് വിമന്‍ ഫിയര്‍ രേഖപ്പെടുത്തുന്നത്, ഒരു സ്ത്രീയ്ക്ക് ഒരു പ്രത്യേക സ്ഥലത്തോടോ സാഹചര്യത്തോടോ ഭയം തോന്നുന്നത് ആ സ്ഥലത്തോ ആ അവസ്ഥയിലോ മുന്‍പ് നടന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൊണ്ട് ആവണം എന്നില്ല. മറിച്ചു സാമൂഹിക സാഹചര്യങ്ങള്‍ അടിച്ചേല്പിക്കുന്ന കീഴവഴക്കങ്ങള്‍ കൊണ്ടും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കും എന്ന തോന്നല്‍ കൊണ്ടുമാണ്.

യഥാര്‍ത്ഥത്തില്‍ രാത്രികാലങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളേക്കാള്‍ ആക്രമിക്കപ്പെടുന്നത് പുരുഷന്മാരാണ്. എന്നിട്ടും രാത്രികളില്‍ പൊതു സ്ഥലങ്ങളില്‍ പുരുഷ സാന്നിദ്ധ്യം കൂടുതലും സത്രീ സാന്നിദ്ധ്യം കുറവുമാണ്. പുരുഷന്മാര്‍ക്കു പ്രത്യക്ഷത്തില്‍ പ്രകടമാകാത്തതും എന്നാല്‍ സ്ത്രീകള്‍ ഭയപ്പെടുന്നതുമായ വസ്തുത തങ്ങള്‍ ലൈംഗികമായി ആക്രമിക്കപ്പെടും എന്നതാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന സത്രീ ഒരു ലൈംഗിക ഉപകരണമായി ചിത്രീകരിക്കപ്പെടും എന്ന ഒരു പൊതുബോധ നിര്‍മിതി ഇന്നും ഇവിടെ നിലനില്‍ക്കുന്നു.
ഏതൊരു വ്യക്തിയുടെ ഭയത്തിന്റെ കാരണം തിരഞ്ഞാലും ഇതുപോലെയുള്ള സോഷ്യല്‍ factors ആണ് യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ തോതിനേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത്.

ഒരു ഉദാഹരണം പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ അന്യ ദേശ തൊഴിലാളികള്‍ താമസിക്കുന്ന ഒരു തെരുവുണ്ട്. അത് വഴി, വഴിനടക്കാന്‍ നാട്ടുകാരില്‍ നല്ലൊരുശതമാനം നാട്ടുകാര്‍ക്കും ഭയമാണ്. അവിടെ ഒരു ക്രിമിനല്‍ കുറ്റം പോലും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ആളുകള്‍ ആ വഴി ഒഴിവാക്കുന്നു. എന്നാല്‍ ഈ അന്യഭാഷാ തൊഴിലാളികള്‍ക്ക് പണി തരപ്പെടുത്തി കൊടുക്കുന്ന പരിചയക്കാരനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ഒറ്റയ്ക്ക് നടന്നാലോ, അസമയത്ത് നടന്നാലോ നാട്ടുകാരാല്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയത്തിനാല്‍ ഈ തൊഴിലാളികള്‍ ഒന്നിലധികം ആളുകളുടെ കൂട്ടമായാണ് സഞ്ചരിക്കുന്നത്. അതാണ് ഭയത്തിന്റെ മനശ്ശാസ്ത്രം.

ഭയത്തിന്റെ കാരണങ്ങള്‍ സൃഷ്ടിക്കുന്നതും ഊട്ടി ഉറപ്പിയ്ക്കുന്നതും നമ്മളാണ്, പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ എന്ന പേരില്‍. എങ്ങനെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം എന്ന് പറയുമ്പോള്‍ സാമാന്യ രീതിയില്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗ്ഗങ്ങള്‍,

1. അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക ( Avoidance)
2. താന്‍ അഭിമുഖീകരിക്കുന്ന സാഹചര്യം, സ്ഥലം ഇവയെക്കുറിച്ചു മനസ്സിലാക്കി ഒരു Risk management strategy യുമായി മുന്നോട്ടു പോവുക.

പലപ്പോഴും നിത്യ ജീവിതത്തില്‍ പല സാഹചര്യങ്ങളിലും അബോധപൂര്‍ണ്ണമായി നമ്മില്‍ ഏറെപേരും ഈ രണ്ടാമത്തെ രീതി പിന്തുടരുന്നവരാണ്. എന്നാല്‍ രാത്രി യാത്ര ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീയുടെ കാര്യത്തില്‍ നമ്മള്‍ അവരോടു ആവശ്യപ്പെടുന്നത് ആദ്യ മാര്‍ഗ്ഗം സ്വീകരിക്കാനാണ്. രാത്രി സുരക്ഷിതമല്ല
അതിനാല്‍ യാത്രകള്‍ ഒഴിവാക്കുക. IT കമ്പനികളില്‍ പോലും സ്ത്രീകളെ രാത്രി ജോലിയില്‍ നിന്നും ഒഴിവാക്കി നേരത്തെ വീട്ടില്‍ എത്തിക്കാനുള്ള
പോളിസികള്‍ വരുന്നു.

മുന്‍പ് പറഞ്ഞ കണക്ക് പോലെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിതം, അവസരങ്ങള്‍, അനുഭവങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടു നല്ല പകല്‍ വെളിച്ചത്തില്‍ മാത്രം 'സുരക്ഷിതമായി' പറയപ്പെടുന്ന ഇടങ്ങളില്‍ മാത്രം ചലിച്ചു ജീവിതം തീര്‍ക്കേണ്ടി വരുമ്പോള്‍ ഒരു വ്യക്തിയ്ക്ക് നാം നിഷേധിക്കുന്നത് പൂര്‍ണ്ണമായ വ്യക്തിവികാസത്തിനുള്ള അവസരം കൂടിയാണ്. മാറേണ്ടത് രാത്രി സ്ത്രീയ്ക്ക് നിഷിദ്ധമാണ് എന്ന ചില പൊതുബോധ നിര്‍മ്മിതികളാണ്. മാറ്റം വരേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്. ആ പഴയ മധുരയിലെ ഉറങ്ങാത്ത സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ നടക്കുന്ന തെരുവുകള്‍ എന്തുകൊണ്ടാണ് ഉണ്ടായിരുന്നത്. അവിടുത്തെ സ്ത്രീകളുടെ ബോധത്തില്‍ ആ തെരുവുകള്‍ അടയാളപ്പെടുന്നത് ഒരു സാമൂഹികമായി പേടിപ്പെടുത്തുന്ന ഇടമായിട്ടായിരുന്നില്ല (absence of socio geographical
fear factor attached).

കേരളത്തിലുമുണ്ട് സ്ത്രീകള്‍ തങ്ങള്‍ സേഫ് എന്ന് ഇരുട്ടിലും മനസ്സു കൊണ്ട് അബോധപൂര്‍ണ്ണമായി അടയാളപ്പെടുത്തുന്ന ഇടങ്ങള്‍, പലപ്പോഴും അത് വീടിലേക്ക് നീളുന്ന വഴികളാവും എന്ന് മാത്രം. ഇത് എഴുതി നിറുത്തുമ്പോള്‍ മനസ്സില്‍ ഒരു മാപ്പ് വരച്ചിടുന്നുണ്ട്. കേരളത്തിലെ എല്ലാ വഴികളും സ്ത്രീകള്‍ രാപകല്‍ ഭേദമില്ലാതെ സ്വന്തം വഴികളായി വരച്ചിടുന്നു. അവര്‍ ആ വഴികളിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് രാപ്പകല്‍ ഭേദമില്ലാതെ യാത്രചെയ്യുന്നു.
Join WhatsApp News
വിലാസിനി 2019-03-23 09:19:43
വീട്ടിൽ കിടന്നുറങ്ങണ്ട മലയാളി അച്ചായന്മാർ നാട് നന്നാക്കാൻ പോയാൽ സ്ത്രീകൾക്ക് എങ്ങനെ രാത്രികൾ നഷ്ടമാകാതിരിക്കും ? പക്ഷെ ആ നഷ്ടം നികത്താൻ ഞങ്ങൾ സ്ത്രീകൾക്കും മാർഗ്ഗമുണ്ടെന്നു കൃതിക്കോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക