Image

കൈ പിടിക്കുമ്പോള്‍ (കവിത: നവീന സുഭാഷ്)

Published on 22 March, 2019
കൈ പിടിക്കുമ്പോള്‍ (കവിത: നവീന സുഭാഷ്)
നോക്കൂ കൂട്ടുകാരാ..
നീ ഇനി ഇതാരോടും പറയരുത്...
ഞാനൊരു പെണ്ണായിപ്പോയോണ്ട് സഹിക്യാട്ടോ..

നീ പറഞ്ഞതാണ് ശരി
മൃദുത്വമില്ലാത്ത കൈകള്‍ ഒരാണിനും
ചേര്‍ത്ത് പിടിക്കാന്‍ തോന്നില്ല...

ഒരു പെണ്ണിന്റെ കൈപ്പത്തി,
അവളുടെ വിരലുകള്‍,
നഖത്തിന്റെ മിനുമിനുപ്പ്
എല്ലാം
ചേര്‍ത്ത് പിടിക്കലിന്റെ ഭാഗമാണെന്ന
നിന്റെ കണ്ടെത്തല്‍ എത്ര ശരിയാണ്?

എന്ന്
കരിങ്കാളിയായ പാവം പെണ്ണൊരുത്തി
താടിയില്‍ കൈകൊടുത്തിരുന്ന്
വിഷണ്ണയായ് സമ്മതിച്ചേക്കാം...

പക്ഷെ
നിന്റെ കണ്ടെത്തലുകളിലെ
ശരികേടുകളിലേക്ക് ഞാനെന്റെ
കരുവാളിച്ച തഴമ്പിച്ച വിരലുകളഞ്ചും
നീട്ടുകയാണ്...

ചേര്‍ത്തുവെച്ചിട്ടില്ലെങ്കിലും
ചേര്‍ത്ത് പിടിച്ചിട്ടുള്ള കയ്യാണിത്
ചുംബനങ്ങള്‍ ഏറ്റുവാങ്ങിത്തഴമ്പിച്ചത്...

നീയെന്റെ മുഖത്തേക്കൊന്ന്
സൂക്ഷിച്ച് നോക്കാമോ?

തന്റേടത്തോടെ എന്റെ കണ്ണുകളില്‍
ഒരരനാഴികനേരം കയറി യൊന്നിരിക്കാമോ?

കാട്ടുതീയുടെ ചൂട് വിട്ടിട്ടില്ലാത്ത
ഒരു ജീവിതമുണ്ടതിനകത്ത്
തിളയ്ക്കുന്ന ലാവ പൊട്ടാതെ കിടപ്പുണ്ട്...

ഇനിയും മങ്ങാത്ത കാഴ്ചയില്‍
മരം കോച്ചുന്ന തണുപ്പിടമുണ്ട്...

നീ എന്റെ കവിളുകളിലേയ്ക്ക് നോക്കൂ...
വസന്തങ്ങളെ വെല്ലുന്ന
കുങ്കുമ നിറം കാണുന്നില്ലെ?

ചെഞ്ചായം തേയ്ക്കാത്ത
ചുണ്ടുകളുടെ തുടുപ്പുകള്‍
ആവാഹിച്ചെടുത്ത ഒരിടമാണത്?

നിനക്കൊരിക്കലും
ഉമ്മവെയ്ക്കാനാകാത്തത് !

തൊണ്ടിപ്പഴം പോലെ തുടുത്ത
എന്റെ ചുണ്ടുകളില്‍ കണ്ണുടക്കുമ്പോഴൊക്കെ
നീയെന്തിനാണ് ഭയപ്പെടുന്നത്?

ശരിക്കും
പേടിയാകുന്നുണ്ടോ?
എന്തിനാണെന്റെ കൈകള്‍
രണ്ടും മുറുക്കിപ്പിടിക്കുന്നത്...
നോവുന്നു കേട്ടോ,,,,

ഹ....ഹ....ഹ...

നീ എന്റെ പിന്‍ കഴുത്തും
മുല വിടവുകളും
അരക്കെട്ടും കണങ്കാലും
ഒരിക്കലും കാണില്ല...

മൃദുവായിപ്പോയ കൈകളിലെ
നിര്‍ജ്ജീവതയിലാണല്ലോ നിന്റെ
കിടപ്പ് ...ഇരിപ്പ്...നടപ്പ്....

പെണ്ണൊരുത്തിയെ തൊടണമെങ്കില്‍
നല്ല തഴമ്പിച്ച കയ്യുള്ളോളെത്തന്നെ തൊടണം
ഇനിയും പിറക്കേണ്ട നിന്റെ കാലത്തെ
ഓര്‍ത്ത് ഞാന്‍ തല്‍ക്കാലം
ഒന്നടക്കിച്ചിരിക്കട്ടെ...
അത് നല്ല നിറമുള്ള മുല്ലപ്പൂ മണമുള്ള
പെണ്ണത്തമല്ലേടാ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക