Image

ഓച്ചിറയിലെ പെണ്‍കുട്ടിക്ക്‌ നീതി കിട്ടണമെന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 23 March, 2019
ഓച്ചിറയിലെ പെണ്‍കുട്ടിക്ക്‌ നീതി കിട്ടണമെന്ന്‌ ഉമ്മന്‍ ചാണ്ടി

കൊല്ലം: പെണ്‍കുട്ടികള്‍ക്ക്‌ കേരളത്തില്‍ സുരക്ഷയില്ലെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഉമ്മന്‍ ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക്‌ നീതി കിട്ടണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൊലീസ്‌ ഒത്തുതീര്‍പ്പിന്‌ ശ്രമിക്കുന്നുണ്ട്‌. കേസില്‍ കനത്ത ജാഗ്രത വേണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ചെല്ലുന്നത്‌ നീതിക്ക്‌ വേണ്ടിയാണ്‌.

പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത്‌ അഭിമാനകരമല്ല. എത്രയും വേഗം കണ്ടെത്തി തിരിച്ച്‌ കൊടുക്കുകയും ഇത്‌ കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായി ആറ്‌ ദിവസമായിട്ടും ഇതുവരെയും കണ്ടെത്താന്‍ പൊലീസിന്‌ ആയിട്ടില്ല.

പെണ്‍കുട്ടിയുമായി പ്രതി റോഷന്‍ ബംഗളൂരുവിലേക്ക്‌ കടന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. റോഷനും സംഘത്തിനുമെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്‌. ബംഗളൂരുവിലേക്ക്‌ റോഷനും പെണ്‍കുട്ടിയും ട്രെയ്‌ന്‍ ടിക്കറ്റെടുത്തതിന്‌ തെളിവ്‌ പൊലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരള പൊലീസ്‌ ബംഗളൂരു പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്‌.

പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക്‌ കടന്നുവെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കേരള പൊലീസ്‌ ബംഗളൂര്‍ പൊലീസിന്‍റെ സഹായം തേടിയത്‌. തിങ്കളാഴ്‌ച ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയാണ്‌ 13 കാരിയെ തട്ടിക്കൊണ്ടു പോയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക