Image

യെദ്യുരപ്പയുടെ ഡയറി; പുറത്തുവന്നത് വ്യാജരേഖയന്ന് ആദായനികുതി വകുപ്പ്

Published on 23 March, 2019
യെദ്യുരപ്പയുടെ ഡയറി; പുറത്തുവന്നത് വ്യാജരേഖയന്ന് ആദായനികുതി വകുപ്പ്

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെ പേരില്‍ പുറത്തുവന്ന ഡയറി വ്യാജമെന്ന് ആദായനികുതി വകുപ്പ്. കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ഡയറി വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതാണെന്നും കര്‍ണാടക ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ബി.എസ് ബാലകൃഷ്ണന്‍ അറിയിച്ചു.

ഇപ്പോഴത്തെ വിവാദങ്ങള്‍ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കരുതുന്നുവെന്നും ബംഗളുരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പറഞ്ഞു. 

മുഖ്യമന്ത്രി പദം ഉറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. നിതിന്‍ ഗഡ്കരിക്ക് 150 കോടി രൂപയും രാജ്‌നാഥ് സിംഗിന് 100 കോടി രൂപയും നല്‍കി. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കി. എല്‍.കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപ വീതം നല്‍കി. ജഡ്ജുമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കി. കാരവന്‍ മാഗസിനാണ് ഇത് പുറത്തുവിട്ടത്.

2009ലെ ഡയറിക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പുമുണ്ട്. 2017ല്‍ തന്നെ ആദായ നികുതി വകുപ്പിന് ലഭിച്ച രേഖകളില്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ആദായനികുതി വകുപ്പിന്റെ പുതിയ വിശദീകരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക