Image

ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ സ്റ്റാന്‍ഡില്‍ വെയിലത്ത്‌ നിര്‍ത്തുന്നതായി വ്യാപക പരാതി; നടപടിയെടുക്കുമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌

Published on 24 March, 2019
ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ സ്റ്റാന്‍ഡില്‍ വെയിലത്ത്‌ നിര്‍ത്തുന്നതായി വ്യാപക പരാതി;  നടപടിയെടുക്കുമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌


സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്‌ പുറപ്പെടുന്നതു വരെ ബസ്സില്‍ കയറാന്‍ അനുവദിക്കാതെ സ്റ്റാന്‍ഡില്‍ വെയിലത്തു നിര്‍ത്തുന്നത്‌ സംബന്ധിച്ച്‌ വ്യാപക പരാതികള്‍ ലഭിച്ചതായി പാലക്കാട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു. ഈ വിഷയത്തില്‍ പല തവണ നടപടി സ്വീകരിച്ചിട്ടും ആവര്‍ത്തിക്കുന്നതായും വരും ദിവസങ്ങളില്‍ ബസ്‌ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു.

നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ടക്ടര്‍ ലൈസന്‍സ്‌ അസാധുവാക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ആര്‍.ടി.ഒ വ്യക്തമാക്കി.

നേരത്തെ സീറ്റുകള്‍ ഒഴിഞ്ഞ്‌ കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റികള്‍ക്ക്‌ കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന്‌ അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്‌.

ഓള്‍ കേരള സ്വകാര്യ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഓര്‍ഗനൈസേഷനും മറ്റ്‌ ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ കോടതിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യബസ്‌ ഓപറേറ്റേഴ്‌സിന്‌ ബാധ്യതയില്ലെന്ന്‌ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ ഹര്‍ജി.

കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോട്‌ സ്വകാര്യ ബസ്‌ ജീവനക്കാര്‍ കാട്ടുന്ന അനീതിയെ കുറിച്ച്‌്‌ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക