Image

പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ സര്‍വശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു: സനല്‍കുമാര്‍ ശശിധരന്‍

Published on 24 March, 2019
പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ സര്‍വശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു: സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നിലുള്ള പ്രധാന ലക്ഷ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നതാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. "കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാതിരിക്കുകയും ഭരണം ഒരു തട്ടിക്കൂട്ട് മഹാഗഡ് ബന്ധന്റെ കൈകളിലേക്ക് പോവുകയും ചെയ്താല്‍ ബി.ജെ.പി അധികാരത്തിലേക്ക് മടങ്ങി വരുന്നതിനെക്കാള്‍ അപകടം അതുണ്ടാക്കും. ഏറിയാല്‍ രണ്ടുവര്‍ഷത്തിനിടയ്‌ക്ക് ബി.ജെ.പി അതിന്റെ എല്ലാ സംഹാരശക്തിയോടെയും തിരിച്ചുവരുമെന്നും" അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയിച്ചാല്‍ ഒരിക്കലും ബിജെപിക്ക് പിന്തുണ നല്‍കില്ല എന്നുറപ്പുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നിടത്ത് എന്തിനാണ് രാഹുല്‍ഗാന്ധി മത്സരിച്ച്‌ ഇടതുപക്ഷത്തിനെതിരെ പോരാട്ട വീര്യം കൂട്ടൂന്നത് എന്നാണ് പലരും ചോദിക്കുന്നത്.കോണ്‍ഗ്രസ് ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ പോയി മത്സരിച്ച്‌ അവിടെ ബിജെപിയെ തറപറ്റിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. ഇവിടെ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടവരല്ലേ അവര്‍ എന്നാണ് ന്യായം. എന്റെ അഭിപ്രായത്തില്‍ ഈ ഇലക്ഷനില്‍ കോണ്‍ഗ്രസിനു മുന്നിലുള്ള പ്രധാന ലക്ഷ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നതാണ്.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാതിരിക്കുകയും ഭരണം ഒരു തട്ടിക്കൂട്ട് മഹാഗഡ് ബന്ധന്റെ കൈകളിലേക്ക് പോവുകയും ചെയ്താല്‍ ബിജെപി അധികാരത്തിലേക്ക് മടങ്ങി വരുന്നതിനെക്കാള്‍ അപകടം അതുണ്ടാക്കും. ഏറിയാല്‍ രണ്ടുവര്‍ഷത്തിനിടയ്ക്ക് ബിജെപി അതിന്റെ എല്ലാ സംഹാരശക്തിയോടെയും തിരിച്ചുവരും. കേരളത്തില്‍ നിന്നും എല്ലാ സീറ്റും എല്‍‌ഡി‌എഫ് നേടിയാലും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെതിരെ അത് പ്രതിഫലിക്കില്ല എന്ന് പറയുന്നത് കാര്യങ്ങള്‍ നേരെ കാണാതെയാണ്. മറിച്ച്‌ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനു നേടാന്‍ കഴിയുന്ന എല്ലാ സീറ്റുകളും സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുക തന്നെ ചെയ്യണം.

ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്റ്റാര്‍ കാമ്ബെയിനര്‍മാര്‍ വട്ടമിട്ടു പറക്കുന്നത്. പക്ഷെ ഈയിടെയായി ബിജെപിയുടെ തന്ത്രങ്ങള്‍ ഓരോന്നും പരാജയപ്പെടുന്നതാണ് കാണുന്നത്. യുദ്ധമുണ്ടായാല്‍ ഇലക്ഷനില്‍ മേല്‍ക്കൈ നേടാം എന്ന ആശയം തിരിച്ചടിച്ചു. റാഫേല്‍ കരാര്‍ തിരിച്ചടിച്ചു. ചൌക്കീദാര്‍ കാമ്ബെയിന്‍ തിരിച്ചടിച്ചു. ശബരിമല നിലപാട് തിരിച്ചടിക്കും. അയോധ്യയില്‍ കോടതിവിധി ഉണ്ടാവുമെന്നും അത് ഇലക്ഷനില്‍ ഗുണകരമായി മാറുമെന്നും കരുതി അതും തിരിച്ചടിച്ചു. തമിഴ്‌നാട്ടില്‍ ജനങ്ങള്‍ മടുത്ത അണ്ണാ ഡി‌എം‌കെയുമായുള്ള സഖ്യം തിരിച്ചടിക്കും. പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ സര്‍വശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു. എന്റെ നോട്ടത്തില്‍ ബിജെപിക്ക് മോശം കാലാവസ്ഥയാണിപ്പോള്‍.

പക്ഷെ അതുകൊണ്ട് കാര്യം കഴിഞ്ഞില്ല. എല്‍ഡി‌എഫും ത്രിണമൂലും രാഷ്ട്രീയ ജനതാദളും സമാജ് വാദിയും അങ്ങനെ അങ്ങനെ ബിജെപിയെ എതിര്‍ക്കുന്നു എന്ന ഒറ്റ അജണ്ട മാത്രം മുന്നോട്ടുവെയ്ക്കുന്ന രാ‍ഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍‌ക്കയ്യുള്ള ഒരു തൂക്കുസഭ വന്നാല്‍ അത് ബിജെപിക്ക് നല്‍കുന്നത് ഒരു ടീബ്രേക്ക് മാത്രമായിരിക്കും. ഇപ്പോള്‍ രാജ്യത്തിനു മുന്നില്‍ ഒരു ഭരണ അജണ്ട മുന്നോട്ടുവെക്കുന്നത് രണ്ട് കക്ഷികള്‍ മാത്രമേയുള്ളു. അത് ബിജെപിയും കോണ്‍ഗ്രസുമാ‍ണ്. ബിജെപിയുടെ അജണ്ട ക്രോണി കാപിറ്റലിസമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി ഭരണം അഴിമതി നിറഞ്ഞതാണെന്നും കോണ്‍ഗ്രസ് പറയുന്നു. ബിജെപിയാവട്ടെ അഞ്ചുവര്‍ഷം കൊണ്ട് ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്യാന്‍ കഴിയാതെ ജനസമക്ഷം നില്‍ക്കുന്നു.

കുറച്ചുകൂടി ആലോചിച്ചാല്‍ കോണ്‍ഗ്രസിതര കക്ഷികള്‍ എതിര്‍ക്കുന്നത് പ്രധാനമായും മോഡിയെ ആണെന്ന് കാണാം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന അവസരത്തില്‍ മോഡിയെ മാറ്റി മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി തയാറായാല്‍ അവരൊക്കെ അത് പിന്തുണയ്ക്കാനുള്ള സാധ്യതയും കുറവല്ല. അതുകൊണ്ടുതന്നെ നേരിയ സ്വാധീനമെങ്കിലുമുള്ള എല്ലാ പ്രദേശങ്ങളിലും ആവുന്നത്ര പരിശ്രമിച്ച്‌ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെടുക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ എന്നല്ല ഈ രാജ്യത്തിന്റെ നിലനില്‍‌പിനെ സംബന്ധിച്ച്‌ വളരെ പ്രധാനമായ കാര്യമാണ്. അതിനുള്ള തന്ത്രം മെനയുമ്ബോള്‍ കാരാട്ടിനോടും പിണറായിയോടും ആലോചിക്കുകയും എല്‍ഡി‌എഫിന്റെ അവസ്ഥ എന്താവുമെന്നോര്‍ത്ത് മനസ്താപപ്പെടുകയും ചെയ്യേണ്ട ഒരു ആവശ്യവുമില്ല. അതല്ലെങ്കില്‍ കോണ്‍ഗ്രസുമായി ഒരു തുറന്ന സഖ്യത്തില്‍ ഇവരൊക്കെ ഏര്‍പ്പെടട്ടെ അപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എവിടെ നില്‍ക്കണമെന്നൊക്കെ അവര്‍ക്കും കൂടി ചേര്‍ന്ന് തീരുമാനിക്കാമല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക