Image

വയനാടിനെക്കുറിച്ച്‌ മിണ്ടാതെ രാഹുല്‍, പ്രഖ്യാപനം ഉടന്‍ വേണമെന്ന് പ്രമേയം പാസാക്കി മലപ്പുറം ഡി.സി.സി

Published on 25 March, 2019
വയനാടിനെക്കുറിച്ച്‌ മിണ്ടാതെ രാഹുല്‍, പ്രഖ്യാപനം ഉടന്‍ വേണമെന്ന് പ്രമേയം പാസാക്കി മലപ്പുറം ഡി.സി.സി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിക്ക് പുറമെ വയനാട്ടിലും മത്സരിക്കുമോ ഇല്ലയോ എന്ന സസ്പെന്‍സ് നിലനിറുത്തി രാഹുലിന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥ്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനമായ മിനിമം വാഗ്‌ദ്ധാനത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും മിണ്ടാന്‍ രാഹുല്‍ തയ്യാറായില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും താന്‍ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തെക്കുറിച്ച്‌ ചര്‍ച്ചയുണ്ടായില്ലെന്നാണ് വിവരം. യോഗത്തിലുണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. വൈകുന്നേരം നാല് മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പാര്‍ട്ടി ആസ്ഥാനത്ത് വാ‌ര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.ഇതില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുല്‍ വരണം, പ്രമേയം പാസാക്കി മലപ്പുറം ഡി.സി.സി

അതേസമയം, വയനാട് നിന്ന് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം ഉടന്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി. ഇതേ ആവശ്യം ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധിക്കും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കും ഇമെയിലും അയച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടതിനാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക