Image

നിധി കാക്കുന്ന ശ്രീപത്മനാഭന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 July, 2011
നിധി കാക്കുന്ന ശ്രീപത്മനാഭന്‍

ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളിയും പ്രഭാതമുണരുന്നത്‌ അനന്തപുരിയുടെ അഭിമാനമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, മരതകം, മാണിക്യം, ഗോമേദകം, വൈഢൂര്യം എന്നിത്യാദി അമൂല്യ രത്‌നശേഖരത്തിന്റെ വിസ്‌മയക്കഥകള്‍ കേട്ടുകൊണ്ടാണ്‌.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ ദിനംപ്രതി കണ്ടെടുക്കുന്ന `നിധി'യെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ അമ്പരപ്പുമാണ്‌ തോന്നുന്നത്‌. ചരിത്രമുറങ്ങുന്ന, ചിരപുരാതനമായ ഒരു ക്ഷേത്രം എന്നതിലുപരി അതൊരു നിധി പേടകമായിരുന്നു എന്ന്‌ മാലോകര്‍ക്ക്‌ അറിയുമായിരുന്നോ എന്തോ. തിരുവിതാംകൂര്‍ രാജവംശം `നിധി' പോലെ കാത്തുസൂക്ഷിച്ചിരുന്ന ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തുവഹകളെക്കുറിച്ചുള്ള രഹസ്യം ഇന്ന്‌ പൊതുജനം അറിഞ്ഞിരിക്കുന്നു. മലയാളിയുടെ എല്ലാ പ്രശ്‌നങ്ങളേയും മാറ്റിവെച്ച്‌ എല്ലാവരും അമ്മൂമ്മക്കഥകള്‍ പോലെ, മായാവിക്കഥകള്‍ പോലെ സ്വര്‍ണ്ണക്കഥകള്‍ പാടി നടക്കുന്നു.

നിലവറയില്‍ നിന്ന്‌ കിട്ടിയ ലക്ഷം കോടികളില്‍ കവിഞ്ഞ സ്വത്തുക്കള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന വാദമുയര്‍ത്തി വിവിധ ഹൈന്ദവ സംഘടനകളും ഹൈന്ദവ നേതാക്കളും രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. അതിനവര്‍ നിരത്തുന്ന വാദമുഖങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌ ഹിന്ദുക്കളായ തിരുവിതാംകൂര്‍ രാജവംശമാണെന്നുമാണ്‌. ഒരു പരിധിവരെ അത്‌ സത്യമാണുതാനും.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീ പത്മനാഭന്‌ കാഴ്‌ച വെച്ചതും കാണിക്കയിട്ടതുമാണ്‌ ഈ ലക്ഷം കോടി വിലമതിക്കുന്ന നിധിക്കൂമ്പാരമെന്ന്‌ പ്രചരിപ്പിക്കുന്നതുതന്നെ തെറ്റ്‌. നൂറ്റാണ്ടുകളോളം ഈ നിധിക്കൂമ്പാരം അവര്‍ സൂക്ഷിച്ചതിന്‌ അവരെ എത്ര ബഹുമാനിച്ചാലും അഭിനന്ദിച്ചാലും മതിവരില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊരിടത്തും ഒരു ആരാധനാലയത്തില്‍ ഇത്രയധികം സ്വത്തുക്കള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളതായി അറിവില്ല. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമെന്ന്‌ ഖ്യാതി നേടിയിട്ടുള്ള തിരുപ്പതിയെപ്പോലും വെല്ലുന്ന രത്‌ന ശേഖരമാണ്‌ ഇപ്പോള്‍ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്തിരിക്കുന്നത്‌.

പൊടിപ്പും തൊങ്ങലും വെച്ച്‌ ദിനംപ്രതി ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ ഈ സ്വത്തുവഹകള്‍ മുഴുവന്‍ തിരുവിതാംകൂര്‍ രാജവംശം  അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നാണ്‌ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്‌. എ.ഡി. 1000 മുതല്‍ ഏകദേശം 950 വര്‍ഷങ്ങളോളം തിരുവിതാംകൂര്‍ രാജപരമ്പര ഭരണം നടത്തിയ ആ കാലഘട്ടങ്ങളില്‍ വിവിധോദ്ദേശ്യ ലക്ഷ്യങ്ങളിലൂടെ ലഭ്യമാക്കിയ ധനവും, കപ്പം പിരിച്ചും, പിഴയടപ്പിച്ചും, നാടുവാഴികളുടേയും, നാട്ടുരാജാക്കന്മാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയും, ജനങ്ങളില്‍ നിന്ന്‌ കരം പിരിപ്പിച്ചും ഉണ്ടാക്കിയ സമ്പത്തും, റോയല്‍റ്റി വകയായി വിവിധ ദേശക്കാരും രാജ്യങ്ങളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ നല്‍കി വന്നിരുന്ന ധനവും, രാജാക്കന്മാര്‍ക്ക്‌ കാലാകാലങ്ങളില്‍ കിട്ടിയ പാരിതോഷികങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിക്കാനുള്ള ഒരിടമായിരുന്നു ഈ നിലവറകള്‍ എന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ഈ ധനങ്ങളൊന്നും തിരിച്ചുകൊടുത്തതായിട്ടോ ജനങ്ങളുടെ നന്മയ്‌ക്കും നാടിന്റെ അഭിവൃദ്ധിക്കുമായി ചിലവഴിച്ചതായോ ചരിത്രം പറയുന്നില്ല.

ഇനിയും തുറക്കാത്ത അറയില്‍ ഇപ്പോള്‍ കണ്ടുപിടിച്ചതിനേക്കാള്‍ കൂടുതല്‍ അമൂല്യ നിധികളുണ്ടായിരിക്കുമെന്ന നിഗമനത്തിലാണ്‌ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍. അങ്ങനെയെങ്കില്‍ ഒരു ഇരുനൂറു ലക്ഷം കോടി വിലമതിക്കുന്ന ശേഖരമാകും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. വിവിധ വഴികളിലൂടെ തിരുവിതാംകൂര്‍ രാജവംശം സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ഭദ്രമായി സൂക്ഷിക്കാന്‍ മാത്രമാണോ ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നത്‌ എന്ന്‌ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത്‌ സ്വാഭാവികം മാത്രം.

ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത്‌ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും, ഹിന്ദു രാജാക്കന്മാരുടേയും നടുവാഴികളുടേയും, പ്രഭുക്കന്മാരുടേയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ ആഭ്യന്തര കലാപങ്ങള്‍ വേറെയും. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തീര്‍ത്തും ഒരു ശ്രീപത്മനാഭ ഭക്തനായിരുന്നു എന്നും, അദ്ദേഹം തന്നെത്തന്നെയും തന്റെ നാടിനേയും (തിരുവിതാംകൂര്‍) ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു എന്നും ചരിത്രം പഠിപ്പിക്കുന്നു. ആ കാലയളവില്‍ പല പ്രഭുക്കന്മാരും നാട്ടുരാജാക്കന്മാരും അവരുടെ സമ്പാദ്യങ്ങള്‍ (സ്വര്‍ണ്ണം, വെള്ളി മുതലായവ) കുടങ്ങളിലാക്കി പലയിടങ്ങളിലും കുഴിച്ചിടുമായിരുന്നു എന്നും ആ കുടങ്ങള്‍ പില്‍ക്കാലത്ത്‌ `നിധി'യെന്ന പേരില്‍ പലര്‍ക്കും കിട്ടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. അങ്ങനെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവരുടെ സമ്പാദ്യങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചതാകാം ഇപ്പോള്‍ `നിധി'യുടെ രൂപത്തില്‍ പുറത്തുവരുന്നത്‌.

സുപ്രീം കോടതി നിയോഗിച്ച  നിരീക്ഷക സംഘം കോടതി വിധി മാനിച്ചുകൊണ്ടാണ്‌ പരിശോധന നടത്തിയതെങ്കില്‍ അവരുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളെ അറിയിക്കരുതായിരുന്നു എന്ന്‌ ഒരു വിഭാഗം വാദിക്കുന്നു. ഈ സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന്റേതാണെന്നും അതുകൊണ്ട്‌ അവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റൊരു കൂട്ടര്‍. ഹൈന്ദവ സംഘടനകളാകട്ടേ അവ മുഴുവന്‍ ഹൈന്ദവരുടേതാണെന്ന്‌ വാദിക്കുന്നു. കണ്ടുകിട്ടിയ അമൂല്യ വസ്‌തുക്കള്‍ മുഴുവന്‍
മ്യൂസിയത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യവുമായി ഇനിയുമൊരു കൂട്ടര്‍. ഇവര്‍ക്കെല്ലാം ആശ്വാസവചനവുമായി കേരള സര്‍ക്കാരിന്റെ പ്രഖ്യാപനവും വന്നു കഴിഞ്ഞു. ക്ഷേത്രത്തില്‍ തന്നെ ഈ നിധികള്‍ സൂക്ഷിക്കുമെന്നും, അതിനാവശ്യമായ എല്ലാ സംരക്ഷണവും (വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായവും തേടുമത്രേ) നല്‌കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ താത്‌ക്കാലികമായികമാന്റോകളെ ഏര്‍പ്പാടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

അത്യാധുനിക സംവിധാനമുപയോഗിച്ച്‌ ഇരുപത്തിനാലു മണിക്കൂറും ശതകോടികളുടെ നിക്ഷേപം അഥവാ?അമൂല്യനിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെങ്കില്‍ ഒരു ദിവസം എത്ര ലക്ഷം രൂപ ചിലവാകും എത്ര നാള്‍ ഈ നിധി ശേഖരം സൂക്ഷിക്കും ആ പണം ആരു കൊടുക്കും കേരള സര്‍ക്കാരോ തിരുവിതാംകൂര്‍ രാജകുടുംബമോ അതോ ക്ഷേത്രക്കമ്മിറ്റിയോ സര്‍ക്കാര്‍ ചിലവിലാണെങ്കില്‍ അത്‌ നികുതിദായകരുടെ പണമായിരിക്കുകയില്ലേ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമുപയോഗിച്ച്‌ ഈ നിധി കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്‌. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാനുതകുന്ന സുരക്ഷ ഒരുക്കുമെന്നും, അതിന്‌ എന്തു ചിലവു വന്നാലും സംസ്ഥാന സര്‍ക്കാര്‍ അതു വഹിക്കുമെന്ന ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാറിന്റെ പ്രസ്ഥാവനയും അപലപനീയം തന്നെ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല സര്‍ക്കാര്‍ ഖജനാവിലുള്ളതെന്നുകൂടി ഈ മന്ത്രിമാര്‍ ഓര്‍ത്താല്‍ നന്ന്‌.?കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളേയും തീവ്രവാദ ഭീഷണിയില്‍ നിന്ന്‌ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. പക്ഷേ, ശതകോടികളുടെ സൂക്ഷിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചിലവഴിക്കുന്നത്‌ ന്യായീകരിക്കുന്നതെങ്ങനെ.

ലക്ഷം കോടി വിലമതിക്കുന്ന `നിധി' കാത്തുസൂക്ഷിക്കാന്‍ നിത്യജീവിതത്തിന്‌ നെട്ടോട്ടമോടുന്ന കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കോടികള്‍ ചിലവഴിക്കുന്നത്‌ ഒരു ജനകീയ സര്‍ക്കാരിന്‌ യോചിച്ച പ്രവൃത്തിയല്ല തന്നെ. ക്ഷേത്രത്തിന്റെ സ്വത്താണെന്ന്‌ അവകാശപ്പെടുന്നവര്‍ ചെയ്യേണ്ടത്‌ ആ നിധിയില്‍ നിന്നുതന്നെ അത്‌ കാത്തുസൂക്ഷിക്കാനുള്ള ചിലവും വഹിക്കുകയാണ്‌. അതല്ല,?സര്‍ക്കാരാണ്‌ അതു ചെയ്യുന്നതെങ്കില്‍ നാടിന്റെ പുരോഗതിക്കും, ഹൈന്ദവ ക്ഷേമപദ്ധതികള്‍ക്കും, ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ആ നിധി ഉപയോഗിക്കുകയും, സുതാര്യമായ രീതിയില്‍ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ വേണ്ടത്‌.

നിധി കാക്കുന്ന ശ്രീപത്മനാഭന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക