Image

മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 30 March, 2019
മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

മനുഷ്യചരിത്രം തന്നെ കുടിയേറ്റങ്ങളുടെ ചരിത്രം ആണ്. 1850കളില്‍ മധ്യ അമേരിക്കയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് നടന്ന കുടിയേറ്റവും മധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റവും തമ്മില്‍ സാമ്യമുണ്ട്, വ്യത്യാസവും. അമേരിക്കയില്‍ ജനങ്ങളുടെ രക്ഷക്ക് അധികൃതര്‍ ഓടിയെത്തിയപ്പോള്‍ ഇവിടെ ജനങ്ങള്‍ ഒറ്റക്കു പ്രയാണം തുടങ്ങുകയും ഇടറി വീഴുകയും വീണ്ടും മുന്നേറുകയുമായിരുന്നു. പള്ളിയും പട്ടക്കാരും സാമൂഹ്യ സാമുദായിക സംഘടനകളും രംഗപ്രവേശം ചെയ്തത് പിന്നീടാണ്.

മധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു 1920കളില്‍ ആരംഭിച്ച പ്രയാണം രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമ കാലത്തു ദ്രുതഗതിയിലായി. 1950 ആയപ്പോഴേക്കും അഞ്ചുലക്ഷം തിരുവിതാംകൂര്‍കാര്‍ മലബാറില്‍ എത്തിയതായി കണക്കുണ്ട്. 1960 വരെ ആ ട്രെന്‍ഡ് തുടര്‍ന്നു. 1970 കളില്‍ എണ്ണവില കുതിച്ചുയരുകയും ഗള്‍ഫില്‍ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നതു വരെ മലബാര്‍ കുടിയേറ്റം ചെറിയ തോതില്‍ തുടര്‍ന്നു. 1980 ആയപ്പോഴേക്കും നിലക്കുകയും ചെയ്തു. ഇതിനകം എട്ടുലക്ഷം തിരുവിതാംകൂര്‍കാര്‍ മലബാറില്‍ ചേക്കേറിയിട്ടുണ്ടെന്നാണ് താമരശ്ശേരി രൂപത 2017ല്‍ കണക്കാക്കിയിട്ടുള്ളത്.

കുടിയേറ്റത്തോടൊപ്പം മരണവും വന്നു. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിക്കടുത്ത കുളത്തുവയലില്‍ സെന്റ് ജോര്‍ജ് പള്ളിയുടെ ജനന മരണ രജിസ്റ്ററില്‍ 1943 മുതല്‍ 1948 വരെ അഞ്ചു വര്‍ഷം കൊണ്ട് 377 പേര് മലമ്പനി മൂലം മരണമടഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയും സെമിത്തേരിയും സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തത് തിരുവിതാംകൂര്‍കാരന്‍ വൈദികന്‍ ഫാ. ജോസഫ് പീടിയേക്കല്‍ ആയിരുന്നു. ജനാബ് മൊയ്തു സാഹിബ് സൗജന്യമായി നല്‍കിയ പത്തേക്കര്‍ സ്ഥലത്തണ് പള്ളി ഉയര്‍ന്നത്.

നൊബേല്‍ സമ്മാനവും പുലിറ്റ്സര്‍ സമ്മാനവും നേടിയ ജോണ്‍ സ്റ്റെയ്ന്‍ബെക്ക് 1939ല്‍ രചിച്ച ഗ്രേപ്സ് ഓഫ് റാത്ത് (ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍) അമേരിക്കന്‍ കുടിയേറ്റത്തിന്റെ കുതിപ്പിന്റെയും കിതപ്പിന്റെയും കഥയാണ് അനാവരണം ചെയ്യുന്നത്. അതുപോലൊരു വിശാലമായ കാന്‍വാസില്‍ അല്ലെങ്കിലും 1948-ല്‍ പുറത്തിറങ്ങിയ എസ്‌കെ. പൊറ്റക്കാടിന്റെ വിഷകന്യക മലബാര്‍ കുടിയേറ്റനത്തിന്റെ വേദനകള്‍ പങ്കിടുന്നു. കാക്കനാടന്റെ ഒറോതയും ജോസഫ് മറ്റത്തിന്റെ കറുത്ത പൊന്നും മുതല്‍ വിനോയ് തോമസിന്റെ കരിക്കോട്ടക്കരി വരെ കുടിയേറ്റമാണ് പശ്ചാത്തലം.

''നോവല്‍ രൂപത്തിലാണെങ്കിലും ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ വ്യക്തമായ ഒരു ചിത്രം വിഷകന്യകയില്‍ കാണാവുന്നതാണ്. നോവലിന്റെ മുഖവുരയില്‍ പൊറ്റെക്കാട് പറയുന്നതു പോലെ ''അറിഞ്ഞോ അറിയാതെയോ ഒരു ഐക്യ കേരളത്തിന്റെ ആദ്യത്തെ പടവുകള്‍ വെട്ടിയിറക്കിയ ഈ തിരുവിതാംകൂര്‍ സഹോദരന്മാരോട് തോന്നിയ സ്നേഹത്തിന്റെയും അവരുടെ കഷ്ടപ്പാടുകള്‍ കണ്ടുളവായ സഹതാപത്തോന്റെയും ഫലമായിട്ടാണ്'' വിഷകന്യക രചിക്കപ്പെട്ടത്.

'തുടര്‍ച്ചയായ പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന കുടിയേറ്റക്കാരെ കണ്ടു സന്തോഷവും അല്ഭുതവും തോന്നി 'വീരകന്യക' എന്ന പേരില്‍ വിഷകന്യകക്കു ഒരു രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.'' ഇതെഴുതിയത് മലബാര്‍ കുടിയേറ്റക്കാരുടെ മോശ എന്നറിയപ്പെടുന്ന തലശ്ശേരി ബിഷപ് മാര്‍ സെബാസ്ട്യന്‍ വള്ളോപ്പിള്ളി. പക്ഷെ ആ മോഹം ബാക്കിവച്ചിട്ടു പൊറ്റക്കാട് അന്തരിച്ചു. എന്നാല്‍ കുടിയേറ്റത്തെപ്പറ്റി 'ദൈവം എന്നോടു കൂടെ' എന്ന ആല്‍മകഥ എഴുതിയിട്ടാണ് മാര്‍ വള്ളോപ്പിള്ളി വിടപറഞ്ഞത്.

മാര്‍ വള്ളോപ്പിള്ളിയുടെ പരാമര്‍ശം മലബാര്‍ കുടിയേറ്റത്തെപ്പറ്റി 1991ല്‍ പ്രസിദ്ധീകരിച്ച കോണിപ്പടികള്‍ എന്ന ബൃഹദ് ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലാണുള്ളത്. ഗ്രന്ഥകാരന്‍ കുറവിലങ്ങാട് ജോസഫ് പാലാക്കടുത്ത കുറവിലങ്ങാട് ജനിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിഎ യും ബിഎഡും എടുത്ത് തലശ്ശേരി രൂപതയില്‍ അധ്യാപകനായി എത്തി. ചെമ്പേരി, കൂടരഞ്ഞി ഹൈസ്‌കൂളുകള്‍ക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു.

കണ്ണൂരില്‍ ഇരിട്ടിക്കടുത്ത പാലത്തുംകടവിലേക്കു കുടിയേറിയ വെട്ടുകാട്ടില്‍ കുടുംബത്തിലെ അംഗമാണ് ജോസഫ്. അഞ്ചുവര്‍ഷത്തെ നിസ്തന്ദ്ര ശ്രമഫലമായാണ് 652 പേജുകളില്‍ പത്തൊമ്പതു അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന കുടിയേറ്റ ചരിത്രം അദ്ദേഹം രേഖപ്പെടുത്തുന്നത്. പ്രസാധകര്‍ കോഴിക്കോട്ടെ ബോബി ബുക്ക്സ്. 120 രൂപ വില. ആയിരം കോപ്പികള്‍ വളരെ വേഗം വിറ്റു തീര്‍ന്നു. രണ്ടാമതൊരു എഡിഷന്റെ പണിപ്പുരയിലായിരിക്കുബോഴാണ് 2004 ജൂണ്‍ 7നു അദ്ദേഹം കടന്നു പോകുന്നത്. പ്രായം 73.

കൂടരഞ്ഞിയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ പത്നിയും റിട്ട. അദ്ധ്യാപികയുമായ മറിയക്കുട്ടിയുണ്ട്. മൂന്ന് മക്കള്‍, കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക ആന്‍സി, മലപ്പുറത്ത് കരുവാരക്കുണ്ടില്‍ സാബുവിന്റെ ഭാര്യ പ്രിന്‍സി, തിരുവമ്പാടി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജോജി എന്നിവരാണു മക്കള്‍. പുസ്തകം ഇറങ്ങി ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അന്തരിച്ചു ഒന്നര പതിറ്റാണ്ടിനു ശേഷവും ചാച്ചനെ ഓര്‍മ്മിക്കാന്‍ എന്താണ് കാര്യം എന്ന് ആന്‍സിയും കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ഭര്‍ത്താവ് തോമസ് കുട്ടിയും ചോദിച്ചു. ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ആളായിരുന്നു ജോസഫ്.

കോട്ടയത്തെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സംഘടിപ്പിച്ച മലബാര്‍ കുടിയേറ്റം: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന സെമിനാറില്‍ വച്ചാണ് കോണിപ്പടികളുടെ പ്രസക്തിയെക്കുറിച്ച് ആവര്‍ത്തിച്ചു പരാമര്‍ശം ഉണ്ടായത്. കുടിയേറ്റത്തെക്കുറിച്ച് ഇത്രയും വിശദവും ആഴമേറിയതുമായ പഠനം ഉണ്ടായിട്ടില്ലെന്ന് മുഖ്യ പ്രബന്ധം അവതരിപ്പിച്ച കവിയും കഥാകാരനുമായ വര്‍ഗീസ് തോട്ടയ്ക്കാട് ആമുഖമായി പറഞ്ഞു.

പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ മാസ്റ്റേഴ്സ് ചെയ്ത വര്‍ഗീസും ആദ്യകാല കുടിയേറ്റ മേഖലയായ പേരാവൂര്‍ തൊണ്ടി സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ അധ്യാപകനായി തുടങ്ങി. കുടിയേറ്റ മേഖലകളായ തോമാപുരം, കോടഞ്ചേരി, തിരുവമ്പാടി, കുളത്തുവയല്‍, കൂരാച്ചുണ്ട്, എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതു. 33 വര്‍ഷത്തെ സേവനം. മലബാര്‍ കുടിയേറ്റം ചരിത്രം വര്‍ത്തമാനം എന്നൊരു ഗ്രന്ഥം എഡിറ്റ് ചെയ്തു ഇറക്കിതാണ് വര്‍ഗീസിന്റെ ഏറ്റവും വലിയ നേട്ടം. കൂരാച്ചുണ്ടില്‍ വച്ച് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുസ്തകം പ്രകാശിപ്പിച്ചു.

അധ്യാപികയായിരുന്ന ത്രേസ്യാക്കുട്ടിയാണ് ഭാര്യ. മൂന്ന് പെണ്മക്കളില്‍ തുഷാര മാനന്തവാടിയിലും സിതാര തിരുവാമ്പാടിയിലും ജുവാന മേപ്പാടിയിലും അധ്യാപകരാണ്. മകന്‍ ഡോ. മനു വി. തോട്ടയ്ക്കാട് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രൊഫസര്‍.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2014-ല്‍ ഇറക്കിയ പുസ്തകം ഒരു വര്‍ഷം കൊണ്ട് വിറ്റഴിഞ്ഞു. 2015-ല്‍ രണ്ടാം പതിപ്പും ഇറങ്ങി. ''മലബാര്‍ കുടിയേറ്റം എന്നെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. എന്നും മദിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന വികാരം. 1950കളില്‍ എന്റെ മാതാപിതാക്കള്‍ വടക്കേ മലബാറിലെ ആലക്കോട് ഭാഗത്തേക്കു കുടിയേറി. കുടുംബം പല ചതിക്കുഴികളിലും പെട്ടു. സ്ഥലം വിശ്വാസ തീറായി വിലമുറിക്കലില്‍ കുടുങ്ങി. എന്റെ അനുജന്‍ ജോസ് വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ടു. കോട്ടയത്തു അമ്മ വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്ന എനിക്കാ കുഞ്ഞു സഹോദരനെ അന്ത്യകാലത്ത് കാണാന്‍ പോലും പറ്റിയില്ല....'ഗ്രന്ഥത്തിലേക്കൊരു കിളിവാതില്‍' എന്ന ആമുഖത്തില്‍ അദ്ദേഹം പറയുന്നു.

അദ്ധ്വാനശീലരെങ്കിലും കുടുംബപ്രാരാബ്ധങ്ങള്‍ മൂലം മദ്ധ്യ തിരുവിതാംകൂറില്‍ നിന്ന് മലബാറില്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ക്കായി ജനങ്ങളുടെ പ്രയാണം തുടങ്ങിയത് 1920കളുടെ ആരംഭത്തിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ മലബാര്‍ കുടിയേറ്റ ശതാബ്ദിയുടെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ് കേരളം. കുടിയേറ്റക്കാര്‍ അഞ്ചാം തലമുറയിലെത്തി.

മധ്യതിരുവിതാംകൂറിന്റെ നേര്‍പകര്‍പ്പായ പട്ടണങ്ങളും ഗ്രാമങ്ങളും. അവിടെ സ്ഥലത്തിന് വിലക്കൂടുതല്‍ ആയതിനാല്‍ നല്ല വിലക്കു വിറ്റു ജന്മനാട്ടിലേക്ക് മടങ്ങിപ്പോരുന്നവരും ഇല്ലാതില്ല. സാങ്കേതികമായി പറഞ്ഞാല്‍ ഒരു റിവേഴ്സ് മൈഗ്രേഷന്‍.

മലബാര്‍ കുടിയേറ്റത്തിന്റെ പ്രഖ്യാപിത തുടക്കം 1926-ല്‍ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ജേക്കബ് തോമസ്, മാളിയേക്കല്‍ തോമസ് ജോസഫ് എന്നിവരുടെ മണ്ണാര്‍ക്കാട് കുടിയേറ്റമാണ്. ഏതാണ്ട് ഇതേ വര്‍ഷം തന്നെ അയ്മനം ജോസഫും കുടുംബവും തൊട്ടില്‍ പാലത്തിനടുത്തുള്ള മൂന്നാംകൈ എന്ന സ്ഥലത്ത് താമസം ആരംഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഭാഷാ ഇന്‍സ്റ്റിറ്ട്യൂട്ടിന്റെ പുസ്തകത്തില്‍ ഡോ. പി ടി സെബാസ്റ്യന്‍ പറയുന്നു. 2002-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധം ഈ വിഷയത്തില്‍ ആയിരുന്നു. ക്രിസ്ത്യന്‍ മൈഗ്രേഷന്‍ ടു മലബാര്‍ 1930-80. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ ഹിസ്റ്ററി പ്രൊഫസര്‍ ആയി സേവനം ചെയ്തു.

സെബാസ്ട്യന്റെ കണ്ടെത്തലില്‍ 1927 ആയപ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കോളയാട്, ആലക്കോട്, പേരാവൂര്‍, വായാറ്റുപറമ്പ് കുടിയേറ്റം വ്യാപിച്ചു. കുളത്തുവയല്‍ (1930), മാനന്തവാടി (1930), എടൂര്‍ (1941), തിരുവാമ്പാടി (1942)), ചെമ്പേരി (1943), രാജപുരം (1943), കോടഞ്ചേരി (1944), തോമാപുരം (1945), എന്നിങ്ങനെ വ്യാപ്തി വര്‍ധിച്ചു. 1950കളില്‍ ഐക്യ കേരളം രൂപം കൊള്ളുകയും ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാവുകയും ചെയ്തതോടെ കുടിയേറ്റം വലിയ തോതിലായി. 1960കളുടെ പകുതിയോടെ അത് മന്ദഗതിയിലായി, 70കളില്‍ ദുര്ബലപ്പെടുകയും 1980 ആയതോടെ നിലക്കുകയും ചെയ്തു.

ബ്രിട്ടീഷ് മലബാര്‍ കളക്ടര്‍ ആയിരുന്ന വില്യം ലോഗന്‍ രചിച്ച മലബാര്‍ മാനുവല്‍ ആണ് മലബാറിന്റെ ആദ്യത്തെ ചരിത്രരേഖ. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനുമായ ഡോ. പി.കെ. മൈക്കിള്‍ തരകന്‍ അരനൂറ്റാണ്ടായി ഈവിഷയം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. അദ്ദേഹത്തിന്റെ ജെഎന്‍യുവിലെ എംഫില്‍ പ്രബന്ധവും എംജിയിലെ പിഎച്ഡി പ്രബന്ധവും ഈ വിഷയം കൈകാര്യം ചെയ്യുന്നു.

ഈ കണ്ടെത്തലുകളെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ദീഘമായ ഒരു ലേഖനവും ഈ സമുച്ചയത്തിലുണ്ട്. സംഘടിതമായ കുടിയേറ്റത്തില്‍ ഷെവ. ജോസഫ് കണ്ടോത്ത്, ഡോ. പി.ജെ.തോമസ് എന്നിവരുടെ സംഭാവന തരകന്‍ എടുത്തു പറയുന്നു.

ജില്ല തിരിച്ചുള്ള കുടിയേറ്റത്തിന്റെ നാള്‍വഴികളും സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, കായിക രംഗങ്ങളില്‍ അതുണ്ടാക്കിയ ചലനങ്ങളും വിശദമായി പഠിച്ച ലേഖനങ്ങള്‍ ഇതിലുണ്ട്. ചില വിഷയങ്ങളും ലേഖകരും: കോഴിക്കോട് മലയോരങ്ങള്‍: ജിസ്മോന്‍ ചെറിയാന്‍ പഴയപറമ്പില്‍ (കുടിയേറ്റത്തെപ്പറ്റി 1971ല്‍ സ്വപനഭൂമിയില്‍ എന്ന മൗലികഗ്രന്ഥം രചിച്ച മോണ്‍. തോമസ് പഴയപറമ്പിലിന്റെ കുടുംബാംഗം, പുതുപ്പാടിയില്‍ അദ്ധ്യാപകന്‍), വിദ്യാഭ്യാസം: ഫാ. തോമസ് നാഗപറമ്പില്‍, സാംസ്‌കാരിക വിതാനങ്ങള്‍: ഡോ സി.ജെ.ജോര്‍ജ്, ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കോഴിക്കോട്, കായിക സംസ്‌ക്കാരം: ഡോ. പിഎം ആന്റണി, ദേവഗിരി കോളജ്.

കുടിയേറ്റക്കാര്‍ കയ്യേറ്റക്കാരാണെന്നും വനനശീകരണത്തിനും ആദിവാസി ചൂഷണത്തിനും കാരണക്കാരാണെന്നും കെ പാനൂര്‍ (കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ അമേരിക്ക) തുടങ്ങിയ ബുദ്ധിജീവികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഡോ ജോയ് വര്‍ക്കി (എന്‍എഎം കോളജ്, കല്ലിക്കണ്ടി, കണ്ണൂര്‍) അക്കമിട്ടു ഖണ്ഡിക്കുന്നു. ജോയിയുടെ മാതാപിതാക്കള്‍ 1970നോടടുത്ത് കോട്ടയം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്ന് മാനന്തവാടിക്കടുത്ത നല്ലൂര്‍നാട്ടിലേക്കു കുടിയേറിയവരാണ്. അന്ന് ജോയിക്ക് അഞ്ചു വയസ്. ചുറ്റിനും ആദിവാസികളായിരുന്നു. അവരുടെ ഗന്ധം അറിഞ്ഞാണ് വളര്‍ന്നത്. തെറ്റുകള്‍ ചെയ്തില്ലെന്നല്ല. അതിന്റെ പേരില്‍ കുടിയേറ്റക്കാരെ കൂട്ടമായി ആക്ഷേപിക്കുന്നതു നീതിയല്ല എന്ന് ഡോ. ജോയ് വാദിക്കുന്നു.

എന്നാല്‍ സെമിനാറില്‍ ഇതുസംബന്ധിച്ച് വര്‍ഗീസ് തോട്ടയ്ക്കാട് നടത്തിയ പരാമര്‍ശങ്ങള്‍ സര്‍വകലാശാലയിലെ അക്കാദമിക് പണ്ഡിതന്മാരുടെയും ഗവേഷണവിദ്യാര്‍തഥികളുടെയും നിശിതമായ പ്രതികരണങ്ങള്‍ ക്ഷണിച്ചു വരുത്തി. ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളെ കള്ളും കഞ്ചാവും നല്‍കി വഴിയാധരമാക്കിയതില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്നു പ്രൊഫസര്‍മാരായ മാത്യു കുര്യന്‍ (കെ,എന്‍ രാജ് സെന്റര്‍), രാജേഷ് കോമത്ത് (സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്) സ്‌കോളര്‍മാരായ ബിന്‍സി എബ്രഹാം, സന്തോഷ് കാലേബ് തുടങ്ങിയവര്‍ സമര്‍ഥിച്ചു. ''ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ പുസ്തകം ഒരു ആദിവാസി വിരുദ്ധ കലാപമായി കാണണം'' ഡോ.കോമത്ത് നിരീക്ഷിച്ചു. കുടിയേറ്റത്തെകുറിച്ച് സവിസ്തര പഠനം നടത്തണമെന്ന് ഹൈക്കോടതിയിലെ ജോഷി ജോസഫ് നിര്‍ദേശിച്ചു.

കവിയും കഥാകാരനും മുല്ലനേഴി, പിപി രാമചന്ദ്രന്‍ തുടങ്ങിയ കവികളുടെ സഹപാഠിയുമായ വര്‍ഗീസ് തോട്ടയ്ക്കാട്, വൈലോപ്പള്ളിയെയും അക്കിത്തത്തെയും എന്‍ എന്‍ കക്കാടിനെയും സുഗത കുമാരിയെയും കൂട്ടുപിടിച്ചുകൊണ്ടാണ് പ്രതികരിച്ചത്. അദ്ദേഹം പറയുന്നു:

ഇവിടെയീ മരതക മലകളില്‍
മര്‍ത്യന്റെ വ്രണിത മോഹങ്ങള്‍ ചിതറിക്കിടക്കുന്ന
വഴികളില്‍ മൃത്യുവിന്‍ കാലടിപ്പാടുകള്‍.....
പിറവിയരുളിയ നാടിന്റെ നോവുകള്‍
പിഴുതിയെറിഞ്ഞേനെ കന്നിമണ്ണിലെത്തവേ...

മരണത്തോടും മലമ്പനിയോടും മല്ലിട്ടു കുടിയേറ്റമേഖലകളെ വിലപ്പെട്ട വിളഭൂമികളാക്കി മാറ്റിയ കുടിയേറ്റക്കാരെ വെറുതെയങ്ങു ഭല്‍സിച്ചാല്‍ അത് ചരിത്രത്തോട് കാണിക്കുന്ന നന്ദികേടാണ്. വഴിവെട്ടി പള്ളികളും പള്ളിക്കൂടങ്ങളും പണിത്, ആദിവാസി കുട്ടികളെ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുത്തി പഠിപ്പിച്ച് മലബാറിന്റെ മുഖഛായ മാറ്റിയെഴുതിയവരാണു കുടിയേറ്റക്കാര്‍. ഒരു മരം വെട്ടിയാല്‍ അഞ്ചു മരം നട്ടവര്‍-അദ്ദേഹം സമര്‍ഥിച്ചു. ''എട്ടുലക്ഷം കുടിയേറ്റക്കാര്‍ വിതച്ച വിപ്ലവം മലബാറിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ മുഖഛായ മാറ്റി. പക്ഷെ അവരിന്നു വിലത്തകര്‍ച്ചയുടെയും കസ്തുരിരംഗന്റെയും ഇടയില്‍ പെട്ട് ഉഴലുകയാണ്,'' വര്‍ഗീസ് തോട്ടയ്ക്കാട് ഉപസംഹരിച്ചു.

ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററിന്റെ ഓണററി ഡയറക്ടര്‍ ഡോ. ആര്‍ എസ് സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടറല്‍ സ്‌കോളര്‍ നീത ജി. നായര്‍ നന്ദിപറഞ്ഞു.
മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടിന്റെ പടിവാതിലില്‍: കേരളത്തില്‍ വിപ്ലവംവിതച്ച കാര്‍ഷികമുന്നേറ്റം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
Jojy Joseph 2019-03-30 12:06:11
ചാരം മൂടിയ കനലുകളെ വീണ്ടും ഊതിക്കത്തിച്ച കുര്യൻ പാമ്പാടി സാറിന് നന്ദി.

തന്റെ റിട്ടയേർഡ് ജീവിതത്തിന്റെ നല്ലൊരു ഭാഗം "കോണിപ്പടികൾ " കയറാൻ ഉഴിഞ്ഞ് വച്ച് , ജീവിതത്തിലെ കഷ്ടപ്പാടുകൾ മാത്രമറിഞ്ഞ് മൺമറഞ്ഞ് പോയ ഞങ്ങളുടെ പിതാവിനെ (ജോസഫ് കുറവിലങ്ങാട്) ഓർത്ത് അഭിമാനം തോന്നുന്നു.

കഴിഞ്ഞ തലമുറയുടെ വിയർപ്പിന്റെ വില ജീവസ്സുറ്റ ഇമേജുകളായി പുതുതലമുറയ്ക്ക് പകർന്നു കൊടുത്ത , മേൽ പ്രസ്നാവിച്ച ഓരോ ചരിത്രകാരൻമാരെയും നന്ദിയോടെ ഓർക്കുന്നു.

ബഹു.ലേഖകനും, പ്രസാധകർക്കും വീണ്ടും നന്ദി.

malabari 2019-03-30 14:34:53
എന്തൊരു മനോഹരമായ ലേഖനം. എത്ര വിവരങ്ങൾ. മലബാറുകാരോക്കെ ഇത് വായിക്കണം 
Sandhya 2019-03-31 04:49:09
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എസ്റ്റെന്ഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ മലബാർ കർഷക കുടിയേറ്റം വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തിൽ ശ്രീ വര്ഗീസ് തോട്ടയ്ക്കാട് സർ നടത്തിയ പ്രഭാഷണം ശ്രീ കുര്യൻ പാമ്പാടി പ്രസിദ്ധീകരിച്ചതിനുള്ള നന്ദി അറിയിക്കട്ടെ. കുടിയേറ്റത്തിന്റെ ചരിത്രം പറയുമ്പോൾ വ്യത്യസ്തത നിലപാടുകളും സമീപനങ്ങളും ഉണ്ടാകും. വര്ഗീസ് സാറിന്റെ സ്വന്തം അനുഭവമാണ് അദ്ദേഹം ഇതിലൂടെ വരച്ചു കാട്ടിയത്. തീർച്ചയായും ഒരാളുടെ പ്രഭാഷണം വിജയിച്ചു എന്നു ഞാൻ മനസ്സിലാക്കുന്നത് ആ പ്രഭാഷണത്തോടുള്ള അനുകൂല പ്രതികൂല അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരുമ്പോഴാണ്. തീർച്ചയായും ഈ ഒരു പ്രഭാഷണത്തിലും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. തീർച്ചയായും പുതിയ ഗവേഷണങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതും. 
ഡോ, രാജേഷ് കോമത്‌ പറഞ്ഞത് പോലെ രണ്ടു രീതിയിൽ വര്ഗീസ് സാറിന്റെ മലബാർ കുടിയേറ്റം എന്ന പുസ്തകത്തെ നോക്കി കാണാവുന്നതാണ്. ഒന്ന്‌ ഒരു ചരിത്രകാരൻ എന്ന രീതിയിൽ ഇതിനെ ചരിത്രത്തിലെ ആദിവാസി വിരുദ്ധ കലാപമായി കുടിയേറ്റത്തെ രേഖപെടുത്താവുന്നതാണെന്നും മറ്റൊന്ന് ആദ്യകാല കുടിയേറ്റക്കാരൻ എന്ന രീതിയിൽ ചരിത്രത്തെ സമീപിച്ചാൽ ഇതിൽ നിന്നും വ്യത്യസ്ത്തമായ കണ്ടെത്തലുകളും അനുഭവവും ആയിരിക്കും ഒരാൾക്ക് ഉണ്ടാവുക എന്നതുമാണ്. വര്ഗീസ് സാറിന്റ് ഈയൊരു പുസ്തകം രണ്ടാമത് പറഞ്ഞ ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ളതാണെന്നും ഡോ കോമത് അഭിപ്രായപ്പെട്ടു. മലബാർ കുടിയേറ്റം സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥികൾക്ക് വിവിധ തലങ്ങളിൽ നിന്നും ധാരാളം പഠിക്കാൻ ഉതകുന്ന ഒരു വിഷയം കൂടിയാണ്. കുടിയേറ്റം പോലെ കുടിയിറക്കവും മലബാറിൽ നടക്കുന്നതായി ഒരു സുഹൃത്തിന്റെ fb പോസ്റ്റും കണ്ടു.. തീർച്ചയായും ഇതിനെ കുറിച്ചും പഠിക്കേണ്ടിയിരിക്കുന്നു. 
Basheer Kanishan 2022-08-02 06:27:04
ഏകമുഖമായ വിമർശനങ്ങൾ ചരിത്ര യാഥാർത്ഥ്യങ്ങളെ തിരസ്കരിക്കുകയാണ്. ചൂഷണവും, കൈയേറ്റവും, വഞ്ചനകളുമൊക്കെ ഇടയിൽ നടന്നു എന്നത് വെച്ച് മലബാറിൻ്റെ നാനോന്മുഖ വികസനത്തിന് ഗണ്യമായ പങ്ക് വഹിച്ച കുടിയേറ്റ സമൂഹത്തെ അധിക്ഷേപിക്കുന്നത് അസംബന്ധമാണ്. കൃഷി-ആരോഗ്യ-വിദ്യാഭ്യാസ- സേവന മേഖലകളിൽ അവരർപ്പിച്ച സംഭാവനകളെ എതിരാളികൾ പോലും അംഗീകരിക്കും. മേൽ ഗ്രന്ഥങ്ങളും, മറ്റു പഠനങ്ങളും സമൂഹത്തിൽ വ്യാപകമായ പ്രചാരം നേടുന്നത് തെറ്റിദ്ധാരണകളകറ്റാൻ സഹായകരമാവും. മത-ജാതി-ഗോത്ര - പ്രാദേശിക വൈജാത്യങ്ങൾക്കപ്പുറം നമ്മുടെ നാടും സമൂഹവും ഹൃദയൈക്യത്തോടെ മുന്നേറട്ടെ.
Ninan Mathullah 2022-08-02 12:33:01
കുടിയേറ്റക്കാര് കയ്യേറ്റക്കാരാണെന്നും വനനശീകരണത്തിനും ആദിവാസി ചൂഷണത്തിനും കാരണക്കാരാണെന്നും കെ പാനൂര് (കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ അമേരിക്ക) തുടങ്ങിയ ബുദ്ധിജീവികള് ഉന്നയിച്ച ആരോപണങ്ങള് ഡോ ജോയ് വര്ക്കി (എന്എഎം കോളജ്, കല്ലിക്കണ്ടി, കണ്ണൂര്) അക്കമിട്ടു ഖണ്ഡിക്കുന്നു. This is a quote from the article. We all have different understanding about different subjects based on our family background, education and understanding but the truth is only one. I have a copy of the book mentioned here, ‘കേരളത്തിലെ ആഫ്രിക്ക’ in my book collection. This book depicts the ‘Malabar kudiyettam’ as encroaching on the rights of ‘aadivaasikal’ forgetting completely the contributions of ‘kudiyettakkar’ had given to Malabar region. Thus we see only the cruelties of British rule to India and not their contributions to India in our history books and school lessons. The current GDP of India is the after effect of British rule. Even the shirt you wear is designed by the British. It is the weakness of human mind not to see own faults or the faults of the people you identify as one (your family members, friends, political groups, race, religion etc. If you learn history you will find that none of the ruling classes of any region, province or country in the world were the original inhabitants of the place. We can see from history that the original inhabitants of India were Dravidians, the black race in India and the Aryans were later conquerors of India. Authors of books like ‘കേരളത്തിലെ ആഫ്രിക്ക’ like to ignore or forget what the Aryans did to the Dravidians as they identify themselves with the Aryans as they are the upper class of Kerala that conquered the Draviadians of Kerala and ruled over them starting from Marthanda Varma Maharaja. We can consider the ‘Ettu veettil pillamar’ that Marthanda Varma conquered as the original inhabitants of Kerala and Marthandavarma as the foreign element here, if you want to look at history from that angle.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക