Image

കുഞ്ഞേ, നിനക്കുവേണ്ടി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 31 March, 2019
കുഞ്ഞേ, നിനക്കുവേണ്ടി (ലേഖനം: സാം നിലമ്പള്ളില്‍)
നീചെയ്ത കുറ്റമെന്താണ് കുഞ്ഞേ, ഈ ദുഷ്ടഭൂമിയില്‍ ജനിച്ചതോ, അതോ ദുഷിച്ച ഒരു ഗര്‍ഭപാത്രത്തില്‍ രൂപംകൊണ്ടതോ? ചെറുപ്രായത്തില്‍ ഇത്രയധികം വേദനകള്‍ സഹിക്കാന്‍ നിന്നെ ഇടയാക്കിയ ദൈവം എത്രവലിയ ക്രൂരനാണ്. നീ അനുഭവിച്ച കഷ്ടപ്പാടുകള്‍ അദ്ദേഹം കാണാഞ്ഞതെന്താണ്? ലോകത്തില്‍ ഒരുകുഞ്ഞിനും നനക്കുണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കനല്ലേ ഞങ്ങള്‍ക്ക് സാധിക്കു. നിനക്കുവേണ്ടി തേങ്ങുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമായി നീ തിരികെ വരില്ലേ.

എത്ര സന്തോഷവാനായിട്ടാണ് നീ ഈഭൂമിയിലേക്ക് വന്നത്. നിന്റെ ചെഞ്ചുണ്ടിലേക്ക് ചുരത്തിതന്ന മുലപ്പാലില്‍ വിഷമുണ്ടെന്ന് നീ അറിഞ്ഞില്ല. എന്നാല്‍ നിന്റെ അഛന് നീ പൊന്നിന്‍കുടമായിരുന്നു. എത്ര ആഹ്‌ളാദത്തോടെയാണ് അദ്ദേഹം നിന്നെ വരവേറ്റത്. വൈകിട്ട് ജോലികഴിഞ്ഞ് നിന്നെ ഒരുനോക്ക് കാണാനായിട്ട് അദ്ദേഹം ഓടിയെത്തുമായിരുന്നു. ഉണര്‍ന്നിരുന്നപ്പോളെല്ലാം നീയായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. അഛന്റെ തോളിലേറി നടന്നിരുന്നപ്പോള്‍ നീയായിരുന്നു ലോകത്തിലെ ഏറ്റവും സന്തോഷവാനായ കുട്ടിയെന്ന് അഹങ്കരിച്ചിരുന്നു. പിന്നീട് നിനക്കൊരു അനുജനുണ്ടായപ്പോള്‍ അഛന് നിന്നോടുള്ള സ്‌നേഹം കുറഞ്ഞോയെന്ന് നീ പരിപിച്ചിരുന്നു. രണ്ടുമക്കള്‍ക്കും അഛന്‍ സ്‌നേഹം പകുത്തിനല്‍കിയതാണെന്ന് അദ്ദേഹം നിന്നോട് പറഞ്ഞു. എന്നിട്ടും അഛന്റെ മുഴുവന്‍ സ്‌നേഹം നീ ആഗ്രഹിച്ചു.

വൈകിട്ട് ജോലികഴിഞ്ഞുവരുന്ന അഛന്‍ നിനക്കും അനുജനും ചോക്കലേറ്റ് വാങ്ങിക്കൊണ്ടുവരുമായിരുന്നു. നിന്നെ ഉത്സവംകാണിക്കാന്‍ കൊണ്ടുപോയത് ഓര്‍മ്മയില്ലേ? അഛന്റെ കൈപിടിച്ചായിരുന്നു നീ ഒന്നാംക്‌ളാസില്‍ ചേരാന്‍ പോയത്. അഛന്‍ പോയപ്പോള്‍ നീ കരഞ്ഞു. മറ്റുകുട്ടികളും കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഭകരയേണ്ട, വൈകിട്ട് അഛനോ അമ്മയോവന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്ന്.’ അപ്പോള്‍ കുട്ടികള്‍ കരച്ചില്‍ നിറുത്തി ചിരിക്കാന്‍ തുടങ്ങി. അങ്ങനെ നിങ്ങള്‍ അക്ഷരങ്ങളും അക്കങ്ങളും പഠിച്ചു. വലുതാകുമ്പോള്‍ മോന്  എന്താകണമെന്ന് അഛന്‍ ചോദിച്ചു. ഭഎനിക്ക് അഛന്റെകൂട്ട് ആയാല്‍മതിയെന്ന് നീപറഞ്ഞു.’

അങ്ങനെയിരിക്കെയാണ് അഛനെ ഒരുദിവസം കാണാതായത്. അഛന്‍ മരിച്ചുപോയെന്ന് അമ്മ പറഞ്ഞത് വിശ്വസിക്കാന്‍ നീ തയ്യാറായില്ല. അഛന്‍ എങ്ങനെ മരിക്കും?  അഛന്‍ ഇന്നലെവരെ ഉണ്ടായിരുന്നു, ഇന്നെങ്ങനെ കാണാതാകും? പക്ഷേ, അചനിനി വരില്ലെന്നുള്ള സത്യവുമായി നിനക്ക് പൊരുത്തപ്പെടേണ്ടിവന്നു. പീന്നീടൊരുദിവസം പിശാചിന്റെ ഹൃദയമുള്ള ഒരു മനുഷ്യരൂപം നിന്റെവീട്ടിലേക്ക് കയറിവന്നു. അവന്റെ വരവ് നീ ഇഷ്ടപ്പെട്ടില്ല, നിന്റെ അമ്മയുമായി അവന്‍ സൗഹൃദം സ്ഥാപിച്ചതും. അകാരണമായി അവന്‍ നിന്നെ അടിക്കുമായിരുന്നു. അവനെ വീട്ടില്‍നിന്നും പുറത്താക്കാന്‍ നീ അമ്മയോട് പറഞ്ഞു. പക്ഷേ, നിന്റെ അമ്മ അത് ചെവിക്കൊണ്ടില്ല. അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രധാനം ആമൃഗത്തോടായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവന്‍ നിന്നെയും അനിയനേയും ചവിട്ടുകയും അടിക്കുകയും ചെയ്യുമായിരുന്നു. അഛനുണ്ടായിരുന്നെലെന്ന് നീ അനുജനോട് പറഞ്ഞത് അവന് മനസിലായില്ല. അവന്‍ വെറും നാലുവയസുകാരനല്ലേ. പാവം.

സ്കൂളില്‍ ദുഃഖിതനായി ഇരിക്കുന്ന നിന്നോട് ടീച്ചര്‍ കാരണംചോദിച്ചപ്പോള്‍ എന്റെ അഛന്‍ മരിച്ചുപോയെന്ന് നീ പറഞ്ഞു.

ഒരുരാത്രയില്‍ ഉറങ്ങിക്കിടന്ന നിന്നെ മനുഷ്യമൃഗം ചവിച്ചട്ടിയുണര്‍ത്തി. അനുജന്‍ കിടനന്നുമുള്ളിയതിനായിരുന്നു നിന്നെ അവന്‍ തല്ലിയത്. അവന്‍നിന്നെ ചവിട്ടുകയും കാലില്‍പിടിച്ച് നിലത്തടിക്കുകയും ചെയ്തു. അത്രയുമല്ലേ നിനക്ക് ഓര്‍മ്മയുള്ളു. നിനക്ക് മാരകമായ പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്നുള്ളത് നീ അറിയുന്നില്ല. പക്ഷേ, ഞങ്ങള്‍ നിന്റെ ഇപ്പോഴത്തെ അവസ്ഥ പത്രവാര്‍ത്തകളില്‍കൂടി അറിയുന്നുണ്ട്. നിന്നെ ഉപദ്രവിച്ച ചെകുത്താനെ പോലീസ് അറസ്റ്റുചെയ്തവിവരം നീ കേട്ടുകാണില്ല. ആ മൃഗത്തിന്റെ വെറുക്കപ്പെട്ട മുഖംകാണാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇനിയൊരിക്കലും അവന്റെമുഖംകാണാന്‍ നിനക്ക് അവസരം ഉണ്ടാകില്ല. അവന്‍ നിന്റെ ജീവിതത്തിലേക്ക് ഇനിയൊരിക്കലും കടന്നുവരില്ല.

കുഞ്ഞേ, നീ സുഖംപ്രാപിച്ച് വരുന്നതുകാണാന്‍ ഞങ്ങള്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ. ഹോസ്പിറ്റലില്‍ കഴിയുന്ന നിനക്കുവേണ്ടി അനേകായിരങ്ങളാണ് പ്രാര്‍ഥിക്കുന്നത്.  അഛന്‍ നിന്നെവിട്ട് പോയെങ്കിലും നീ കേരളീയരുടെ ഓമനപുത്രനാണ്. നീ തിരിച്ചുവരാന്‍വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.

                                          **********
കോതമംഗലം മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍രക്ഷിക്കാന്‍ കേരളത്തിലെ പ്രശസ്തരായ ഡോക്ട്ടര്‍മാരുടെ കഴിവുകളെല്ലാം പ്രയോഗിക്കണം. നിങ്ങളുടെ സേവനം ദിവസത്തിന്റെ ഇരുപത്തിനാല് മണിക്കൂറും കുട്ടിക്ക് നല്‍കണം. നിങ്ങള്‍ക്ക് അതിനുകഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

കുട്ടിയുടെ കാര്യത്തില്‍ താതിപര്യം കാണിച്ച മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പ്രത്യംകം നന്ദി രേഖപ്പെടുത്തുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
വിചിത്ര ജീവി 2019-04-03 00:32:06
ഒരു കുഞ്ഞിനോട് ഇത്രയും കരുണ കാണിക്കാൻ കഴിയുന്ന നിങ്ങൾക്ക് 
സഹ ജീവികളോട് ഒരല്പം പോലും കരുണ കാണിയ്ക്കാൻ ൻ കഴിയാത്ത ട്രമ്പിനെ 
തലയിൽ വച്ചോണ്ട് നടക്കുന്നത് കാണുമ്പൊൾ നിങ്ങൾ ഒരു വിചിത്ര ജീവിയെന്നെ പറയാൻ പറ്റു. ഏതെങ്കിലും ഒന്നിൽ ഉറച്ചു നിലക്ക് . നിങ്ങൾ ആരാണെന്ന് ഞങ്ങൾ ഒന്ന് മനസ്സിലാക്കട്ടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക