Image

ശിശിരത്തിലെ ഒരു ദിവസം (റീനി മമ്പലത്തിന്റെ കഥാസമാഹാരം; അവതാരിക - ചെറിയാന്‍ കെ ചെറിയാന്‍)

Published on 01 April, 2019
ശിശിരത്തിലെ ഒരു ദിവസം (റീനി മമ്പലത്തിന്റെ കഥാസമാഹാരം; അവതാരിക - ചെറിയാന്‍ കെ ചെറിയാന്‍)
രചന - റീനി മമ്പലം
അവതാരിക - ചെറിയാന്‍ കെ ചെറിയാന്‍
പബ്ലീഷേര്‍സ് - ന്യൂബുക്ക്‌സ്., കണ്ണൂര്‍
email:newbookskannur@gmail.com


അവതാരിക -
കേരളമലയാളിക്ക് ഒരു ഫെയ്‌സ്ബൂക്ക്

അറുപതു വര്‍ഷം മുമ്പുള്ള കേരളത്തെപ്പറ്റി ചിന്തിച്ചുപോകയാണ്. പ്രകൃതി നല്‍കിയ അനവദ്യതകള്‍ മനസിലന്ന് മാസ്മരത സൃഷ്ടിച്ചിരുന്നു. കൈ വിശി നിന്ന തെങ്ങും കുഴഞ്ഞാടിയ കവുങ്ങും വരിക്കപ്‌ളാവും തേന്മാവും വെള്ളാരങ്കല്ലാര്‍ന്ന തോടും കൈതപ്പൂവും നെയ്തലാമ്പലും പാലപ്പൂവിന്റെ മണവും എന്റെ നേര്‍ക്കായ് നാവുനീട്ടും ചെമ്പരുത്തിപ്പൂവും കുങ്കുമക്കുറി തൊട്ട മഞ്ചാടിക്കുരുവും പാടവള്ളിയും തിരുതാളിയും തൊട്ടാല്‍വാടിയും തുമ്പയും എണ്ണയുറുമ്പും കടന്നലും ഇലക്കുടന്നയിലെ നീറും അഛന്‍ കൊമ്പത്തെന്ന് ആഞ്ഞിലിച്ചില്ലയില്‍ പാടും കിളിയും വാലിളക്കിയും കരിയിലപ്പക്ഷിയും തിത്തിരിപ്പുള്ളും പ്രാവും ഓലമേഞ്ഞ കുടിലും കച്ചിത്തുറുവും തുള്ളിത്തുള്ളി നടന്നോടും കോലാട്ടിന്‍ കിടാവും ചതുരം വെട്ടിയ സര്‍വേക്കല്ലും കലുങ്കും മൈല്‍ക്കുറ്റിയും വഴി തെറ്റിച്ചുതെറ്റിച്ച് വളഞ്ഞുപോണവഴിയും. ഇവയില്‍ പലതും ഞാന്‍ പിറന്ന വേളയില്‍ എന്നെ സ്വീകരിച്ച സൗഹൃദങ്ങളായിരുന്നു. ഓര്‍മ ചുണ്ണാമ്പു തൊട്ട ഗൃഹാതുരതയ്ക്ക് അന്തവും അറുതിയുമില്ല. ഇന്നുമില്ല.

കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പലതും ഭവിച്ചു. ജനപ്പെരുപ്പം അനാശാസ്യമായ വര്‍ധനമായി മാറി. നാടിന്റെ കാര്‍ഷികോല്‍പാദനശേഷി തകര്‍ന്നു. വ്യവസായ വാണിജ്യ മേഖലകളില്‍ സര്‍ക്കാരഴിമതി ചവിട്ടുനാടകം അഭിനയിച്ചു. ജോലി തേടി വലഞ്ഞവര്‍ കാടും കടലും താണ്ടി പുതിയ പുറപ്പാടുകള്‍ക്ക് ചരിത്രമെഴുതിയതോടെ നിനച്ചിരിക്കാത്ത ഒരത്ഭുതം കേരളത്തെ അനുഗ്രഹിക്കുകയായി, സിംഗപ്പൂരും മലയേഷ്യയും ഗള്‍ഫിലെ മിക്ക രാജ്യങ്ങളും അമേരിക്കയും മറ്റും കേരളത്തിന്റെ സാമ്പത്തിക പരിമിതിയിലേക്ക് പോഷണധാരകളൊഴുക്കിത്തുടങ്ങി. അങ്ങനെ ഒരു സുപ്രഭാതത്തില്‍ കണ്ണുമിഴിച്ചെണീക്കുന്ന കേരളമലയാളി താന്‍ ധനികനായിക്കഴിഞ്ഞു എന്നു മനസ്സിലാക്കുകയും നിനച്ചിരിയാതെ ലഭിച്ച മഹഭാഗ്യത്തെ അവിവേകത്തിന്റെ അന്ധകാരങ്ങളില്‍ മദ്യപിച്ചാഘോഷിക്കുകയും ചെയ്യുന്നു. അധ്വാനിക്കാതെ കൈവെള്ളയിലേക്ക് പതിച്ച അനല്‍പ സമ്പത്ത് മലയാളിക്ക് സമ്മാനിക്കിന്നു, അഭികാമ്യമല്ലാത്ത ഒരു സ്വഭാവവിശേഷം: അലസത! ജനസ്വാതന്ത്ര്യത്തിന്റെ സമഗ്രതയില്‍ നാടിന്റെ നന്മയ്ക്കുമേല്‍ കാവല്‍നില്‍ക്കുക എന്ന പൌരധര്‍മത്തിന്റെ മാറാലയിലെങ്ങോ അവന്‍ കളഞ്ഞു കുളിക്കുന്നു.

അത്രകണ്ട് നിരുത്തരവാദപരമായ കേരളീയ ജീവിത വീക്ഷണത്തിന്റെ മുന്നില്‍ പതിനാലു കഥകളുടെ ഒരു സമാഹാരം സമര്‍പ്പിക്കുകയാണ് അമേരിക്കന്‍ മലയാളിയും വീട്ടമ്മയുമായ റീനി മമ്പലം എന്ന എഴുത്തുകാരി. നന്മോന്മുഖതയുടെ നേര്‍ക്കുള്ള നാടിന്റ നിര്‍ലേപതയ്ക്കു മുന്നില്‍ അമേരിക്കന്‍ ജീവിതചര്യയുടെ ഗതിവിഗതികള്‍ വരച്ചുകാട്ടാന്‍ കാഥിക ശ്രമിക്കുന്നു. അഥവാ, ജീവിത വൈവിധ്യങ്ങളെ കേരള സംസ്‌കൃതിയുടെ ദുഷ്ടതകളിലൂടെ ഒരവലോകനത്തിനു വിധേയമാക്കണമെന്നാണ് പരോക്ഷമായി റീനി ആവശ്യപ്പെടുന്നത്.

ഗൃഹാതുരത്വത്തിന്റേതാണ് അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെ സാധാരണ കഥകള്‍. തങ്ങളെ സ്വീകരിക്കാന്‍ കാത്തുനില്ക്കുന്ന സേഹപൂര്‍ണവും സൗമ്യവും പുഷ്പപരിമളസമൃദ്ധവുമായ ഒരന്തരീക്ഷം ഇന്നും കേരളത്തിലുണ്ടെന്നാണ് ഈ ശുദ്ധമതികളുടെ വിശ്വാസം. നാഗരീകതയുടെ വിരോധാഭാസങ്ങളെ പിടിച്ചുപറ്റാന്‍ വെമ്പുന്ന, പാശ്ചാത്യ ജീവിത വൈകല്യങ്ങളില്‍ നീന്തി രസിക്കാന്‍ കൊതിക്കുന്ന, നിരര്‍ത്ഥകമായ അക്ഷര വള്ളികളാല്‍ സാക്ഷരത തേടുന്ന കേരളമെന്ന വമ്പിച്ച ഗ്രാമത്തില്‍ ഇന്ന് ആരെയും തിരിച്ചറിയാന്‍ ആവില്ല. നാഗരികതയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളെയെങ്കിലും മനസിലാക്കാന്‍ കേരളമലയാളി തുനിഞ്ഞെങ്കില്‍ എന്നാണ് കാഥാകാരി ആഗ്രഹിക്കുന്നത്'

കരവിരുതോടെ ഈ ആഗ്രഹം സഫലമാക്കാന്‍ ശ്രമിക്കുന്ന കഥയാണ് 'ഫെയ്‌സ്ബുക്ക്'. നാട്ടിലെ പയ്യന്‍ അമേരിക്കന്‍ മലയാളിയായ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുകയാണ്. അവളെഴുതിയ കവിതകളുടെ ആരാധകനാണു താനെന്ന കുമ്പസാരത്തിലൂടെ തുടക്കം. അടുപ്പത്തിനു പിരിമുറുകുന്നു. ആരംഭത്തിലെ ഉപചാരമാര്‍ന്ന സംബോധനകള്‍ സാവധാനം ഉപചാരഹീനമായി വ്യതിചലിച്ച് ഒടുവില്‍ 'നീ' ആയി മാറുന്നു. അവള്‍ക്കതെല്ലാം പക്ഷെ സ്വീകാര്യം! ഒരുതരം മംഗ്‌ളീഷിലാണ് അവളുടെ മറുപടികള്‍ പോലും. ''ഞാനിപ്പോള്‍ യു എസ്സില്‍ പേരന്റ്‌സിന്റെ വീട്ടില്‍ എന്റെ ഫ്രണ്ടിനോടൊപ്പം വീക്കെന്റില്‍ വന്നിരിക്കുകയാണ്. ഇവിടെ ഒരു സിറ്റിയില്‍ ജോലി ചെയ്യുന്നു.''

പിന്നെ കുറേ ദിവസത്തേക്ക് ബന്ധപ്പെടല്‍ മുറിഞ്ഞു പോകുന്നു. വീണ്ടും ഫെയ്‌സ്ബുക്കില്‍ കണ്ടുമുട്ടുമ്പോള്‍ എവിടെയായിരുന്നു എന്ന അവന്റെ ചോദ്യത്തിന്, 'ഞാന്‍ എന്റെ ഫ്രണ്ടുമായി വെക്കേഷനു പോയിരുന്നു' എന്നുത്തരം. ഫ്രണ്ടിന്റെ പേര്‍ ക്രിസ്റ്റീന. ഫ്രണ്ടിനോടല്ല, അവളോടു മാത്രമാണ് തനിക്കിഷ്ടമാണെന്നറിയിച്ചപ്പോള്‍ ഇഷ്ടം ജീവിതസഹജവും ശിക്ഷ അര്‍ഹിക്കാത്തതുമായ അപരാധമാണെന്ന് അവളുടെ അഭിപ്രായം!

ബന്ധപ്പെടല്‍ നഷ്ടപ്പെട്ട രണ്ടാഴ്ചകള്‍ വീണ്ടും കടന്നു പോകുന്നു. അടുത്ത ഇടപഴകലില്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് 'എന്റെ വിവാഹം കഴിഞ്ഞു' എന്നുത്തരം. 'ആരാണാ ഭാഗ്യവാന്‍? ഭാഗ്യവാനല്ല, ഭാഗ്യവതി. ക്രിസ്റ്റീന''

സ്വവര്‍ഗ വിവാഹം അമേരിക്കയിലിന്ന് സര്‍വ സാധാരണമാണ്.  പുരുഷ വിവാഹച്ചടങ്ങുകളില്‍ പോലും ഭക്തിപ്രധാനമായ ഒരാത്മീയാന്തരീക്ഷമാരുമിവിടെ പുലര്‍ത്താറില്ല. വിവാഹം അവര്‍ക്കിന്ന് ലൈഗീകച്ചൂരാര്‍ന്ന ഹാവഭാവങ്ങളോടുകൂടിയ ഒരുതരം തമാശ മാത്രമാണ്. കേരള സദാചാരത്തോട് ഈ അമേരിക്കന്‍ പുതുമയ്ക്ക് എത്രകണ്ടു നിരക്കാനാവും എന്ന ചോദ്യം നിശബ്ദമെങ്കിലും സധൈര്യം നാട്ടിനിര്‍ത്തുകയാണ് റീനി മമ്പലം.

അമേരിക്കന്‍ മനോഭാവത്തിന്റെ തോളില്‍ കൈചേര്‍ത്ത് പ്രണയത്തെപ്പറ്റി ഒരു പുതിയ കാഴ്ചപ്പാടുന്നയിക്കുവാന്‍ കാഥിക ഒരുങ്ങുന്നതായി കാണാം. ''പ്രണയം അവസര ബോധമില്ലാത്ത കള്ളനാണ്. എന്താണു മോഷ്ടിക്കേണ്ടതെന്നറിയാം എപ്പോഴാണന്നു മാത്രം അറിയില്ല. എല്ലാ നിയന്ത്രണവും തകര്‍ത്ത്, മനസാകെ അലങ്കോലമാക്കി അതിറങ്ങിപ്പോവും. ''മനോഹരമായ ഒരു പ്രണയകഥയാണ് 'വേനലില്‍ ഒരു മഴ'.

പ്രസവം അടുക്കാറായ മകള്‍ക്ക് സഹായമേകാന്‍ അമേരിക്കയിലെത്തുന്ന മധ്യവയസ്‌കയായ അമ്മ, മോള്‍ക്കിത് രണ്ടാമത്തെ കുട്ടിയാണ്. ആദ്യപൗത്രിയുമായി പാര്‍ക്കില്‍ പോകുന്ന ആ മധ്യവയസ്‌ക ഒരാളെ പരിചയപ്പെടുന്നു. മറ്റാരുമല്ല മകളുടെ സ്‌നേഹിതയുടെ അഛനാണ്. ഭാര്യയുടെ മരണത്താല്‍ ഒറ്റപ്പെട്ട്‌പോയ അയാള്‍ മകളുടെ കൂടെ താമസിക്കുന്നു. നൈസര്‍ഗികമായ ഏതോ കാന്താകര്‍ഷണം അവരെ ഒരുമിച്ചു ചേര്‍ക്കുകയാണ്. അമ്മക്ക് നാട്ടില്‍ മധ്യവയസ്‌കനായ ഭര്‍ത്താവുണ്ട്. അവര്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഭര്‍ത്താവ്. എന്നിട്ടും ഈ പുതിയ സ്‌നേഹിതനെ മറക്കാനാവുന്നില്ല! സുമുഖന്‍, സൗമ്യന്‍, സ്‌നേഹസമ്പന്നന്‍, സദാചാരി, ആ ബന്ധം സാവധാനം ദൃഢതരമാവുന്നു. പ്രണയത്തിന്റെ അടിയൊഴുക്കില്ലാത്ത വെറും കുശലോക്തികളില്‍ പോലും തുളുമ്പിയെത്തുന്ന സന്ദര്‍ശന വേളകള്‍. പരസ്പരം ആകൃഷ്ടരായി ചേര്‍ന്നും ചേരാതെയും കഴിയുന്ന വികാരതീവ്രമായ ദിവസങ്ങള്‍. ഭര്‍ത്താവിനെ ഫോണില്‍ വിളിക്കാന്‍ പോലും അവര്‍ക്ക് അനാസ്ഥ. അമ്മയുടെ അതിവികാരലോലുപത മനസിലാക്കിയ സൂഷ്മദൃഷ്ടിയായ മകള്‍ കാലാവധി തികയും മുന്നെ അവരെ നാട്ടിലേക്ക് മടക്കി അയക്കുന്നു. അപരാധ ബോധത്തോടെ മകള്‍ പറഞ്ഞ യാത്രമൊഴികളില്‍നിന്ന് അവളെല്ലാം മനസിലാക്കി എന്നറിഞ്ഞ അമ്മ അറിയാത്തമട്ടില്‍ സൂട്‌കേസില്‍ തുണികള്‍ അടുക്കി വെക്കുകയാണ്.

വ്യക്തികള്‍ തമ്മിലെ ഇടപഴകല്‍ സാധ്യത വിപുലവും വിദഗ്ദ്ധവുമായിത്തീരുന്നു എന്നതാണ് നഗരവത്കരണത്തിന്റെ ഒരു പ്രത്യേകത. നാട്ടിലെ സദാചാരപാലനം സ്ത്രീകളുടെ വൈകാരിക സ്വാതന്ത്ര്യത്തെ നിഷ്‌കരുണം നിരുത്സാഹപ്പെടുത്തുന്നുണ്ട്.. അതൊരു രഹസ്യമാണെന്നു മാത്രം. അതിവിദൂര ഭാവിയില്‍ നഗരജീവിതം തകര്‍ത്തുടയ്ക്കാന്‍ പോകുന്ന രഹസ്യം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കമിതാവിന്റെ കൂടെ താമസിക്കുന്നത് തെറ്റെന്ന് ചിന്തിക്കാത്ത ഒരു സാങ്കല്പികലോകം. റീനിയുടെ രചനകളില്‍ ഇടക്കിടെ ഒഴുകിനടക്കുന്നു. 'കോക്കനട്ട്', 'ചെമ്മീന്‍' എന്നിവ ഉദാഹരണം. എങ്കിലും പ്രണയനഷ്ടത്തിന്റെ സാധ്യതയെപ്പറ്റി ബോധവതിയാണുതാനും. 'കടലോളം വലിപ്പമുള്ള ചിപ്പി വേണം, കടലായ കടലെല്ലാം തേകി വറ്റിക്കണം. പ്രണയനൈരാശ്യത്താല്‍ കടലില്‍ ചാടിയാല്‍ മരിക്കരുതല്ലോ! (ചിപ്പി) നിരാശ അനുഭവിച്ചുവെങ്കിലും ഒടുവില്‍ ത്യാഗസന്നതയിലേക്ക് വളരുന്ന മാതൃത്വത്തിന്റെ കഥയാണ് ക്രോഡീകരിക്കാമായിരുന്നെങ്കിലും, ശക്തമായി രചിക്കപ്പെട്ട 'പുനര്‍ജജനി'. ഏതാണ്ട് താദാത്മ്യമുള്ള മറ്റൊരു കഥയാണ് 'ശിശിരത്തിലെ ഒരു ദിവസം'. ഇതില്‍ ത്യാഗസന്നദ്ധത കാട്ടുന്നത് അഛനാണെന്നു മാത്രം. അല്‍പം നീണ്ടുപോയെങ്കിലും രചനയില്‍ ഇരുത്തം വന്നവയാണ് സംശയമെന്യെ രണ്ടു കഥകളും.

സാധാരണ ലഭിക്കുന്ന മറുനാടന്‍ മലയാള കഥകളെ അപേക്ഷിച്ച് റീനിയുടെ രചനകള്‍ വിഭിന്നമാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന, സാമുഹികനിയമങ്ങളുടെ പ്രതിഷ്ഠാപിത മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന, ശൈലിയില്‍ മംഗ്‌ളീഷിന്റെ അധികമല്ലാത്ത സ്വാധീനം സ്വീകരിക്കുന്ന, അല്‍പാഭാഷിത്വമാര്‍ന്ന ഒരുതരം രചനാരീതിയുടെ ഉടമയയ റീനി മമ്പലം പലവിധേന പ്രശംസ അര്‍ഹിക്കുന്ന ഒരെഴുത്തുകാരിയാണ്. ചെറുകഥയ്ക്കുള്ള 2013 ലെ നോര്‍ക്ക അവാര്‍ഡിന് അര്‍ഹയായതും റീനി തന്നെ.

പോകേണ്ട വഴിത്താരകള്‍ പലതായെന്നു വന്നേക്കാം. കടക്കേണ്ട കടമ്പകള്‍ ബുദ്ധിമുട്ടിന്റെ മുറിവുകള്‍ പലത് ഏല്‍പ്പിച്ചേക്കാം. ശാദ്വലഭൂമിയില്‍ വിരിഞ്ഞ വിശാലവീഥിപോലും മരുക്കാട്ടില്‍ ചെന്നവസാനിച്ചേക്കാം.പക്ഷേ, മാനവീകതയുടെ ധൈര്യം പൂണ്ട് പുതുമയ്ക്ക് പൂജാമലരര്‍പ്പിക്കാന്‍ വേണ്ടുന്ന കഴിവ് റീനിയ്ക്കുണ്ട്. നിത്യവും അതു വര്‍ധമാനമായിത്തീരട്ടെ. സര്‍വ ഭാവുകങ്ങളും. 
ശിശിരത്തിലെ ഒരു ദിവസം (റീനി മമ്പലത്തിന്റെ കഥാസമാഹാരം; അവതാരിക - ചെറിയാന്‍ കെ ചെറിയാന്‍)
Join WhatsApp News
അഭിനന്ദനങ്ങൾ 2019-04-02 20:53:05
വളരെ നാളുകൾക്കു ശേഷമാണ് ശ്രീ ചെറിയാൻ കെ. ചെറിയാൻ എഴുതിയ ഒരു ലേഖനം വായിക്കുവാനുള്ള അവസരം കിട്ടുന്നത്. ഈമലയാളിയിൽ വായിച്ചിട്ടുള്ള റീനി മമ്പലത്തിന്റെ മനോഹരമായ ചില ചെറുകഥകളുടെ നല്ല ഒരു അവലോകനം. റീനിക്കും ചെറിയാനും അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക