Image

2019 ലോകസഭ ഇലക്ഷനിലൂടെ ഇടതുപക്ഷം ഉള്‍പ്പെട്ട മൂന്നാം മുന്നണി അധികാരത്തില്‍ വരും : നവയുഗം

Published on 02 April, 2019
2019 ലോകസഭ ഇലക്ഷനിലൂടെ ഇടതുപക്ഷം ഉള്‍പ്പെട്ട മൂന്നാം മുന്നണി അധികാരത്തില്‍ വരും : നവയുഗം
ദമ്മാം: 2019 ലോകസഭ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയോ കോണ്‍ഗ്രെസ്സോ അല്ലാത്ത, പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന്, നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം  ദല്ല മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന, ലോകസഭതെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.  

ജനദ്രോഹസാമ്പത്തികനയങ്ങളില്‍  ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. പെട്രോള്‍ ഡീസല്‍ വില നിശ്ചയിയ്ക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തതും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിയ്ക്കുന്ന സമ്പ്രദായം തുടങ്ങിയതും, കോര്‍പ്പൊറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്തുക്കളും, ബാങ്ക് വായ്പകളും വന്‍തോതില്‍ ലഭ്യമാക്കിയത്  ഉള്‍പ്പെടെയുള്ള ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കൊണ്‌ഗ്രെസ്സ് പാര്‍ട്ടി ആയിരുന്നു. അതേ സാമ്പത്തിക നയങ്ങള്‍ അതിലും ഉശിരോടെ നടപ്പാക്കുകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ചെയ്തത്.  മൃദു ഹിന്ദുത്വത്തിലും, വര്‍ഗ്ഗീയപ്രീണനത്തിലും കോണ്‍ഗ്രസ്സും മോശക്കാരല്ല എന്നതിന്റെ തെളിവാണ്, അധികാരത്തില്‍ വന്നാല്‍ രാമക്ഷത്രം പണിയുമെന്ന കൊണ്‌ഗ്രെസ്സ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പരസ്യപ്രസ്താവന. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികളാണ്  മോഡി ഭരണത്തിലേക്ക് വഴി വെച്ചതെന്ന സത്യവും മറക്കരുത്. ബിജെപിയുടെ ബദല്‍ കൊണ്‌ഗ്രെസ്സ് അല്ല. 

ഇന്ത്യക്കാവശ്യം,സാധാരണജനത്തിനനുകൂലമായ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇടതുപക്ഷത്തിന്റെ  പങ്കാളിത്തമുള്ള,  പ്രാദേശികസ്വത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണിയാണ്. അതിനായി കേരളത്തില്‍ ഇടതുപക്ഷം വിജയിയ്‌ക്കേണ്ടത് അത്യാവശ്യമാണ് എന്ന് പ്രമേയം ആഹ്വാനം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. പ്രവാസികള്‍ക്കായി ഏറ്റവുമധികം പദ്ധതികള്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എല്ലാ പ്രവാസികളോടും അദ്ദേഹം  അഭ്യര്‍ത്ഥിച്ചു. നവയുഗം നേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, അരുണ്‍ ചാത്തന്നൂര്‍, നിസ്സാം കൊല്ലം, അഫ്‌സല്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. 
ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാര്‍ പ്രമേയം അവതരിപ്പിച്ചു. ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം രാജേഷ് ചടയമംഗലം നന്ദിയും പറഞ്ഞു. 


2019 ലോകസഭ ഇലക്ഷനിലൂടെ ഇടതുപക്ഷം ഉള്‍പ്പെട്ട മൂന്നാം മുന്നണി അധികാരത്തില്‍ വരും : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക