Image

പ്രവാസി വോട്ടവകാശത്തിന്‌ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി എതിര്‍പ്പ്‌ പ്രകടിപ്പിച്ചു

Published on 21 April, 2012
പ്രവാസി വോട്ടവകാശത്തിന്‌ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി എതിര്‍പ്പ്‌ പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: വിദേശമലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പച്ചക്കൊടി കാട്ടിയ പ്രവാസി വോട്ടവകാശത്തിന്‌ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി എതിര്‍പ്പ്‌ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌. ബി.ജെ.പി നേതാവ്‌ അനന്തകുമാര്‍ എംപി അധ്യക്ഷനായ സഭാസമിതിയില്‍ പങ്കെടുത്ത 16 എം.പിമാരില്‍ കേരളത്തില്‍ നിന്നുള്ള ഒരാളൊഴികെ എല്ലാവരും പ്രവാസി വോട്ടവകാശത്തിന്‌ എതിരായ നിലപാടാണ്‌ സ്വീകരിച്ചു.

പ്രവാസി വോട്ടവകാശം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച്‌ വിദേശകാര്യ സെക്രട്ടറിയോട്‌ വിശദീകരണം തേടിയിരിക്കുകയാണ്‌ സഭാ സമിതി. രണ്ടും മൂന്നും പതിറ്റാണ്ട്‌ വിദേശത്ത്‌ താമസിക്കുന്നവര്‍ക്ക്‌ പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ച്‌ ധാരണയുണ്ടാവില്ലെന്നും അത്തരക്കാര്‍ മത്സരരംഗത്തുവരുന്നത്‌ ദോഷകരമാണെന്നും എം.പിമാര്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ വിദേശരാജ്യങ്ങളില്‍ സൗകര്യമൊരുക്കാന്‍ ഇലക്ഷന്‍ കമീഷന്‍ നിര്‍ബന്ധിതമാവുമെന്നും, ഇത്‌ സര്‍ക്കാറിന്‌ വലിയ സാമ്പത്തിക ബാധ്യതയുണ്ടക്കുമെന്നും എം.പിമാര്‍ ആശങ്കപ്പെടുന്നു. വോട്ടവകാശം നല്‍കിയാല്‍ പിന്നാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും പ്രവാസികള്‍ മുന്നോട്ടുവെക്കുമെന്നായിരുന്നു സഭാസമിതി യോഗത്തില്‍ എം.പിമാര്‍ പറഞ്ഞു.

ഹൈദരാബാദില്‍ 2005ല്‍ നടന്ന പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്‌ പ്രവാസി വോട്ടവകാശം വാഗ്‌ദാനം ചെയ്‌തത്‌. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും വോട്ടവകാശം ലഭിക്കുമെന്ന്‌ കഴിഞ്ഞ ജനുവരിയില്‍ ജയ്‌പൂരില്‍ നടന്ന പ്രവാസി ദിവസ്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക