Image

മീനമാസത്തിലെ സൂര്യന്‍ (പകല്‍ക്കിനാവ് 142: ജോര്‍ജ് തുമ്പയില്‍)

Published on 03 April, 2019
മീനമാസത്തിലെ സൂര്യന്‍ (പകല്‍ക്കിനാവ് 142: ജോര്‍ജ് തുമ്പയില്‍)
ചൂടു കൊണ്ട് പകല്‍സമയങ്ങളില്‍ ഇപ്പോള്‍ കേരളത്തില്‍ പുറത്തിറങ്ങാന്‍ പറ്റാതായിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള വിവരം. ഓരോ ദിവസവും കഴിയും തോറും ചൂടു കൂടി കൊണ്ടേയിരിക്കുന്നു. ശരാശരി 36 ഡിഗ്രിക്കു മുകളിലേക്ക് താപനില ഉയരുമ്പോള്‍ ആശങ്കയോടെ മാത്രമേ കാര്യങ്ങള്‍ കാണാനാവുന്നുള്ളു. ന്യൂയോര്‍ക്കില്‍ പത്തിനും താഴെ താപനില നില്‍ക്കുമ്പോള്‍ 36 എന്നതിനെക്കുറിച്ചൊക്കെ ഓര്‍ക്കാനേ വയ്യ. കാര്‍ഷികവിളകളൊക്കെയും കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു. കുടിക്കാന്‍ പോലും തെല്ലു വെള്ളമില്ല. പുറത്തിറങ്ങിയാല്‍ സൂര്യതപം ഏല്‍ക്കുന്ന അവസ്ഥ. കുംഭച്ചൂടിനെ കവച്ചു വച്ചു കൊണ്ടു കേരളത്തില്‍ മീനമാസത്തിലെ സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ ഒരു വേനല്‍ മഴയെങ്കിലും അവിടെ പെയ്തിരുന്നുവെങ്കിലെന്ന് ആശിക്കാനേ നിര്‍വ്വാഹമുള്ളു.

എന്തായിരിക്കാം ഈ വേനലിനു കാരണം. മാസങ്ങള്‍ക്കു മുന്‍പ് കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ ഇടത്താണ് കണികാണാന്‍ പോലും തെല്ലു വെള്ളമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. വരണ്ട കാറ്റും, ജീവിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അന്തരീക്ഷം ചുട്ടു  പൊള്ളാന്‍ തുടങ്ങിയതിനു പിന്നില്‍ ഏറെ കേട്ട ആ പേര് തന്നെ. എല്‍നിനോ. ചൂടു കൂടുന്നത് എല്‍നിനോ ആണെങ്കില്‍ ഇവിടെയുള്ള താപനില കുറഞ്ഞു വരുന്ന അവസ്ഥയ്ക്ക് മറ്റൊരു പേരുണ്ട് നാനിനോ. എന്തായാലും എല്‍നിനോ അതിന്റെ രൗദ്രഭാവം കാണിക്കുകയാണെന്നാണ് കേരളത്തിലേക്കു വിളിക്കുമ്പോള്‍ കേള്‍ക്കുന്നത്.

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്രാന്തരീക്ഷങ്ങള്‍ക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ എന്നു പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോക്കാവും. ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അര്‍ത്ഥമാണ് സ്പാനിഷ് ഭാഷയില്‍ എല്‍ നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്റെ തെക്കോ അമേരിക്കയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടാകുന്ന താപവര്‍ദ്ധന ക്രിസ്മസിനടുത്ത സമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്.

2010 മാര്‍ച്ചിന് ശേഷം പസഫിക്കില്‍ 2015ലാണ് എല്‍നിനോ പിന്നെ ശക്തിപ്പെട്ടത്. എന്നാല്‍ 2019-ല്‍ എല്‍നിനോ കൂടുതല്‍ ദോഷമായി ലോകത്തെ തുറിച്ചു നോക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ മഴയെ ദുര്‍ബലപ്പെടുത്താനും യൂറോപ്പില്‍ പോലെയുള്ള ശൈത്യകാല പ്രദേശങ്ങളില്‍ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതല്‍ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എല്‍നിനോ കാരണമായത്. അമേരിക്കയിലെ വടക്കുഭാഗത്തു താപനിലയെ താഴ്ത്തി നിര്‍ത്താന്‍ കാരണമായതും മറ്റൊന്നല്ല. ലോകത്തിന്റെ പലേടത്തും ചുഴലിക്കാറ്റും മരുഭൂമികളിലടക്കം കനത്ത മഴയ്ക്കും പല ഭാഗങ്ങളിലും വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എല്‍നിനോ വഴിവെയ്ക്കും. ഇത് കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് ലോക തലത്തിലും തിരിച്ചടിയുണ്ടാക്കും.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് സാധാരണ എല്‍നിനോയുടെ വരവ്. ഇന്ത്യക്കു പുറമേ ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചക്കിടയാക്കുന്നതാണ് മുന്‍കാല അനുഭവങ്ങള്‍. ഇത്തവണ ഓസ്‌ട്രേലിയയില്‍ വര്‍ഷാരംഭത്തില്‍ തുടങ്ങിയ വേനലും ഗള്‍ഫ് മേഖലയിലെ ഇപ്പോഴും തുടരുന്ന മഴയുമൊക്കെ ഇതിന്റെ മകുടോദാഹരണങ്ങള്‍ തന്നെ. പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോയ്ക്ക് വഴിവെയ്ക്കുന്നത്. ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു. ഭൂമിയുടെ ഭ്രമണ ഫലമായി പസഫിക് സമുദ്രത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് വാണിജ്യവാതങ്ങള്‍  അഥവാ ട്രേഡ് വിന്‍ഡ് വീശാന്‍ കാരണമാകുന്നു. ഇത് പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ സമുദ്രോപരിതലത്തിലെ ചൂടുള്ള ജലത്തിന്റെ തള്ളലിന് കാരണമാകുന്നുവെന്നു ശാസ്ത്രലോകം പറയുന്നു.

ആഴക്കടലിലെ തണുത്ത ജലം പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് എത്താന്‍ കാരണമാകുന്നു. എല്‍നിനോ കാലത്ത് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ നിലയ്ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, കാറ്റിന്റെ ആ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങുന്നു.

സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കുാനും മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുാനും ഇത് വഴിവെക്കുന്നു. ക്രിസ്മസ് കാലത്താണ് ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാലാണ് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' എന്ന പേര് നല്‍കിയത്. പെറുവിലെ മുക്കുവരാണ് ഈ പ്രതിഭാസത്തിന് ഈ പേര് നല്‍കിയത്.
ഇതിന് മുന്‍പ് കേരളത്തില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2015-2016 കാലം. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയാത്തതു മൂലം ഭൂമിയുടെ ശരാശരി താപനില സ്വാഭാവികമായി വര്‍ധിക്കുന്നത് തുടരുന്നതാണ് ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വര്‍ധനവാണ് എല്‍ നിനോ പ്രതിഭാസം വര്‍ധിപ്പിക്കുന്നത്.

എന്റയൊക്കെ ചെറുപ്പകാലത്ത് എന്‍നിനോയെന്നും നാനിനോയെന്നും കേട്ടുകേള്‍വി പോലുമില്ലായിരുന്നു. സ്കൂളിലെ കിണറ്റില്‍ നിന്നും കോരിയെടുക്കുന്ന വെള്ളം തൊട്ടി കിണറ്റുവക്കത്ത് ചെരിച്ച് വച്ചു കുടിച്ചപ്പോഴൊന്നും ഒരസുഖവും വന്നിട്ടില്ല. ആരും വിലക്കിയിട്ടുമില്ല. അന്നും ചൂടുണ്ടായിരുന്നുവെങ്കിലും അതൊന്നും തന്നെ ഇത്രമാത്രം പൊള്ളിക്കുന്നതായിരുന്നില്ല. അന്ന് ഇത്ര കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഇല്ലായിരുന്നുവല്ലോ, ഇത്ര വാഹനങ്ങള്‍ ഇല്ലായിരുന്നുവല്ലോ, എസിയും ഫ്രിഡ്ജും ടാര്‍ റോഡും ഇല്ലായിരുന്നുവല്ലോ. ചൂടിനെ പിടിച്ചു നിര്‍ത്തുന്ന കാടും മേടും ഉണ്ടായിരുന്നത് ഇന്ന് ഓര്‍മ്മകള്‍ മാത്രം. 44 നദികളൊഴുകുന്ന കേരളത്തില്‍ തുള്ളിവെള്ളം പോലും കുടിക്കാനില്ലെന്നു പറയുമ്പോള്‍, എന്റെ കര്‍ത്താവേ ഈ ദൈവത്തിന്റെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്നു ഊഹിക്കാനാവുന്നില്ലല്ലോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക