Image

തലസ്ഥാനത്ത് ഹാട്രിക്ക് അടിക്കാന്‍ തരൂര്‍, തിരിച്ചു പിടിക്കുമോ ഇടതുപക്ഷം? (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 04 April, 2019
തലസ്ഥാനത്ത് ഹാട്രിക്ക് അടിക്കാന്‍ തരൂര്‍, തിരിച്ചു പിടിക്കുമോ ഇടതുപക്ഷം? (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-1
(തെരഞ്ഞെടുപ്പ് അവലോകനം)

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഇടത്തോട്ടും വലത്തോട്ടും മാറിമറിയുന്ന മണ്ഡലമാണ്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസ്സിന്റെ ശശി തരൂര്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ കാര്യങ്ങള്‍ തരൂരിന് അത്ര ഈസി വാക്കോവര്‍ ആയിരിക്കുകയില്ലെന്നുറപ്പ്. ചരിത്രം പരിശോധിച്ചാല്‍ എം.എന്‍ ഗോവിന്ദന്‍നായരും (സിപിഐ), വി.കെ. കൃഷ്ണമേനോനും (കോണ്‍ഗ്രസ്) ജയിച്ചു കയറിയ ഇവിടെ കോണ്‍ഗ്രസിന്റെ എ. ചാള്‍സ് ആണ് ഹാട്രിക്ക് നേടിയിട്ടുള്ള ഏക സ്ഥാനാര്‍ത്ഥി. 1984, 89, 91-ല്‍ എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ചാള്‍സില്‍ നിന്നും തൊട്ടടുത്ത തവണ കെ.വി. സുരേന്ദ്രനാഥ് (സിപിഐ) മണ്ഡലം തിരിച്ചു പിടിച്ചു. എന്നാല്‍ 1998-ല്‍ കെ. കരുണാകരന്‍ തന്നെ പടയ്ക്കിറങ്ങിയതോടെ മണ്ഡലം പിന്നെയും കോണ്‍ഗ്രസിനൊപ്പം. ആ കാറ്റില്‍ തൊട്ടടുത്ത വര്‍ഷം 1999-ല്‍ വി.എസ് ശിവകുമാറും പാര്‍ലമെന്റിലെത്തി. പക്ഷേ 2004-ല്‍ സിപിഐ തേരോട്ടം നടത്തി, പി.കെ.വി-യിലൂടെ. തുടര്‍ന്ന് 2005-ല്‍ പന്ന്യന്‍ രവീന്ദ്രനും തലസ്ഥാനത്തെ ചുവപ്പിച്ചു, പരാജയപ്പെടുത്തിയത്  ശിവകുമാറിനെ തന്നെ.


2009-ല്‍ ശശി തരൂര്‍ ഉയര്‍ത്തിയ ഗ്ലാമര്‍ പോരാട്ടത്തിനു മുന്നില്‍ സിപിഐ സ്ഥാനാര്‍ത്ഥി പി. രാമചന്ദ്രന്‍ നായര്‍ തറപറ്റിയത് 99,998 വോട്ടിന്. ബിഎസ്പി ടിക്കറ്റില്‍ അന്ന് എ. നീലലോഹിതദാസന്‍ നാടാര്‍ പിടിച്ച 86,223 വോട്ടുകള്‍ നിര്‍ണ്ണായകമായി. എന്നാല്‍ ഒരു ലക്ഷത്തോളം നീണ്ട ഭൂരിപക്ഷം ആവര്‍ത്തിക്കാന്‍ തരൂരിന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ 15,470 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ചരിത്രത്തിലാദ്യമായി സിപിഐ മൂന്നാം സ്ഥാനത്തേക്കു പോയതും അന്നാണ്. ഇടതുപക്ഷത്തിന്റെ ബെന്നറ്റ് എബ്രഹാമിനേക്കാള്‍ 36,000 വോട്ടുകള്‍ അധികം നേടി രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ ഒ. രാജഗോപാലായിരുന്നു.

ഇത്തവണ ബിജെപിയുടെ കുമ്മനം രാജശേഖരനും സിപഐയുടെ സി. ദിവാകരനും ചേര്‍ന്ന് ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പദവി രാജിവച്ചാണ് കുമ്മനം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. ബി.ജെ.പി. കേരള സംസ്ഥാന ഘടകത്തിന്റെ മുന്‍ അദ്ധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുന്‍ ചെയര്‍മാനുമാണ് കുമ്മനം. അതു പോലെ സി. ദിവാകരനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിലെ സീറ്റ് തന്നെ ഒരു മധുര പ്രതികാരമാണ്. 

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വിവാദമായ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 2014 ഓഗസ്റ്റില്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി സംസ്ഥാന കൗണ്‍സിലിലേക്ക് തരംതാഴ്ത്തത്തിയ ആളാണ് ദിവാകരന്‍. നെടുമങ്ങാട് നിന്നുള്ള എംഎല്‍എ കൂടിയായ അദ്ദേഹത്തിന്റെ വരവ് നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ തരൂര്‍ അത്ര നിസ്സാരക്കാരനല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത്തവണ കാബിനറ്റ് പദവി ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. കൊച്ചി ഐ. പി. എല്‍ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് 2010 ഏപ്രില്‍ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും 2012ഒക്ടോബര്‍ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചിരുന്നു. അതു തന്നെയാണ് അദ്ദേഹം ഉയര്‍ത്തിപിടിക്കുന്നതും. മികച്ച പ്രാസംഗികനും എഴുത്തുകാരനും കൂടിയായ തരൂര്‍ ഇത്തവണ മത്സ്യത്തൊഴിലാളികളെ പിണക്കിയത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, രാജീവ് ഗാന്ധിയുടെ വയനാടന്‍ രംഗപ്രവേശത്തോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉഷാറിലാണ് താനും.

പാറശാല, നെയ്യാറ്റിന്‍കര, കോവളം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തരൂരീനു സീറ്റ് നിലനിര്‍ത്തിയേ തീരൂ എന്നതാണ് അവസ്ഥ. എന്നാല്‍ പോയവര്‍ഷങ്ങളിലേതു പോലെ അതത്ര എളുപ്പവുമാകില്ല. ജാതി തിരിച്ചുള്ള വോട്ടുകള്‍ക്ക് ഏറെപ്രാമുഖ്യമുള്ള മണ്ഡലമാണ് ഇവിടെ. കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സിപിഐയേയും പിന്തുണക്കുന്ന ഇവിടെ കഴിഞ്ഞ തവണ ബിജെപി നേടിയ വലിയ മുന്നേറ്റം ഇരു കക്ഷികളേയും അമ്പരപ്പിക്കുന്നതായിരുന്നു. 3,301,427 ജനസംഖ്യയുള്ള ജില്ലയില്‍ 66.46 ശതമാനം ഹിന്ദുക്കളാണുള്ളത്. 19.1 ശതമാനം ക്രിസ്ത്യാനികളും 13.72 മുസ്ലീങ്ങളുമുള്ള ഇവിടെ 13,59,084 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2014-ല്‍ 68.63 ശതമാനം പോളിങ്ങ് നടന്നയിടമാണ് തിരുവനന്തപുരം.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക